പ്രാർഥനയും വിശ്രമവുമായി സലേഷ്യൻ സഭ ആസ്ഥാനത്ത്
text_fields
വത്തിക്കാൻ സിറ്റി: ചാപ്പലിൽ പ്രാർഥിച്ചും സന്ദർശകരോട് നന്ദിയറിയിച്ചും ഫാ.ടോം ഉഴുന്നാലിൽ വത്തിക്കാനിലെ സലേഷ്യൻ സഭ ആസ്ഥാനത്ത് രണ്ടാം ദിനവും വിശ്രമത്തിൽ. പൂർണ ആേരാഗ്യം വീണ്ടെടുക്കും വരെ അദ്ദേഹം റോമിൽ തുടരും. രണ്ടാഴ്ചത്തെ വിശ്രമം ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ടെന്ന് സഭനേതൃത്വം അറിയിച്ചു. മടക്കം ഇതിനുശേഷമായിരിക്കും. പാസ്പോർട്ടടക്കം യാത്രരേഖകൾ നഷ്ടെപ്പട്ടതിനാൽ ഇക്കാര്യത്തിലും തീരുമാനമുണ്ടാകണം. കേന്ദ്ര വിദേശകാര്യ മന്ത്രാലയവും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. എംബസി തലത്തിൽ ഇതിന് നടപടി നടന്നുവരുന്നതായാണ് വിവരം.
മടക്കയാത്രയിൽ ആദ്യം സലേഷ്യൻ സഭയുടെ ബംഗളൂരു േപ്രാവിൻസിലേക്കാകും എത്തുക. ഇതിനുശേഷെമ കേരളത്തിലേക്ക് വരികയുള്ളൂവെന്നാണ് സഭ അധികൃതർ നൽകുന്ന സൂചന. കഴിഞ്ഞദിവസം അദ്ദേഹം ഫ്രാൻസിസ് പാപ്പയെയും സന്ദർശിച്ചിരുന്നു. യമനിൽനിന്ന് മോചിതനായ ഫാ.ടോം ചൊവാഴ്ചയാണ് റോമിലെത്തിയത്. വത്തിക്കാനിലെ സലേഷ്യൻ സഭ ആസ്ഥാനത്ത് എത്തിയ അദ്ദേഹത്തെ പൊന്നാട അണിയിച്ച് വികാരനിർഭരമായാണ് സലേഷ്യൻ സമൂഹം സ്വീകരിച്ചത്. ദൈവത്തിന് സ്തുതിയർപ്പിച്ച് ഫാ.ടോം നിശ്ശബ്ദനായി സ്വീകരണം ഏറ്റുവാങ്ങി. വത്തിക്കാനിലെ സലേഷ്യൻ സഭയുടെ ചാപ്പലിൽ പ്രാർഥിക്കണമെന്നായിരുന്നു അദ്ദേഹത്തിെൻറ ആദ്യ ആവശ്യം. ശേഷം സന്ദർശകരുമായി സംസാരിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.
തടവിൽ കഴിയവേ കൊല്ലപ്പെടുമെന്ന ചിന്ത അലട്ടിയിരുന്നില്ലെന്നും അവർ മോശമായി പെരുമാറിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ക്രിസ്തുവിനായി ജീവിക്കണമെന്ന ആഗ്രഹമായിരുന്നു മനസ്സിൽ. തട്ടിക്കൊണ്ടുപോയശേഷം കണ്ണ് മൂടിക്കെട്ടി മൂന്നുതവണ മറ്റിടങ്ങളിലേക്ക് മാറ്റി. ശാരീരികാവസ്ഥ മോശമായപ്പോൾ പ്രമേഹത്തിന് മരുന്നുനൽകി. തട്ടിക്കൊണ്ടുപോയവർ അറബിയും ഇംഗ്ലീഷുമാണ് സംസാരിച്ചത്. താൻ ഇംഗ്ലീഷിലാണ് ആശയവിനിമയം നടത്തിയത്. തീവ്രവാദികളുടേതുപോലുള്ള വസ്ത്രങ്ങൾ തന്നെയാണ് താനും ധരിച്ചത്. പ്രാർഥന പുസ്തകം ഇല്ലായിരുന്നെങ്കിലും മനഃപാഠമാക്കിയ പ്രാർഥനകൾ ചൊല്ലുമായിരുെന്നന്നും ഫാ.ടോം പറഞ്ഞു.
സലേഷ്യൻ സഭയിലെ ജനറൽ കൗണ്സിൽ അംഗങ്ങളായ ഫാ.സൈമി ഏഴാനിക്കാട്ട് എസ്.ഡി.ബി, ഫാ.ഫ്രാൻസിസ് കോ സെറേഡ, ഫാ.തോമസ് അഞ്ചുകണ്ടം എസ്.ഡി.ബി, ഫാ.എബ്രഹാം കവലക്കാട്ട് എസ്.ഡി.ബി എന്നിവരും ഫാ.ടോമിനൊപ്പമുണ്ട്.
ഞായറാഴ്ച കേരളത്തിലെ എല്ലാ കത്തോലിക്ക ദേവാലയങ്ങളിലും കൃതജ്ഞതദിനമായി ആചരിക്കുമെന്ന് കെ.സി.ബി.സി വക്താവ് ഫാ. വർഗീസ് വള്ളിക്കാട്ട് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.