മരടിലെ ഫ്ലാറ്റായ ഓർമകൾക്ക് നാളെ ഒരു വയസ്സ്
text_fieldsകൊച്ചി: 2020 ജനുവരി 11ന് രാവിലെ വരെ മരടിലെ നിരവധി ഫ്ലാറ്റുകൾക്കിടയിൽ ഹോളി ഫെയ്ത്ത് എച്ച്ടുഒ, ആല്‍ഫ സെറീന്, ജെയിന് കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ നാല് കൂറ്റൻ ഫ്ലാറ്റ് സമുച്ചയങ്ങൾ തലയുയർത്തി നിൽപുണ്ടായിരുന്നു. ജനുവരി 11ന് ഹോളി ഫെയ്ത്ത്, ആൽഫ സെറീൻ എന്നീ രണ്ടെണ്ണവും 12ന് ജെയിന്, കായലോരം എന്നിവയും കല്ലും മണ്ണും കോൺക്രീറ്റും നിറഞ്ഞ കുന്നുകളായി മാറി.
തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ചതിനെ തുടർന്ന് സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം നിയന്ത്രിത സ്ഫോടനത്തിലൂടെ ആ വിവാദ ഫ്ലാറ്റുകൾ പൊളിച്ചിട്ട് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഒരു വർഷം പൂർത്തിയാകും. അന്തർദേശീയ ശ്രദ്ധ ആകർഷിച്ച ഫ്ലാറ്റ് തകർക്കലായിരുന്നു അന്നവിടെ അരങ്ങേറിയത്. സ്ഫോടനത്തിനു പിന്നാലെ മാസങ്ങൾ നീണ്ട അവശിഷ്ടം നീക്കലിനൊടുവിൽ ഇന്ന് ബാക്കിയാകുന്നത് കുറച്ച് കമ്പിക്കഷ്ണങ്ങൾ മാത്രം, ഒപ്പം ദുരിതം നിറഞ്ഞ കുറേ ജീവിതങ്ങളും.
കുടിയൊഴിക്കപ്പെട്ടവരുടെ കാര്യമെന്ത്?
ബിസിനസുകാരും സെലിബ്രിറ്റികളും പ്രമുഖരും മാത്രമല്ല, സാധാരണക്കാരും സ്വന്തമായൊരു വീടെന്ന സ്വപ്നത്തിന് ചിറകുമുളപ്പിച്ച ഇടങ്ങളായിരുന്നു ഈ ഫ്ലാറ്റുകളിലെ അപ്പാർട്മെൻറുകൾ. എന്നാൽ, കോടതി വിധി എല്ലാവരെയും കുടിയൊഴിപ്പിച്ചു. വിയർത്ത് അധ്വാനിച്ച് സമ്പാദിച്ച വീട്, നിർമാതാക്കൾ ചെയ്ത തെറ്റിെൻറ പേരിൽ ഉപേക്ഷിച്ചിറങ്ങിയവരിൽ പലരും ഇന്ന് വാടക വീടുകളിലും മറ്റുമായാണ് ജീവിക്കുന്നത്.
സർക്കാറിൽനിന്ന് ഇടക്കാല ആശ്വാസമായ 25 ലക്ഷം രൂപയും നിർമാതാക്കൾ നിശ്ചയിച്ച നഷ്ടപരിഹാരവും കൈമാറണമെന്നായിരുന്നു നഷ്ടപരിഹാര നിർണയത്തിനായി സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ബാലകൃഷ്ണൻ നായർ കമ്മിറ്റി നിർദേശം. എന്നാൽ, സര്‍ക്കാറില്‍നിന്ന് ലഭിച്ച രൂപ മാത്രമേ കിട്ടിയിട്ടുള്ളൂ, നിർമാതാക്കൾ നൽകേണ്ട നഷ്ടപരിഹാരം പലർക്കും കിട്ടിയിട്ടില്ല. ഗോള്‍ഡന്‍ കായലോരം, ജെയിന് കോറല്‍ കോവ് എന്നീ ഫ്ലാറ്റ് നിര്‍മാതാക്കള്‍ നാല് കോടിയോളം രൂപ കൈമാറിയതൊഴിച്ചാല്‍ മറ്റാരും പണം നല്‍കിയിട്ടില്ല.
ഇതുസംബന്ധിച്ച കേസ് സുപ്രീംകോടതി ജനുവരി 19ന് പരിഗണിക്കും. അന്ന് നഷ്ടപരിഹാരത്തില്‍ വ്യക്തത വരുമെന്നാണ് ഫ്ലാറ്റ് ഉടമകളുടെ പ്രതീക്ഷ. ഉയർന്ന പലിശക്ക് വായ്പയെടുത്തും വസ്തുവകകൾ പണയംവെച്ചുമാണ് മിക്ക കുടുംബങ്ങളും ഫ്ലാറ്റ് സ്വന്തമാക്കിയത്. ലോക്ഡൗൺ വന്നത് കാര്യങ്ങൾ ഏറെ ദുരിതത്തിലാക്കി.
അവശിഷ്ടങ്ങൾ പൂർണമായും നീക്കിയോ?
ഫ്ലാറ്റ് തകർന്നപ്പോൾ ബാക്കിയായ മാലിന്യക്കൂമ്പാരം പൂർണമായും നീക്കിെയങ്കിലും തൊട്ടടുത്തുള്ള കായലുകളിേലക്ക് പതിച്ച അവശിഷ്ടങ്ങളുടെ കാര്യത്തിൽ അവ്യക്തത തുടരുകയാണ്. മരട് നഗരസഭയിൽ ഇവ നീക്കം ചെയ്തതിെൻറ ലോഗ്ബുക്ക് ഇല്ലാത്തതാണ് കാരണം. അതുകൊണ്ടുതന്നെ എത്രമാത്രം അവശിഷ്ടങ്ങള്‍ നീക്കിയെന്നു മലിനീകരണ നിയന്ത്രണ ബോര്‍ഡിനോ, കമ്മിറ്റിക്കോ കണ്ടെത്താനായിട്ടില്ലെന്ന് ജില്ലതല സംയുക്ത സമിതി ദേശീയ ഹരിത ട്രൈബ്യൂണലില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
പൂർണമായും നീക്കിയോ എന്നറിയാനുള്ള ശാസ്ത്രീയ പരിശോധനകളും നടന്നിട്ടില്ല. വളരെക്കുറച്ച് അവശിഷ്ടങ്ങള്‍ മാത്രമേ കായലില്‍ പതിച്ചിട്ടുള്ളൂവെന്നും പ്രത്യേക ലോഗ്ബുക്ക് സൂക്ഷിക്കേണ്ടതില്ലെന്നുമായിരുന്നു നഗരസഭയുടെ നിലപാട്. തുടക്കത്തിൽ പൂർണമായും കായലിൽ വീണ അവശിഷ്ടങ്ങൾ നീക്കിയെന്നു സംയുക്ത സമിതി റിപ്പോർട്ട് നൽകിയെങ്കിലും ഇതു അടിസ്ഥാനരഹിതമാണെന്ന് മേൽനോട്ട സമിതി കണ്ടെത്തിയതിനെ തുടർന്ന് വീണ്ടും അവശിഷ്ട നീക്കത്തിന് നഗരസഭ നിർബന്ധിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.