നാളത്തെ യു.ഡി.എഫ് യോഗം മാറ്റി; ചർച്ച ലീഗുമായി മാത്രം
text_fieldsമലപ്പുറം: മൂന്നാം സീറ്റിനായി മുസ്ലിംലീഗ് നിലപാട് കടുപ്പിച്ചതിനിടെ ഫെബ്രുവരി 25ന് കൊച്ചിയിൽ നടത്താനിരുന്ന യു.ഡി.എഫ് യോഗം മാറ്റി. അതേസമയം, അന്ന് ലീഗുമായി ചർച്ച നടത്തും. ഉഭയകക്ഷി ചർച്ചകളുണ്ടാവുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ലീഗ് ഇടയുന്ന സാഹചര്യത്തിലാണ് മറ്റ് കക്ഷികളുമായുള്ള ചർച്ച മാറ്റി ലീഗുമായി മാത്രം കൂടിക്കാഴ്ച നടത്താൻ തീരുമാനമുണ്ടായതെന്നാണ് സൂചന. അതിനിടെ അധികസീറ്റിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ലീഗ് ഇന്നലെയും ആവർത്തിച്ചു. മൂന്നാം സീറ്റ് വിഷയത്തിൽ തീരുമാനം വൈകുന്നത് ശരിയല്ലെന്നും കോൺഗ്രസിൽ നിന്ന് അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായും സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. തീരുമാനം വൈകുന്നതിൽ പ്രവർത്തകർക്ക് ആശങ്കയുണ്ട്. തീരുമാനം ഈ മാസം 25നപ്പുറം വൈകരുതെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറത്തടക്കം ഇടതുമുന്നണി സ്ഥാനാർഥികളെ അനൗദ്യോഗികമായി പ്രഖ്യാപിച്ചിട്ടും യു.ഡി.എഫിൽ അനിശ്ചിതത്വം തുടരുകയാണ്. മൂന്നാം സീറ്റിന്റെ കാര്യത്തിൽ മുമ്പെങ്ങുമില്ലാത്ത വാശിയിലാണ് ലീഗ്. ഇത്ര സമ്മർദം ചെലുത്തിയിട്ടും കിട്ടിയില്ലെങ്കിൽ ലീഗിന് തിരിച്ചടിയാവും. ലീഗും കോൺഗ്രസും സമ്മർദത്തിലാണെന്നതാണ് സാഹചര്യം. കണ്ണൂർ സീറ്റിലാണ് ഇപ്പോഴും ലീഗിന്റെ കണ്ണ്. കണ്ണൂർ കിട്ടിയാൽ കെ.എം. ഷാജിയെ അവിടെ മത്സരിപ്പിക്കാമെന്നാണ് കണക്കുകൂട്ടൽ. ഇത് കോൺഗ്രസിനും സ്വീകാര്യമാവുമെന്നാണ് ലീഗിന്റെ വിലയിരുത്തൽ.
മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിൽ യഥാക്രമം അബ്ദുസമദ് സമദാനിയും ഇ.ടി. മുഹമ്മദ് ബഷീറും തന്നെ മത്സരിക്കുമെന്നാണ് പാർട്ടി നൽകുന്ന സൂചന. പൊന്നാനിയിൽ ഇടതുമുന്നണി കെ.എസ്. ഹംസയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെ ഇ.ടി അവിടെ തന്നെ മത്സരിക്കാൻ സന്നദ്ധത അറിയിച്ചതായാണ് വിവരം. ഇ.ടി മലപ്പുറം മണ്ഡലത്തിലേക്ക് മാറുമെന്നാണ് കേട്ടിരുന്നത്. യൂത്ത് ലീഗ് ദേശീയ നേതാവ് അഡ്വ. ഫൈസൽബാബുവിനെ മത്സരിപ്പിക്കണമെന്ന ആവശ്യത്തിൽ നിന്ന് യൂത്ത് ലീഗ് പിൻമാറിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.