'ഇന്ത്യയിൽ 28 സംസ്ഥാനങ്ങൾ, ആർക്കെങ്കിലും ഉപകാരപ്പെടും'; മന്ത്രി ശിവൻകുട്ടിയെ ട്രോളി പി.കെ. അബ്ദുറബ്ബ്
text_fieldsകോഴിക്കോട്: 'ഇന്ത്യയിലെ 35 സംസ്ഥാനങ്ങൾ' എന്ന പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ നാക്കുപിഴയെ പരിഹസിച്ച് മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്. മന്ത്രിയുടെ നാക്കുപിഴയെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അബ്ദുറബ്ബ് പരിഹസിച്ചത്.
"ഇന്ത്യയിലെ 28 സംസ്ഥാനങ്ങളുടെയും 8 കേന്ദ്രഭരണ പ്രദേശങ്ങളുടെയും പേരുകൾ താഴെ കൊടുക്കുന്നു. ആർക്കെങ്കിലും ഉപകാരപ്പെടും" -പി.കെ. അബ്ദുറബ്ബ് ഫേസ്ബുക്കിൽ കുറിച്ചു. കൂടാതെ രാജ്യത്തെ 28 സംസ്ഥാനങ്ങളുടെയും എട്ട് കേന്ദ്ര ഭരണപ്രദേശങ്ങളുടെയും പേരുകളും ഇന്ത്യയുടെ ഭൂപടവും പോസ്റ്റിൽ ചേർത്തിട്ടുണ്ട്.
ഇന്നലെ ആരോഗ്യ മന്ത്രി വീണ ജോർജിനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് വിദ്യാഭ്യാസ മന്ത്രിക്ക് നാക്കുപിഴ സംഭവിച്ചത്. 'ഇന്ത്യയിലെ 35 സംസ്ഥാനങ്ങളിലും സ്കൂൾ തുറന്നു... അല്ല... 23 സംസ്ഥാനങ്ങളിലും സ്കൂൾ തുറന്നു...' എന്നായിരുന്നു മന്ത്രിയുടെ പരാമർശം.
അതേസമയം, 'ഇന്ത്യയിലെ 35 സംസ്ഥാനങ്ങൾ' എന്ന തന്‍റെ പരാമർശം നാക്കുപിഴയാണെന്ന് മന്ത്രി വി. ശിവൻ കുട്ടി പ്രതികരിച്ചു. നാക്കുപിഴവ് ലോകത്തെ എല്ലാ മനുഷ്യനും സംഭവിക്കും. അതിനെ ബി.ജെ.പി, കോൺഗ്രസ് അടക്കമുള്ള പാർട്ടിക്കാർ ആക്ഷേപിക്കുകയും പല തരത്തിൽ ചിത്രീകരിക്കുകയും ചെയ്യുന്നുണ്ട്. അതിലൂടെ അത്തരക്കാർക്ക് ആത്മസംതൃപ്തിയും ആശ്വാസവും കിട്ടുമെങ്കിൽ അത് കിട്ടിക്കോട്ടെ. അതിൽ തനിക്ക് യാതൊരു പരാതിയുമില്ലെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.
മന്ത്രിയുടെ നാക്കുപിഴ പ്രതിപക്ഷ പാർട്ടി പ്രവർത്തകർ ഏറ്റെടുത്തതിന് പിന്നാലെ ന്യായീകരണവുമായി ഇടത് സൈബർ അണികൾ രംഗത്തെത്തി. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടെയാണ് മന്ത്രി പറഞ്ഞതെന്നാണ് അണികളുടെ ന്യായീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.