മണ്ണ് മാഫിയയിൽ നിന്ന് പണം കൈപ്പറ്റി; തിരുവനന്തപുരത്ത് പൊലീസുകാർക്ക് സസ്പെൻഷൻ
text_fieldsപോത്തൻകോട് (തിരുവനന്തപുരം): മണ്ണ് മാഫിയ സംഘത്തിൽ നിന്നും പണം കൈപ്പറ്റി എന്ന ആരോപണത്തിൽ പോത്തൻകോട് എസ്.എച്ച്.ഒ ഇതിഹാസ് താഹ, എ.എസ്.ഐ വിനോദ് എന്നിവരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനായ നെയ്യാറ്റിൻകര ഡിവൈ.എസ്.പി അമ്മിണിക്കുട്ടൻ നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. മണ്ണ്, മണൽ മാഫിയയിൽ നിന്നും പണം കൈപ്പറ്റി എന്ന ആരോപണത്തിൽ കഴിഞ്ഞദിവസം രണ്ടുപേർക്കുമെതിരെ അന്വേഷണം നടത്തിയിരുന്നു.
പൊലീസ് ഉദ്യോഗസ്ഥർക്ക് പണം കൊടുക്കുന്നതിനെ പറ്റിയുള്ള മണ്ണ് മാഫിയ സംഘത്തിന്‍റെ ഫോൺ സംഭാഷണം പുറത്തായതോടെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. ഫോൺ സംഭാഷണം മണ്ണ് മാഫിയ സംഘത്തിൽ നിന്ന് തന്നെ ചോർന്നു എന്നാണ് പൊലീസ് കരുതുന്നത്. പ്രദേശത്തെ മണ്ണ് മാഫിയകളിൽ നിന്നും പലതവണ പണം കൈപ്പറ്റി എന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചു.
അഡി. എസ്.ഐ വിനോദിനെ മുൻപ് ആരോപണത്തിന്‍റെ പേരിൽ സ്ഥലം മാറ്റിയിരുന്നു. വാട്സ്ആപ്പ് വഴിയാണ് ഉദ്യോഗസ്ഥർ മണ്ണ് മാഫിയ സംഘവുമായി ബന്ധപ്പെടുന്നത്. ഡിവൈ.എസ്.പിയും സംഘവും പോത്തൻകോട് എത്തി അന്വേഷണം ആരംഭിച്ചു.
മണ്ണെടുക്കുന്നതിന് എസ്.എച്ച്.ഒയും അഡി. എസ്.ഐയും പണം കൈപ്പറ്റി എന്ന ആരോപണം ഉണ്ടായ സ്ഥലം അന്വേഷണ ഉദ്യോഗസ്ഥർ സന്ദർശിച്ച് പോത്തൻകോട് പൊലീസ് സ്റ്റേഷനിൽ എത്തി ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. നേരത്തെ ഉണ്ടായിരുന്ന എസ്.എച്ച്.ഒ സ്ഥലംമാറി പോയതിനു ശേഷം സ്ഥലത്ത് മണ്ണ് മാഫിയ സംഘം സജീവമായി. ഒരിടവേളക്കുശേഷമാണ് പോത്തൻകോട് പൊലീസിനെതിരെ ഇത്തരത്തിൽ ആരോപണം ഉണ്ടാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.