ദാനം തന്ന അരിക്കും പണം പിടുങ്ങി
text_fieldsതിരുവനന്തപുരം: ദുരന്തങ്ങളിലെ സഹായദൗത്യത്തിന് കൂലി ഈടാക്കുന്നത് മാത്രമല്ല, പ്രളയകാലത്ത് ക്യാമ്പുകളിൽ വിതരണം ചെയ്ത അരിക്ക് പണം പിടിച്ചുവാങ്ങിയതടക്കം കേന്ദ്രത്തിന്റെ പ്രതികാരത്തിന് ഉദാഹരണങ്ങൾ നിരവധി. വയനാട് രക്ഷാദൗത്യത്തിനുള്ള ഹെലികോപ്റ്റർ വാടകയാണ് ഇപ്പോൾ ചോദിച്ചതെങ്കിൽ 2018-19ലെ പ്രളയകാലത്ത് അനുവദിച്ച 89,540 ടൺ അരിക്ക് 205.81 കോടി വിലയിട്ട് ഭീഷണിപ്പെടുത്തി പണമടപ്പിക്കുകയായിരുന്നു.
പ്രളയകാലത്തെ ഭീഷണി പിരിവ്
പ്രളയകാലത്ത് എഫ്.സി.ഐയിൽ നിന്നാണ് കേരളത്തിന് അരി അനുവദിച്ചത്. ദുരന്തകാലത്തെ കേന്ദ്ര സഹായമെന്ന നിലയിലാണ് കേരളം അരി കൈപ്പറ്റിയതും. എന്നാൽ പ്രളയവും ഓഖിയും കോവിഡും മൂലം സംസ്ഥാനം സാമ്പത്തിക ഞെരുക്കത്തിൽ കഴിയുന്ന ഘട്ടത്തിലാണ് അരിക്ക് പണം ചോദിച്ച് കത്തെഴുതിയത്. തുക ഈടാക്കാനുള്ള നീക്കം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പലവട്ടം മുഖ്യമന്ത്രി കത്തെഴുതിയെങ്കിലും അനുകൂല നിലപാടുണ്ടായില്ല.
മാത്രമല്ല, 205.81 കോടി അടച്ചില്ലെങ്കിൽ ഭക്ഷ്യ സബ്സിഡി ഒഴിവാക്കുമെന്നും അല്ലെങ്കിൽ എസ്.ഡി.ആർ.എഫിലേക്കുള്ള കേന്ദ്ര വിഹിതത്തിൽനിന്ന് തുക കുറയ്ക്കുമെന്നുമായി ഭീഷണി. പ്രതിവർഷം 7.5 ലക്ഷം ടൺ അരിയാണ് റേഷൻ വിതരണത്തിനായി കേന്ദ്രത്തിൽനിന്ന് വാങ്ങുന്നത്. ഭക്ഷ്യ സബ്സിഡി കിട്ടാതെ വന്നാൽ ഒരു കിലോ അരിക്ക് 25 രൂപ കേരളം നൽകേണ്ടിവരുമെന്നതായിരുന്നു സ്ഥിതി.
സംസ്ഥാന ദുരന്തനിവാരണ ഫണ്ടിന്റെ 75 ശതമാനവും കേന്ദ്രത്തിൽനിന്നാണ്. 25 ശതമാനം സംസ്ഥാന സർക്കാറും. കേന്ദ്ര വിഹിതം വെട്ടിയാൽ കേരളം കടുത്ത പ്രതിസന്ധിയിലുമാകും. ഈ സാഹചര്യത്തിൽ പണം കടമെടുത്ത് അരിയുടെ പണമടച്ച് ബാധ്യതയിൽനിന്ന് തലയൂരുകയായിരുന്നു.
ജീവൻ രക്ഷിച്ചതിന് കൂലി മുമ്പും
പ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിനെത്തിയ ഹെലികോപ്റ്ററിന്റെ വാടകയായി 33.79 കോടി രൂപയും വ്യോമസേനയുടെ വിമാനങ്ങൾ ഉപയോഗിച്ചതിന് 25 കോടി രൂപയും കേരളത്തോട് ആവശ്യപ്പെട്ടിരുന്നു. ദുരിതാശ്വാസത്തിന് പണം സമാഹരിക്കാൻ മന്ത്രിമാർക്ക് വിദേശത്തുപോകാൻ കേന്ദ്രം അനുമതി നിഷേധിച്ചതിന് പിന്നാലെയായിരുന്നു ഇത്. ഏറ്റവും ഒടുവിലാണ് വയനാട് ദുരന്ത സഹായത്തിലെ കൂലി ചോദിക്കൽ.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കണക്ക് നിരത്തിയും സാഹചര്യങ്ങൾ അടിവരയിട്ടും നൽകിയ മെമ്മോറാണ്ടത്തോട് മുഖംതിരിക്കുമ്പോൾ കൂടിയാണ് കേന്ദ്രത്തിന്റെ ഈ വിചിത്ര നടപടി. ദുരന്തത്തിന്റെ ആദ്യഘട്ടത്തിൽ കേന്ദ്രത്തിൽനിന്ന് ഇന്റർമിനിസ്റ്റീരിയൽ സെൻട്രൽ ടീം (ഐ.എം.സി.ടി) ദുരിതബാധിത മേഖല സന്ദർശിക്കുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.