കെ.എസ്.ആർ.ടി.സിയിലെ ഉന്നത നിയമനങ്ങൾ യോഗ്യത കാറ്റിൽപറന്നു; സെലക്ഷൻ കമ്മിറ്റി നോക്കുകുത്തിയായി
text_fieldsകോട്ടയം: കെ.എസ്.ആർ.ടി.സിയിൽ നടന്ന ഉന്നതതല നിയമനങ്ങൾ നിയമം മറികടന്നെന്ന് സൂചന. കെ.എസ്.ആർ.ടി.സിയുടെ നവീകരണത്തിന് നിയോഗിച്ച സുശീൽ ഖന്ന സമർപ്പിച്ച റിപ്പോർട്ടിനെത്തുടർന്നാണ് സംസ്ഥാന ഗതാഗത വകുപ്പ് 2017 ജൂൺ 21ന് ജി.ഒ (ആർ.ടി) നമ്പർ 302/2017/ട്രാൻ. എന്ന ഉത്തരവിലൂടെ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള എക്സിക്യൂട്ടിവ് ഡയറക്ടർമാർ, ജനറൽ മാനേജർമാർ, ചാർട്ടേഡ് അക്കൗണ്ടൻറുമാർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരെ കെ.എസ്.ആർ.ടി.സിയിൽ പുറത്തുനിന്ന് നിയമിക്കാൻ തീരുമാനിച്ചത്. അതിൽ ഭരണവിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടർക്ക് ഉന്നത നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനത്തിൽനിന്ന് എച്ച്.ആർ എം.ബി.എയും 10 വർഷം പ്രവൃത്തിപരിചയവും വേണമായിരുന്നു.
ഓപറേഷൻ എക്സിക്യൂട്ടിവ് ഡയറക്ടർക്ക് എം.ബി.എ ഫിനാൻസും 10 വർഷം പ്രവൃത്തിപരിചയവുമാണ് യോഗ്യത നിശ്ചയിച്ചിരുന്നത്. ടെക്നിക്കൽ എക്സിക്യൂട്ടിവ് ഡയറക്ടർക്കാവട്ടെ ഉന്നത വിദ്യഭ്യാസ സ്ഥാപനത്തിൽനിന്ന് ബി.ടെക്കും 10 വർഷം പരിചയവും വേണം. രണ്ട് ജനറൽ മാനേജർമാരിൽ ഒരാൾക്ക് സാങ്കേതിക പരിജ്ഞാനവും രണ്ടാമന് ഫിനാൻസ് പശ്ചാത്തലവും ആവശ്യമാണ്. ഇത്തരം നിർണായക തസ്തികകളിലേക്ക് സ്വന്തക്കാരെ തിരുകിക്കയറ്റുന്നില്ലെന്ന് ഉറപ്പാക്കാൻ ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സെലക്ഷൻ കമ്മിറ്റിയെയും സർക്കാർ നിശ്ചയിച്ചിരുന്നു.
ധനകാര്യവകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറി ചെയർമാനും ഗതാഗത സെക്രട്ടറി കൺവീനറും ഐ.ടി സെക്രട്ടറി, കെ.എസ്.ആർ.ടി.സി എം.ഡി, കോഴിക്കോട് ഐ.ഐ.എമ്മിലെ മാനേജ്മെൻറ് വിദഗ്ധൻ, തിരുവനന്തപുരം എൻജിനീയറിങ് കോളജിൽനിന്നുള്ള സാങ്കേതിക വിദഗ്ധൻ എന്നിവരായിരുന്നു കമ്മിറ്റി അംഗങ്ങൾ. ഇൗ കമ്മിറ്റിയെ നോക്കുകുത്തിയാക്കിയാണ് കെ.എസ്.ആർ.ടി.സിയിൽ 16 ഉന്നത തസ്തികകളിൽ നിയമനം നടത്തിയിരിക്കുന്നത്. സി.എം.ഡിയുടെ താൽപര്യം മാത്രമാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നതെന്ന ആരോപണം ജീവനക്കാരുടെ സംഘടന നേതാക്കളും ഉന്നയിക്കുന്നുണ്ട്.
ഏറെ പ്രാധാന്യമുള്ള എക്സിക്യൂട്ടിവ് ഡയറക്ടർ-വിജിലൻസ് തസ്തികയിൽ പൊലീസിൽനിന്ന് എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കുന്ന രീതിയും അട്ടിമറിക്കപ്പെട്ടുകഴിഞ്ഞു. പത്താംക്ലാസും ത്രിവത്സര ഡിപ്ലോമയും മാത്രം യോഗ്യതയുള്ളവരെപ്പോലും ഈ തസ്തികയിൽ നിയമിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.