അട്ടപ്പാടി കരാറിൽ ഉന്നത സി.പി.എം നേതാവിന് ബന്ധം
text_fieldsതിരുവനന്തപുരം: അട്ടപ്പാടിയിലെ 2730 ഏക്കർ ആദിവാസി ഭൂമി സ്വകാര്യസ്ഥാപനത്തിന് ടൂറിസം പദ്ധതിക്ക് കരാർ നൽകിയതിൽ സി.പി.എം ഉന്നത നേതാവിന് ബന്ധമുണ്ടെന്ന് ആരോപണം.
തൃശൂർ മുണ്ടൂരിൽ ചിറ്റിലപ്പള്ളി ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന എൽ.എ ഹോംസ് എന്ന സ്വകാര്യസ്ഥാപനവുമായാണ് ഒറ്റപ്പാലം മുൻ സബ് കലക്ടർ ജെറോമിക് ജോർജ് 2019 ഫെബ്രുവരി എട്ടിന് ധാരണപത്രം ഒപ്പിട്ടത്. എൽ.എ ഹോംസ് പങ്കാളികളിലൊരാൾ തൃശൂരിലെ ഉന്നത സി.പി.എം നേതാവിെൻറ സഹോദരീ പുത്രനാണെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.
സംസ്ഥാന നേതാവിന് ചില മന്ത്രിമാരിലുള്ള സ്വാധീനം ഉപയോഗിച്ചാണ് നിയമവിരുദ്ധ കരാർ ഉറപ്പിച്ചതെന്നാണ് സൂചന. 1975ൽ പശ്ചിമഘട്ട വികസനപദ്ധതിയുടെ ഭാഗമായി അടിമ ജീവിക്കുന്ന ആദിവാസികൾക്ക് പുനരധിവാസകേന്ദ്രങ്ങൾ ഒരുക്കുന്നതിന് കേന്ദ്ര സർക്കാർ വിട്ടുനൽകിയ നിക്ഷിപ്ത വനഭൂമിയാണ് ടൂറിസം പദ്ധതിക്കായി നൽകിയത്.
ആദിവാസി ഭൂമി തട്ടിപ്പ് 'മാധ്യമം' റിപ്പോർട്ട് ചെയ്തതോടെ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി എ.കെ. ബാലൻ പട്ടികജാതി- വർഗ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നു. സർക്കാർ അനുമതിയില്ലാതെയാണോ പദ്ധതി തയാറാക്കി നടപ്പാക്കുന്നതെന്ന് പരിശോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു.
അതേസമയം അട്ടപ്പാടിയിലെ മുൻ ഐ.ടി.ഡി.പി ഓഫിസർ കരാറിൽ ഒപ്പുെവച്ചതിൽ ഏറെ ദുരൂഹതയുള്ളതായും വിമർശനമുയർന്നു. പട്ടികവർഗ ഡയറക്ടറേറ്റിെൻറയോ വകുപ്പിെൻറയോ അനുമതിയില്ലാതെ ഉദ്യോഗസ്ഥൻ എങ്ങനെയാണ് കരാറിൽ ഒപ്പുെവച്ചതെന്ന ചോദ്യത്തിന് ഉത്തരമില്ല.
കരാർ റദ്ദാക്കാൻ അട്ടപ്പാടിയിലെ അമ്പതിലധികം ആദിവാസികൾ അഡ്വ. കെ.എസ്. മധുസൂദനൻ വഴി ഹൈകോടതിയിൽ ഹരജി നൽകിയിരുന്നു. ഫാം രൂപവത്കരിച്ചതിെൻറ ഉദ്ദേശ്യലക്ഷ്യങ്ങൾക്ക് വിരുദ്ധമായാണ് കരാർ ഒപ്പിട്ടതെന്ന് പ്രഥമദൃഷ്ട്യാ ബോധ്യമായതിനാൽ കോടതി കഴിഞ്ഞമാസം കരാർ താൽക്കാലികമായി സ്റ്റേ ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.