രാജ്യത്ത് ആകെ കോവിഡ് മരണം 5,31,915; രോഗ ബാധിതർ 4.49 കോടി
text_fieldsകൊച്ചി: രാജ്യത്ത് കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതു മുതൽ ഇതുവരെ രോഗം ബാധിച്ച് മരിച്ചത് 5,31,915 പേർ. ആകെ 4,49,96,337 പേർക്കാണ് രോഗം ബാധിച്ചതെന്ന് കേന്ദ്ര ആരോഗ്യ വകുപ്പിൽനിന്നുള്ള വിവരാവകാശ രേഖ വ്യക്തമാക്കുന്നു. ഏറ്റവും കൂടുതൽ പേർ കോവിഡ് ബാധിച്ച് മരിച്ചത് മഹാരാഷ്ട്രയിലാണ്- 1,48,556 പേർ. മരിച്ചവരുടെ എണ്ണത്തിൽ രണ്ടാമത് കേരളമാണ്- 71,945 പേർ. മരണസംഖ്യയിൽ മൂന്നാമതുള്ളത് 40,357 പേർ മരിച്ച കർണാടകയാണ്.
ദാദ്ര നഗർഹവേലിയും ദാമൻ ദിയുവും ഉൾപ്പെടുന്ന കേന്ദ്രഭരണ പ്രദേശത്താണ് മരണസംഖ്യ ഏറ്റവും കുറവ് റിപ്പോർട്ട് ചെയ്തത്. ഇവിടെ നാലുപേർ മാത്രമാണ് മരിച്ചത്. ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തതും മഹാരാഷ്ട്രയിലാണ്. 81,70,031 പേരാണ് രോഗബാധിതരായത്. രണ്ടാം സ്ഥാനത്തുള്ള കേരളത്തിൽ 69,07,079 പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണത്തിൽ മൂന്നാമതുള്ളത് കർണാടകയിലാണ്- 40,88,677 പേർ. രോഗികളുടെ എണ്ണം ഏറ്റവും കുറവുള്ളത് അന്തമാൻ നികോബാർ ദ്വീപുകളിലാണ്- 10,766 പേർ. ലക്ഷദ്വീപ് (11,415), ദാദ്ര നഗർഹവേലി ആൻഡ് ദാമൻ ദിയു (11,592) എന്നിവിടങ്ങളിലും രോഗികളുടെ എണ്ണം വളരെ കുറവാണ്.
വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാല നൽകിയ അപേക്ഷയുടെ മറുപടിയായാണ് രാജ്യത്തെ കോവിഡ് രോഗികളുടെയും മരിച്ചവരുടെയും കണക്കുകൾ ലഭ്യമായത്. കോവിഡ് രാജ്യത്ത് ആദ്യമായി സ്ഥിരീകരിച്ചത് ചൈനയിൽ മെഡിക്കൽ വിദ്യാർഥിനിയായ തൃശൂർ സ്വദേശിക്കായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.