ഡ്രോൺ ഉപയോഗിച്ച് ‘സംപൂർണ’ വളപ്രയോഗം
text_fieldsശാസ്താംകോട്ട: ശൂരനാട് വടക്ക് പഞ്ചായത്തിലെ ഓണമ്പള്ളി ഏലായിലെ കാർഷിക സമൃദ്ധി വീണ്ടെടുക്കാൻ ഡ്രോൺ ഉപയോഗിച്ചുള്ള വളപ്രയോഗവുമായി പഞ്ചായത്തും കൃഷി വകുപ്പും. 35 ഏക്കറോളം വരുന്ന ഏലായിൽ ‘സംപൂർണ’ എന്ന പേരിൽ അറിയപ്പെടുന്ന സൂഷ്മ മൂലക കൂട്ട് പ്രയോഗമാണ് നടത്തിയത്. സാധാരണ വളപ്രയോഗത്തിൽ ലഭിക്കാതെ പോകുന്ന മഗ്നീഷ്യം, സൾഫേറ്റ്, സിങ്ക്, കോപ്പർ, അയൺ, മാംഗനീസ് ഉൾപ്പെടെ അടങ്ങിയതാണ് സംപൂർണ. ഇത് നെൽചെടികളുടെയും മറ്റും ആരോഗ്യപരമായ വളർച്ചക്കും അതുവഴി മികച്ച വിളവിനും മികച്ചതാണ്. സദാനന്ദപുരം കൃഷി വിജ്ഞാനകേന്ദ്രമാണ് ഈ വളപ്രയോഗം വികസിപ്പിച്ചത്. ഏകദേശം 10 മിനിറ്റ് കൊണ്ട് ഒരേക്കർ സ്ഥലത്ത് ഡ്രോൺ ഉപയോഗിച്ച് വളപ്രയോഗം നടത്താനാകും എന്നതാണ് ഇതിന്റെ നേട്ടം.
സൂക്ഷ്മകണികകൾ നെൽച്ചെടിയുടെ ഇലകളിൽ പതിക്കുന്നത് അവയുടെ വളർച്ചയെ ത്വരിതപ്പെടുത്തും. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ന്യൂതന കൃഷി സമ്പ്രദായം ചെറുകിട കർഷകരിലേക്ക് എത്തിക്കുന്നതിനും കാർഷിക മേഖലയിൽ ചെലവ് കുറക്കുന്നതിനും ലക്ഷ്യമിട്ടുള്ള പദ്ധതി കൂടിയാണിത്. ശാസ്താംകോട്ട മാസ്റ്റേഴ്സ് ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ സഹായത്തോടെ കുന്നത്തൂർ താലൂക്കിൽ ഇത്തരമൊരു പദ്ധതി ആദ്യമായി നടപ്പാക്കുന്നത് ഓണമ്പള്ളിൽ ഏലായിലാണ്. പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീകുമാർ ഉദ്ഘാടനം നിർവഹിച്ചു. കൊട്ടാരക്കര സദാനന്ദപുരം എഫ്.എസ്.ആർ.എസ് മേധാവി ഡോ. ബിന്ദു, കൃഷി അസി. ഡയറകടർ ഷാനിദ, ശൂരനാട് വടക്ക് കൃഷി ഓഫിസർ ആൻസൻ കുഞ്ഞച്ചൻ, ഏലാസമിതി പ്രസിഡന്റ് പനങ്ങാട്ട് രാജീവ്, സെക്രട്ടറി ചന്ദ്രൻപിള്ള എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.