50 കോടി തട്ടിയ ടോട്ടൽ ഫോർ യു തട്ടിപ്പ്: ഒരു പ്രതി പോലും ഹാജരില്ലാതെ വിചാരണ തുടങ്ങി
text_fieldsതിരുവനന്തപുരം: നൂറിലധികം നിക്ഷേപകരിൽനിന്ന് 50 കോടി രൂപ തട്ടിയ ടോട്ടൽ ഫോർ യു നിക്ഷേപതട്ടിപ്പ് കേസിൽ ഒരു പ്രതി പോലും ഹാജരില്ലാതെ വിചാരണ തുടങ്ങി. ഐ നെസ്റ്റ് എന്ന സ്ഥാപനത്തിലൂടെ വിവിധ ഘട്ടങ്ങളിലായി 15 ലക്ഷം രൂപ നഷ്ടപ്പെട്ട ഉള്ളൂർ സ്വദേശിയും മുൻ ഇൻഷുറൻസ് കമ്പനി അസി.മാനേജരുമായ വിജയകുമാരൻ നായർ, തിരുമല സ്വദേശി അനില എന്നിവരാണ് തിരുവനന്തപുരം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ മൊഴി നൽകിയത്.
തുടർ സാക്ഷിവിസ്താരം ഫെബ്രുവരിയിൽ നടക്കും. 2007 ഏപ്രിൽ 30 മുതൽ 2008 ആഗസ്റ്റ് 20 വരെയാണ് കേസിനാസ്പദമായ സംഭവം. ആർ.ബി.ഐ ലൈസൻസ് ഉണ്ടെന്നും നിക്ഷേപത്തുകയുടെയും കാലാവധിയുടെയും അടിസ്ഥാനത്തിൽ 20 മുതൽ 80 ശതമാനം വരെ വരുമാനമുണ്ടാക്കാമെന്നും കാലാവധി കൂടുന്തോറും വളർച്ചനിരക്ക് കൂടുമെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് പ്രോസിക്യൂഷൻ കേസ്.
ടോട്ടൽ ഫോർ യു മാനേജിങ് ഡയറക്ടർ ശബരിനാഥ്, നെസ്റ്റ് സൊല്യൂഷൻസ് ജനറൽ മാനേജർ ബിന്ദു മഹേഷ്, മുൻ സിഡ്കോ സീനിയർ മാനേജർ ചന്ദ്രമതി, ശബരിയുടെ പ്രൈവറ്റ് സെക്രട്ടറി പ്രമോദ് ഐസക്, രാജൻ, ബിന്ദു സുരേഷ്, കാൻവാസിങ് ഏജൻറുമാരായ ഹേമലത, ലക്ഷ്മി മോഹൻ, മിലി എസ്. നായർ തുടങ്ങി 20 പേരാണ് കേസിലെ പ്രതികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.