കുറി തൊട്ടാൽ ഹിന്ദുത്വയാകില്ല; എ.കെ ആന്റണിയെ പിന്തുണച്ച് രമേശ് ചെന്നിത്തല
text_fieldsകുറി തൊടുന്നവരെയും കാവിമുണ്ട് ഉടുക്കുന്നവരെയും അമ്പലത്തിൽ പോകുന്നവരെയും മൃദുഹിന്ദുത്വത്തിന്റെ പേരിൽ മാറ്റിനിർത്തരുതെന്ന മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ പ്രസ്താവനയെ പിന്തുണച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അടക്കമുള്ളവർ ആന്റണിക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. അതേസമയം, ആന്റണിയുടെ പ്രസ്താവനക്കെതിരെ രൂക്ഷ പ്രതികരണവുമായി ബി.ജെ.പി നേതാക്കളും രംഗത്തെത്തിയിരുന്നു. ആന്റണി ഇടക്കിടെ ഹിന്ദുത്വ അനുകൂല പ്രസ്താവനകൾ നടത്തുമെന്നും അത് തട്ടിപ്പാണെന്നുമായിരുന്നു ബി.ജെ.പി നേതാക്കളുടെ പ്രതികരണം.
കുറി തൊട്ടാലും കാവി മുണ്ടുടുത്താലും ആരും ബി.ജെ.പിയാകില്ലെന്ന് ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തിൽ എ.കെ ആന്റണി പറഞ്ഞത് 100 ശതമാനം ശരിയാണെന്നും ആന്റണിയുടെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ച് പ്രചരിപ്പിക്കാനാണ് സി.പി.എമ്മിന്റെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
‘ആന്റണി പറഞ്ഞത് ശരിയാണ്. കോൺഗ്രസ് എല്ലാവരെയും ഉൾക്കൊള്ളുന്ന പാർട്ടിയാണ്. എല്ലാ മതവിഭാഗങ്ങളെയും ഉൾക്കൊണ്ടു പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ്. ന്യൂനപക്ഷത്തിന്റെയും ഭൂരിപക്ഷത്തിന്റെയും താൽപര്യം സംരക്ഷിക്കുന്നു. എ.കെ ആന്റണി പറഞ്ഞതിനെ ദുർവ്യാഖ്യാനം ചെയ്യാനാണ് സി.പി.എമ്മും ബി.ജെ.പിയും ശ്രമിക്കുന്നത്. ചന്ദനക്കുറി തൊട്ടാലോ കാവി മുണ്ടുടുത്താലോ ബി.ജെ.പിയാകില്ല. അമ്പലത്തിൽ പോകുന്നതുകൊണ്ട് ഒരാൾ ബി.ജെ.പി ആകുമോ?. അതൊക്കൊ വിശ്വാസത്തിന്റെ കാര്യമാണ്’’ –ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.