വരുന്നു, ദൃശ്യവിസ്മയമൊരുക്കാൻ ടൂറിസം സർക്യൂട്ട് പദ്ധതി
text_fieldsശ്രീകണ്ഠപുരം: മലയോര ടൂറിസം വികസനം ലക്ഷ്യമാക്കി പാലക്കയംതട്ട്-പൈതൽമല-കാഞ്ഞിരക്കൊല്ലി-കാപ്പിമല എന്നീ ടൂറിസം കേന്ദ്രങ്ങൾ സംയോജിപ്പിച്ചുള്ള ഇരിക്കൂർ ടൂറിസം സർക്യൂട്ട് പദ്ധതിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. അവിസ്മരണീയ ദൃശ്യവിരുന്നുകളാണ് ഇവിടങ്ങളിൽ കാണാനാവുക.
പൈതൽമല, പാലക്കയംതട്ട്, കാഞ്ഞിരക്കൊല്ലി, കാപ്പിമല, കാലാങ്കി തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യവികസനം ഉറപ്പുവരുത്താൻ കർമപദ്ധതികളാണ് ആദ്യഘട്ടമെന്ന നിലയിൽ നടത്തുക. ഇതിന്റെ ഭാഗമായി സജീവ് ജോസഫ് എം.എല്‍.എയുടെയും അസി. കലക്ടറുടെയും നേതൃത്വത്തില്‍ കഴിഞ്ഞ മാസം ഉന്നതതല സംഘം വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദർശിച്ചിക്കുകയും പാലക്കയംതട്ടിൽ അവലോകന യോഗം ചേരുകയും ചെയ്തിരുന്നു.
അടിസ്ഥാന സൗകര്യങ്ങളും യാത്രാസൗകര്യവും മെച്ചപ്പെടുത്തി കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനും ഇതുവഴി മലയോര ടൂറിസം മേഖല വികസിപ്പിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
സമുദ്രനിരപ്പില്‍നിന്ന് 4500 അടി ഉയരത്തില്‍ 4124 ഏക്കര്‍ പ്രദേശത്ത് പരന്നുകിടക്കുന്ന പൈതല്‍മലയും 3500ലധികം അടി ഉയരത്തിൽ എട്ട് ഏക്കർ പ്രദേശത്തുള്ള പാലക്കയംതട്ടുമാണ് മലയോരത്ത് ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന ടൂറിസം കേന്ദ്രങ്ങൾ. ഇവിടെ വനം വകുപ്പുമായി ചേർന്നാണ് വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്.
കാഞ്ഞിരക്കൊല്ലി അളകാപുരി, ഏഴരക്കുണ്ട്, കാപ്പിമല വെള്ളച്ചാട്ടങ്ങൾ മൺസൂൺ ടൂറിസത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്താവുന്നവയാണ്. ആലക്കോട് പഞ്ചായത്തിലെ കാപ്പിമല, വൈതൽക്കുണ്ട്, നടുവിൽ പഞ്ചായത്തിലെ പാലക്കയംതട്ടിനടുത്തുള്ള ജാനകിപ്പാറ, ഏഴരക്കുണ്ട്, വഞ്ചിയം, പയ്യാവൂർ പഞ്ചായത്തിലെ കാഞ്ഞിരക്കൊല്ലി എന്നിവിടങ്ങളിലെല്ലാം ടൂറിസം വികസിപ്പിക്കേണ്ടതുണ്ട്.
4.5 കോടിയുടെ പദ്ധതി
പാലക്കയംതട്ടിൽ 3.5 കോടി രൂപയുടെയും പൈതൽമല, കാപ്പിമല മേഖലയിൽ ഒരു കോടി രൂപയുടെയും മാസ്റ്റർ പ്ലാനാണ് യഥാക്രമം ടൂറിസം വകുപ്പും വനം വകുപ്പും തയാറാക്കി വരുന്നതെന്ന് സജീവ് ജോസഫ് എം.എൽ.എ അറിയിച്ചു. ഇതിനു പുറമെ എം.പി ഫണ്ടും എം.എൽ.എ ഫണ്ടും ഉപയോഗപ്പെടുത്തി വിവിധ കേന്ദ്രങ്ങളിൽ പ്രധാന സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. പാലക്കയംതട്ട് ടൂറിസം കേന്ദ്രത്തിന്റെ ടെൻഡർ നടപടികൾ ആരംഭിച്ചു. കാഞ്ഞിരക്കൊല്ലിയിലും പൈതൽമലയിലും കാപ്പിമലയിലും വനംവകുപ്പിന്റെ പദ്ധതികൾ വേഗത്തിലാക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. പൈതൽമലയിലെ റിസോർട്ട് ഉൾപ്പെടെ മലയോരത്ത് പൂട്ടിക്കിടക്കുന്ന ഡി.ടി.പി.സി സ്ഥാപനങ്ങൾ നവീകരിക്കാനുള്ള നടപടികളും സ്വീകരിച്ചുവരുന്നു.
മലയോരത്തിന്റെ കവാടം
മലപ്പട്ടത്തെ മലബാർ റിവർ ക്രൂയിസ് പദ്ധതി പൂർത്തിയായാൽ ബോട്ടുകളിലെത്തുന്നവർക്കും മലയോര കാഴ്ചകൾ ആസ്വദിക്കാനാകും. മലയോര മേഖലകളിലേക്കുള്ള കവാടമായാണ് മലപ്പട്ടം മുനമ്പിനെ കണക്കാക്കുന്നത്. പറശ്ശിനിക്കടവിൽനിന്ന് ആരംഭിക്കുന്ന ബോട്ട് യാത്ര മുനമ്പ് കടവിൽ അവസാനിക്കുന്ന രീതിയിലാണ് റിവർ ക്രൂയിസ് പദ്ധതി ഒരുക്കിയിരിക്കുന്നത്. ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾക്ക് പൈതൽമല, ശശിപ്പാറ, കാഞ്ഞിരക്കൊല്ലി എന്നിവിടങ്ങളിലെ കാഴ്ചകൾ ആസ്വദിച്ച് വൈകീട്ട് ബോട്ടിൽതന്നെ തിരിച്ചുപോകാനാകും. മാമാനിക്കുന്ന് ക്ഷേത്രം, ചെമ്പേരി ലൂർദ് മാത ബസിലിക്ക, നിലാമുറ്റം, പഴയങ്ങാടി മാലിക് ദിനാർ പള്ളി, കുന്നത്തൂർ പാടി തുടങ്ങിയ സ്ഥലങ്ങൾ ഉൾപ്പെടുത്തിയുള്ള തീർഥാടന ടൂറിസം സാധ്യകളും പരിശോധിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.