പ്രളയം: ടൂറിസം മേഖലക്ക് നഷ്ടമായത് 55.70 കോടിയുടെ അടിസ്ഥാനസൗകര്യം
text_fieldsകൊച്ചി: പ്രളയത്തിൽ വിനോദസഞ്ചാര മേഖലയിൽ തകർന്നത് 55.70 കോടിയുടെ അടിസ്ഥാന സൗകര്യങ്ങൾ. വിനോദസഞ്ചാര വകുപ്പിെൻറയും ജില്ല ടൂറിസം പ്രമോഷൻ കൗൺസിലുകളുടെയും (ഡി.ടി.പി.സി) ആസ്തികൾക്കുണ്ടായ നാശം, വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സംഭവിച്ച നഷ്ടം എന്നിവയുടെ കണക്കാണിത്. അതേസമയം, സഞ്ചാരികളിൽനിന്നുള്ള വരുമാനം നിലച്ചതുവഴിയുണ്ടായ നഷ്ടം 2000 കോടിയോളം വരും.
പ്രളയം മൂലം അടിസ്ഥാന സൗകര്യങ്ങൾക്കുണ്ടായ നാശത്തിെൻറ വിശദ കണക്ക് ടൂറിസം ഡയറക്ടറേറ്റാണ് തയാറാക്കിയത്. വിനോദസഞ്ചാര വകുപ്പ്, ഡി.ടി.പി.സി എന്നിവയുടെ ആസ്തികൾ നശിച്ചതുവഴി 21,91,73,056 രൂപയുടെ നഷ്ടമുണ്ടായി. അടിസ്ഥാനസൗകര്യങ്ങൾ തകർന്നതിലൂടെ 33,79,03,455 രൂപയാണ് നഷ്ടം. രണ്ടിനത്തിലുംകൂടി ആകെ നഷ്ടം 55,70,76,511 രൂപ.
വിനോദസഞ്ചാര വകുപ്പിനും ഡി.ടി.പി.സിക്കും ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത് തൃശൂർ ജില്ലയിലാണ്, 4.02 കോടി. പത്തനംതിട്ടയിലാണ് ഏറ്റവും കുറവ്, 4.55 ലക്ഷം. വിനോദസഞ്ചാര കേന്ദ്രങ്ങൾക്കുണ്ടായ നഷ്ടത്തിൽ മുന്നിൽ വയനാടാണ്, 16.09 കോടി. ഇൗ ഇനത്തിൽ എറണാകുളം ജില്ലയിൽ 6,07,960 രൂപയുടെ നഷ്ടമേ ഉണ്ടായിട്ടുള്ളൂ. 12 ജില്ലയിലുംകൂടി വിനോദസഞ്ചാരമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമിക്കാൻ 125,55,60,000 രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നടപടി പുരോഗമിക്കുകയാണെന്ന് ടൂറിസം ഡയറക്ടർ പി. ബാലകിരൺ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.