അടിപൊളി യാത്രക്കായി ടൂറിസ്റ്റ് ബസുകൾ നിയമം ലംഘിക്കുന്നു; പിടികൂടാൻ ആർ.ടി.ഒ
text_fieldsകോഴിക്കോട്: ടൂറിസ്റ്റ് ബസുകൾ നിയമം ലംഘിക്കുന്നത് അധികൃതരുടെ കണ്ണുവെട്ടിച്ച്. ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് വാഹനം ഹാജരാക്കുമ്പോൾ നിയമം ലംഘിച്ചുള്ള എല്ലാ 'ഫിറ്റിങ്സും' അഴിച്ചുവെച്ചാണ് ഹാജരാക്കുക. വേഗം എടുത്തുമാറ്റാവുന്ന ഡി.ജെ ലൈറ്റും മ്യൂസിക് സിസ്റ്റവുമുൾപ്പെടെയുള്ള ഉപകരണങ്ങളാണ് ടൂറിസ്റ്റ് ബസുകാർ ഉപയോഗിക്കുന്നത്. ഇതില്ലെങ്കിൽ വിനോദയാത്രക്ക് ഓർഡർ ലഭിക്കില്ലെന്നാണ് ഈ മേഖലയിലുള്ളവർ പറയുന്നത്.
വടക്കഞ്ചേരി അപകടത്തെത്തുടർന്ന് ടൂറിസ്റ്റ് ബസ് പരിശോധന കർശനമാക്കാൻ ജില്ല മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇതിനായി 'സ്പെഷൽ ഡ്രൈവ്' ഒരുക്കുമെന്ന് അധികൃതർ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിനോദയാത്രക്ക് പോകുന്ന ബസുകളുടെ വിവരങ്ങൾ ആർ.ടി.ഒയെ അറിയിക്കണമെന്ന നിബന്ധന നിലവിലുണ്ട്.
പക്ഷേ, ഇതുവരെ ഇത്തരം അപേക്ഷകളൊന്നും ലഭിച്ചിട്ടില്ല. ഈ ഉത്തരവിനെക്കുറിച്ച് വിദ്യാഭ്യാസ സ്ഥാപന മേധാവികൾക്ക് അറിവില്ലെന്നാണ് വിവരം. ഇനി അപേക്ഷ ലഭിച്ചില്ലെങ്കിലും ടൂറിസ്റ്റ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നിടങ്ങളിൽ പോയി പരിശോധന നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
കോവിഡ് നിയന്ത്രണം നീങ്ങിയ ശേഷം പ്രാദേശിക ടൂറിസം ശക്തിപ്പെട്ടിരിക്കുകയാണ്. ഇതോടെ ടൂറിസ്റ്റ് ബസുകൾക്ക് കൊയ്ത്തുകാലമാണ്. വാട്സ്ആപ് ഗ്രൂപ്പുകൾ സജീവമായതോടെ വലിയ കുടുംബ ടൂറുകൾ സംഘടിപ്പിക്കലും എളുപ്പമായി.
നാട്ടിലെങ്ങും പലതരത്തിലുള്ള കൂട്ടായ്മകൾ വർധിച്ചതോടെ വിനോദയാത്രകളുടെ എണ്ണവും കൂടി. രണ്ടോ മൂന്നോ ദിവസം തുടർച്ചയായി അവധി കിട്ടുന്ന വേളകളിൽ നാട്ടിലെങ്ങും വിനോദയാത്രകൾ പൊടിപൊടിക്കുകയാണ്. ടൂറിസ്റ്റ് ബസുകളിലെ നൃത്തങ്ങളും ബഹളവും പലപ്പോഴും അതിരുവിടുന്നുണ്ട്.
റോഡിൽ മറ്റ് വാഹനങ്ങൾ ഓടിക്കുന്നവരുടെ ശ്രദ്ധ തെറ്റിക്കുംവിധമാണ് പല ടൂറിസ്റ്റ് ബസുകളിലെയും അർമാദിക്കൽ. ബസുകളുടെ പേരും കോലവും വരെ ഇത്തരത്തിൽ മാറ്റിമറിച്ചിട്ടുണ്ട്. 'ന്യൂജൻ' ഇഷ്ടം പിടിച്ചുപറ്റാൻ ബസുകളുടെ രൂപഭാവങ്ങളിൽ മാറ്റം വരുത്തുകയാണ്. ഈ അടിപൊളിയെല്ലാം നിയമം ലംഘിച്ചാണ്.
18 വാഹനങ്ങൾക്കെതിരെ കേസെടുത്തു
കോൺട്രാക്ട് കാര്യേജ് വാഹനങ്ങളുടെ നിയമലംഘനം കണ്ടെത്താൻ ജില്ല എൻഫോഴ്സ്മെന്റ് ആർ.ടി.ഒയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 18 വാഹനങ്ങൾക്കെതിരെ കേസെടുത്തു. സ്പീഡ് ഗവേണർ അഴിച്ച വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കുന്നതിനും ശിപാർശ ചെയ്തു.
പല വാഹനങ്ങളിലും അനധികൃത ലൈറ്റ്, അധിക ലൈറ്റ്, അരോചക ശബ്ദം പുറപ്പെടുവിക്കുന്ന മ്യൂസിക് സിസ്റ്റം, കേൾവിശക്തിയെ ബാധിക്കുന്ന നിരോധിത എയർഹോണുകൾ എന്നിവ ഘടിപ്പിച്ചിരിക്കുന്നതായി കണ്ടെത്തി.
ഇത്തരം വാഹനങ്ങളെ കരിമ്പട്ടികയില്‍പെടുത്തി. ഇവയുടെ പെർമിറ്റ് റദ്ദാക്കും. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള തുടർനടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.
സ്പീഡ് ഗവേണര്‍ വിച്ഛേദിച്ച് സർവിസ് നടത്തുന്ന വാഹനങ്ങള്‍ ആർ.ടി.ഒ ഓട്ടോമേറ്റഡ് ടെസ്റ്റിങ് സെന്ററില്‍ പരിശോധിക്കാനും വാഹനത്തിന്റെ ഫിറ്റ്നസ് റദ്ദാക്കാനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.