സഹപാഠിക്ക് ലിഫ്റ്റ് നൽകിയത് പൊല്ലാപ്പായി; കൈയിൽ ആനപ്പല്ല്; വിനോദസഞ്ചാര സംഘം പിടിയിൽ
text_fieldsസുൽത്താൻ ബത്തേരി: സഹപാഠിക്ക് ലിഫ്റ്റ് നൽകിയ വിനോദസഞ്ചാര സംഘം ആനപ്പല്ല് കേസിൽ പിടിയിൽ. ലിഫ്റ്റ് നൽകിയ ആളുടെ പക്കൽനിന്ന് ആനപ്പല്ല് കണ്ടെടുത്തതാണ് സംഘത്തിനും പൊല്ലാപ്പായത്. ആനപ്പല്ല് കൈവശം വെച്ച വയനാട് സ്വദേശിയും അഞ്ചു കോഴിക്കോട് സ്വദേശികളുമാണ് പിടിയിലായത്.
തിങ്കളാഴ്ച ഉച്ചക്ക് 12ഓടെ നടത്തിയ വാഹന പരിശോധനയിലാണ് കർണാടകയിൽനിന്ന് കേരളത്തിലേക്ക് വന്ന വാഹനത്തിൽ നിന്നു 500 ഗ്രാം തൂക്കംവരുന്ന ആനപ്പല്ലുമായി സംഘം പൊലീസിന്റെ പിടിയിലായത്. ആനപ്പല്ല് ബാഗിൽ കരുതിയ പുൽപള്ളി ചിയമ്പം കാട്ടുനായ്ക്ക കോളനിയിലെ ബി. അജീഷ് (23), കോഴിക്കോട് എലത്തൂർ സ്വദേശികളായ പറമ്പിൽമുകളിൽ ടി. വിഷ്ണു (33), മനത്താനത്ത് എ. സുജിത്ത് (39), പടുവലത്ത് പി. രജ്ഞിത്ത് (36), ചന്ദനപറമ്പത്ത് സി.പി. അർഷകനാഥ് (34), കൊയിലാണ്ടി സവർമതി ആകർഷ് എസ്. മോഹൻ (30) എന്നിവരാണ് പിടിയിലായത്.
അജീഷും സംഘത്തിലെ ഒരാളും കോഴിക്കോട് ഒരുമിച്ചാണ് ബിരുദ പഠനം നടത്തിയത്. മുത്തങ്ങ സന്ദർശിച്ച് മടങ്ങുന്ന വഴിയാണ് ഇവർ റോഡരികിൽ അജീഷിനെ കാണുന്നതും ജീപ്പിൽ കയറ്റുന്നതും. പൊലീസ് മുത്തങ്ങ ചെക്പോസ്റ്റിൽ നടത്തിയ പരിശോധയിലാണ് ആനപ്പല്ല് പിടികൂടുന്നത്. അജീഷിനെയും സംഘത്തെയും പിന്നീട് വനംവകുപ്പിന് കൈമാറി. ജീപ്പും കസ്റ്റഡിയിലെടുത്തു.
വർഷങ്ങൾക്കു മുമ്പ് കാട്ടിൽനിന്ന് വീണു കിട്ടിയതാണ് ആനപ്പല്ലെന്നാണ് അജീഷ് പൊലീസിനോട് വെളിപ്പെടുത്തിയത്. അനുജന് മുണ്ടിനീര് പിടിപെട്ടപ്പോൾ ആനപ്പല്ലും ചന്ദനവും ചേർത്ത് അരച്ചത് നല്ല മരുന്നാണെന്ന് അറിഞ്ഞു. അത് എങ്ങനെ തയാറാക്കുമെന്ന് അന്വേഷിക്കാനാണ് മുത്തങ്ങയിലെ ഒരു കോളനിയിൽ പോയതെന്നും മടങ്ങിവരുന്നതിനിടെയാണ് സഹപാഠി ഉൾപ്പെടുന്ന സംഘം ലിഫ്റ്റ് നൽകിയതെന്നും അജീഷ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.