ടൂറിസ്റ്റ് ഹോം മാനേജറെ മർദിച്ച് മുറിയിൽ പൂട്ടിയിട്ട സംഭവത്തിൽ രണ്ടു പേർ പിടിയിൽ
text_fieldsരാമനാട്ടുകര: നഗരത്തിലെ ടൂറിസ്റ്റ് ഹോം മാനേജറെ മർദിച്ച് മുറിയിൽ പൂട്ടിയിട്ട് രക്ഷപ്പെട്ട നാലംഗസംഘത്തിലെ രണ്ടു പേരെ ഫറോക്ക് പൊലീസ് പിടികൂടി.
കൂട്ടുപ്രതികളായ രണ്ടു പേർക്കായി അന്വേഷണം ഊർജിതമാക്കി. ബേപ്പൂർ അരക്കിണർ കല്ലിങ്ങൽ വീട്ടിൽ ജൻബാസ് റസാഖ് (23), ശാരദാമന്ദിരം ചൂലംപാടം അജ്മൽ വീട്ടിൽ എ.കെ. ഫർഹാൻ (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഫർഹാെൻറ എ.ടി.എം കാർഡാണ് പ്രതികളെ പിടികൂടാൻ സഹായകരമായത്.
ടൂറിസ്റ്റ് ഹോമിൽ ആക്രമണം നടത്തി മാനേജറെ മുറിയിലിട്ട് പൂട്ടുകയും രജിസ്റ്ററും പണവും കൊണ്ടുപോവുകയും ചെയ്തതിനാൽ ഇവരെക്കുറിച്ച് യാതൊരു രേഖയും ടൂറിസ്റ്റ് ഹോം അധികൃതരുടെ പക്കൽ ഇല്ലായിരുന്നു.
പണത്തിനു പകരം എ.ടി.എം കാർഡ് കൗണ്ടറിനു മുകളിൽ വെച്ചിരുന്നെങ്കിലും അത് തിരിച്ചെടുക്കാൻ പ്രതികൾ മറന്നതാണ് കേസിന് തുമ്പായത്. കമ്പ്യൂട്ടറും ഡോറുകളും സി.സി.ടി.വി കാമറയും ഉൾപ്പെടെ രണ്ടു ലക്ഷം രൂപയുടെ നാശനഷ്ടവും വരുത്തിയാണ് സംഘം രക്ഷപ്പെട്ടത്.
കഴിഞ്ഞ ബുധനാഴ്ച രാത്രി ഏഴരയോടെ ടൂറിസ്റ്റ് ഹോമിലെത്തിയ നാലംഗ സംഘം റൂം ആവശ്യപ്പെടുകയും മാനേജർ രേഖകളും വാടകയും ആവശ്യപ്പെട്ടെങ്കിലും തിരിച്ചറിയൽ രേഖ കൊടുത്തെങ്കിലും പണം കൊടുത്തില്ല. എ.ടി.എമ്മിൽനിന്നു പണമെടുത്തുതരാം എന്നു പറഞ്ഞ് കാർഡ് റിസപ്ഷനിൽ നൽകി.
രാവിലെ പണം നൽകാമെന്നും പണത്തിന് പകരമായി രണ്ടു മൊബൈൽ ഫോൺ നൽകിയെങ്കിലും ഫോൺ മാനേജർ വാങ്ങിയിരുന്നില്ല. രാവിലെ പണം നൽകാമെന്ന ഉറപ്പിൽ റൂം നൽകിയിരുന്നത്. എന്നാൽ, റൂമിൽ കയറി ഉടനെ സംഘം പാട്ടും ബഹളവും തുടങ്ങി.
ഇതേതുടർന്ന് റൂം ഒഴിയാൻ ആവശ്യപ്പെട്ടെങ്കിലും സംഘം അതിന് തയാറായില്ല. മാനേജർ റൂമിൽ കയറി ഇവരോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും നാലംഗ സംഘം മർദിക്കുകയായിരുന്നു. മാനേജറും സ്ഥാപന ഉടമയുടെ സഹോദരനുമായ കാരാട് പുഞ്ചപ്പാടം അബ്ദുൽ റഷീദിനാണ് മർദനമേറ്റത്.
ഫോൺ പിടിച്ചുവാങ്ങി തറയിൽ എറിഞ്ഞുനശിപ്പിക്കുകയും ബാത്റൂം ഡോർ തകർക്കുകയും മാനേജറെ മുറിയിൽ പൂട്ടിയിടുകയുമായിരുന്നു. തുടർന്ന് സംഘം ലാപ്ടോപ്, ടാബ്, സി.സി.ടി.വി കാമറകൾ എന്നിവ തകർത്തു. റിസപ്ഷൻ കൗണ്ടറിലെ വലിപ്പിൽനിന്ന് 21,000 രൂപ, രജിസ്റ്റർ, ബിൽ ബുക്ക് എന്നിവയുമായി ബുള്ളറ്റിലും സ്കൂട്ടറിലുമാണ് നാലംഗ സംഘം രക്ഷപ്പെട്ടിരുന്നത്.
പ്രതികൾ ആക്രമണം നടത്തിയതെല്ലാം സ്ഥാപനത്തിലെ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. കൂട്ടുപ്രതികളായ രണ്ടു പേർക്കായി തിരച്ചിൽ ഊർജിതമാക്കി. ഫറോക്ക് എസ്.ഐമാരായ വി.എം. ജയൻ, സി. ശൈലേന്ദ്രൻ, ഇ. അബ്ദുൽ റസാക്ക് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.