വിനോദ സഞ്ചാരികൾ ആക്രമിക്കപ്പെട്ട സംഭവം: 13 പ്രതികൾ റിമാൻഡിൽ
text_fieldsകട്ടപ്പന: അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രത്തിൽ എത്തിയ കുടുംബം ആക്രമിക്കപ്പെട്ട സംഭവത്തിൽ 13 പ്രതികളെ കട്ടപ്പന മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.പെരുമ്പാവൂര്‍ പൊഞ്ഞാശ്ശേരി തപസ്യയിൽ രജിത്ത് രാജു, ഭാര്യ കവിത, രണ്ട് മക്കള്‍ എന്നിവരെ മർദ്ദിച്ച സംഭവത്തിലെ പ്രതികളായ മാലി പുല്ലുമേട് കോളനി ഭാഗത്ത് പ്രശാന്ത് (21), മാലി ശ്രീ മുരുകൻ വീട്ടിൽ ശബരി (20), പ്രശാന്ത് (25), അജിത് കുമാർ (23), മാലി മാരിഅമ്മൻകോവിൽ തെരുവ് വീട്ടിൽ അജിത് കുമാർ (26), വിവിഷൻ (18), പുതു വീട്ടിൽ മനോജ് (19), പുതുവീട്ടിൽ സുധീഷ് (18), അരുൺ, വിജയ്, സംഗീതവിലാസം വീട്ടിൽ സതീഷ്, സൂര്യ, അമരാവതി വിലാസം വീട്ടിൽ രഘു (31) എന്നിവരെയാണ് കട്ടപ്പന എസ്.ഐ കെ. ദിലീപ് കുമാറിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച വാഗമൺ സന്ദർശിച്ച ശേഷമാണ് കുടുംബം അഞ്ചുരുളിയിൽ എത്തിയത്. വണ്ടൻമേട് മാലി സ്വദേശികളായ യുവാക്കൾ യുവതിയോട് മോശമായി സംസാരിച്ചത് ഭർത്താവ് ചോദ്യം ചെയ്യുകയും തുടർന്ന് വാക്കേറ്റവും സംഘർഷവും ഉണ്ടാകുകയുമായിരുന്നു. യുവാക്കൾ കൂട്ടം ചേർന്ന് യുവതിയുടെ ഭർത്താവിനെ ആക്രമിച്ചു പരിക്കേൽപ്പിക്കുകയും നെഞ്ചിൽ കയറിയിരുന്ന് കഴുത്തിന് കുത്തിപ്പിടിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്തു.
ഇതുകണ്ട് തടസം പിടിക്കാൻ ചെന്ന അഞ്ചുരുളിയിലെ രണ്ട് വ്യാപാരികളെയും സംഘം ആക്രമിച്ചു. വാഹനങ്ങളിൽ രക്ഷപ്പെടാൻ ശ്രമിച്ച യുവാക്കളെ വിവരമറിഞ്ഞ കക്കാട്ടുകടയിലെ നാട്ടുകാർ തടഞ്ഞു വെക്കുകയായിരുന്നു. പ്രതികൾ പൊതുപ്രവർത്തകർ അടക്കം മൂന്ന് നാട്ടുകാരെയും മർദിച്ചു.
കട്ടപ്പനയിൽ നിന്ന് എത്തിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. എസ്.ഐമാരായ കെ. ഷാജി, ഡിജു, ഷംസുദ്ദീൻ, എ. എസ്.ഐ. ഹരികുമാർ, എസ്.സി.പി.ഒമാരായ ജോളി ഐസക്, ജോബിൻ, സുരേഷ്, ആന്‍റോ, സി.പി.ഒമാരായ ജിനോമോൻ, അഭിലാഷ്, ഡ്രൈവർ പ്രബീഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
ജില്ല പൊലീസ് മേധാവിയുടെ നിർദ്ദേശാനുസരണം കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ് മോന്‍റെ നേതൃത്വത്തിൽ വിശദമായ തുടർ അന്വേഷണം നടത്തി പ്രതികളുടെ മുൻകാല കുറ്റകൃത്യങ്ങൾ അടക്കം പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. കോടതി റിമാൻഡ് ചെയ്ത പ്രതികളെ പീരുമേട് സബ് ജയിലിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.