മൊബൈൽ സേവനം ലഭ്യമല്ലാത്ത ഇടുക്കി ജില്ലയിലെ 78 പ്രദേശങ്ങളിൽ ടവറുകൾ സ്ഥാപിക്കുന്നു
text_fieldsതൊടുപുഴ: ജില്ലയിലെ ആദിവാസി-വിദൂര മേഖലകളിലും വനമേഖലകളിലുമടക്കം 78 പ്രദേശങ്ങളിൽ ബി.എസ്.എൻ.എൽ വഴി ഡിസംബറിനുള്ളിൽ മൊബൈൽ ടവർ സ്ഥാപിക്കാനുള്ള നടപടി തുടങ്ങി. ഇതുവഴി വിദൂര മേഖലകളിലടക്കം 4 ജി സൗകര്യത്തോടെയുള്ള മൊബൈൽ റേഞ്ചും ഇന്റർനെറ്റും ലഭ്യമാകും.
കേന്ദ്ര സർക്കാറിന്റെ യൂനിവേഴ്സൽ സർവിസ് ഒബ്ലിഗേഷൻ ഫണ്ട് ഉപയോഗിച്ച്, ജില്ലയിൽ ഒരു മൊബൈൽ ഓപറേറ്റർമാർക്കും 4ജി കണക്ഷൻ നൽകാൻ കഴിയാത്ത ടവർ സ്ഥാപിക്കുന്നതിനുള്ള പ്രദേശങ്ങളിൽ 21 എണ്ണം കണ്ണൻദേവൻ ഹിൽ പ്ലാന്റേഷൻ പ്രദേശത്തും 35 എണ്ണം സർക്കാർ വനഭൂമിയിലും ബാക്കി വരുന്നവ സർക്കാർ/സ്വകാര്യ ഭൂമിയിലുമാണ് സ്ഥാപിക്കുന്നത്.
ആറ് ടവറുകളിൽ നിലവിലുള്ളവയുടെ ശേഷി ഉയർത്തും. ബി.എസ്.എൻ.എൽ സർവേ നടത്തി ടവർ സ്ഥാപിക്കാൻ തീരുമാനിച്ച പടമുഖം, പൊന്നടുത്താൻ, മുണ്ടൻമുടി എന്നിവിടങ്ങളിൽ ഭൂമി കണ്ടെത്താൻ ശ്രമങ്ങൾ നടന്നു വരുകയാണ്. ആറ് പ്രദേശങ്ങളിൽ ടവർ സ്ഥാപിക്കുന്നതിന് വെണ്ടർമാരുമായി കരാർ ഒപ്പിട്ട് പണി തുടങ്ങിക്കഴിഞ്ഞു.2021 ഏപ്രിലിൽ ഡീൻ കുര്യാക്കോസ് എം.പി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണമന്ത്രി രവിശങ്കർ പ്രസാദിന് കത്ത് നൽകിയിരുന്നു. ദേവികുളം മേഖലകളിലാണ് ഏറ്റവും കൂടുതൽ ടവറുകൾ സ്ഥാപിക്കുന്നതെന്ന് എം.പി പറഞ്ഞു.
ദേവികുളം നിയമസഭ മണ്ഡലത്തിൽ പുതുക്കുടി, ഇരുട്ടലക്കുടി, കാവക്കുടി, കമ്മാലക്കുടി, തായണ്ണൻകുടി, ഇന്ദിര കോളനി, കാനാക്കയം, കോഴിയളക്കുടി, വെലിയംപാറക്കുടി, അമ്പാലപ്പടിക്കുടി, ചൂരക്കെട്ടെൻ, ആറാംമൈൽ കമ്പിലൈൻ, പഴമ്പിള്ളിച്ചാൽ, കുരുതിക്കുടി, നെല്ലിപ്പാറക്കുടി, മുല്ലക്കാനം, നടുക്കുടി, ചെമ്പക്കാട്, ഇഡ്ഡലിപ്പാറക്കുടി, ഇരുപ്പുകല്ലുകുടി, കാവക്കാട്ടുകുടി,
കെപ്പക്കാട്, ഒള്ളവയൽക്കുടി, കുരിശുപാറ, പീച്ചാട്, പെട്ടിമുടി, രാജമല ഫാക്ടറി, തെൻമലെ, സൈലൻറ് വാലി, ലക്ഷ്മി എസ്റ്റേറ്റ്, മാട്ടുപ്പെട്ടി, ഗുണ്ടുമലൈ ഫാക്ടറി, എല്ലപ്പെട്ടി, ഗുണ്ടുമല, നല്ലതണ്ണി എസ്റ്റേറ്റ്, ചെണ്ടുവരൈ, ഓൾഡ് ദേവികുളം, അരുവിക്കാട് ഈസ്റ്റ്, കടലാർ ഈസ്റ്റ്, ചിറ്റുവരൈ ഈസ്റ്റ്, ചോളമലൈ, കുണ്ടല, മേത്താപ്പ്, ന്യൂചിറ്റുവരൈ, ചെണ്ടുവരൈ സൗത്ത്, പെരിയവരൈ-ആനമുടി, ചെണ്ടുവരൈ ടോപ്, കുളച്ചിവയൽക്കുടി, ചെമ്പട്ടിക്കുടി, പ്ലാമല, തലമാലി, അഞ്ചാം മൈൽ, കുഞ്ചിപ്പെട്ടി,
കൊച്ചുകുടകല്ല്, ഇരുമ്പുകുത്തി കവല, മുട്ടുകാട്, നെറ്റിമുടി എന്നീ ഭാഗങ്ങളിലും പീരുമേട് മണ്ഡലത്തിൽ പച്ചക്കാനം, അഴങ്ങാട്, മുക്കുളം, ഗ്രാമ്പി, വഞ്ചിവയൽ, ചെന്നാപ്പാറ, അമലഗിരി-നല്ലതണ്ണി, കണ്ണംപടി, മേൻമാരി, എന്നിവിടങ്ങളിലും തൊടുപുഴ മണ്ഡലത്തിൽ കൊക്കരക്കാനം, പൊന്നെടുത്താൻ, എള്ളിച്ചേരി, മക്കുവള്ളി, തെക്കൻതോണി, മുണ്ടൻമുടി, പട്ടയക്കുടി, എന്നിവിടങ്ങളിലും ഉടുമ്പൻചോല മണ്ഡലത്തിൽ തിങ്കൾക്കാട്, സന്യാസിയോട, ശൂലപ്പാറ, പന്നിയാർ, പൂപ്പാറ എന്നിവിടങ്ങളിലുമാണ് ആദ്യഘട്ടത്തിൽ ടവറുകൾ സ്ഥാപിക്കുക. നിർമാണ കാലാവധി 2023 ഡിസംബർ 31 ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.