ടൗൺ വികസനം; 23 ചെറുപട്ടണങ്ങളുടെ മാസ്റ്റർ പ്ലാൻ അംഗീകരിച്ചു -മുഖ്യമന്ത്രി
text_fieldsതലശ്ശേരി: കേരളത്തിലെ 23 ചെറുപട്ടണങ്ങളുടെ വികസന മാസ്റ്റർ പ്ലാൻ സർക്കാർ അംഗീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ധർമടം- മേലൂർ റോഡിലെ ചിറക്കുനി ടൗണിന്റെ സൗന്ദര്യവത്കരണ പ്രവൃത്തി, ധർമടം റെയിൽവേ സ്റ്റേഷൻ റോഡ് പുനരുദ്ധാരണ പ്രവൃത്തി എന്നിവ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരങ്ങളും ഗ്രാമങ്ങളും നവീകരിക്കുമ്പോൾ ശുചിത്വമാണ് പ്രധാനം.
നോർവേ യാത്രക്കിടയിൽ സംസാരിച്ച ഒരു കുട്ടി കേരളത്തിലെ പട്ടണങ്ങളിൽ ചവറിടാൻ ബിന്നുകളില്ലാത്തതിനെപ്പറ്റി സൂചിപ്പിച്ചു. മിഠായി കവറിടാൻ ബിൻ കണ്ടില്ല എന്നതായിരുന്നു ആ കുഞ്ഞിന്റെ പരാതി. മാലിന്യ സംസ്കരണം നമ്മുടെ ജീവിതത്തിന്റെ ഭാഗമാവണം. ചവറുകൾ വലിച്ചെറിയുന്നത് അവസാനിപ്പിക്കണം -മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഡോ. വി. ശിവദാസൻ എം.പി അധ്യക്ഷത വഹിച്ചു. ചിറക്കുനി ടൗൺ നവീകരണത്തിന് മൂന്നുകോടി രൂപയുടെ ഭരണാനുമതിയാണ് സർക്കാർ നൽകിയത്. ഓട, ടൈൽസ് പതിച്ച നടപ്പാത, ബസ് ഷെൽട്ടർ, മിനി സ്റ്റേജ്, ആർട്ട് വാൾ, ചിറക്കുനി-ധർമടം റെയിൽവേ സ്റ്റേഷൻ റോഡ് ടാറിങ് എന്നിവയാണ് ടൗൺ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നടത്തിയത്.
മുഖ്യമന്ത്രിയുടെ ധർമടം മണ്ഡലം പ്രതിനിധി പി. ബാലൻ, ധർമടം പഞ്ചായത്ത് പ്രസിഡൻറ് എൻ.കെ. രവി, വൈസ് പ്രസിഡൻറ് കെ. ഷീജ, ജില്ല പഞ്ചായത്തംഗം കോങ്കി രവീന്ദ്രൻ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബൈജു നങ്ങാരത്ത്, കെ. സീമ, ധർമടം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം.പി. മോഹനൻ, പഞ്ചായത്തംഗം കെ.കെ. നിഷ, പൊതുമരാമത്ത് നിരത്തുകൾ വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ എം. ജഗദീഷ്, അസി. എക്സിക്യൂട്ടിവ് എൻജിനീയർമാരായ കെ.ഷീല ചോറൻ, ഇ. വിഷ്ണുദാസ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.