Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒഞ്ചിയത്തെ വിപ്ലവ...

ഒഞ്ചിയത്തെ വിപ്ലവ പാരമ്പര്യത്തെ ഒറ്റുകൊടുത്തതിന് യു.ഡി.എഫ് നല്‍കിയ പാരിതോഷികമാണ് എം.എല്‍.എ സ്ഥാനം; കെ.കെ. രമക്കെതിരെ ടി.പി. ബിനീഷ്

text_fields
bookmark_border
ഒഞ്ചിയത്തെ വിപ്ലവ പാരമ്പര്യത്തെ ഒറ്റുകൊടുത്തതിന് യു.ഡി.എഫ് നല്‍കിയ പാരിതോഷികമാണ് എം.എല്‍.എ സ്ഥാനം; കെ.കെ. രമക്കെതിരെ ടി.പി. ബിനീഷ്
cancel

കോഴിക്കോട്: ഒഞ്ചിയത്തെ വിപ്ലവ പാരമ്പര്യത്തെ ഒറ്റുകൊടുത്തതിന് യു.ഡി.എഫ് നല്‍കിയ പാരിതോഷികമാണ് വടകരയിൽ കെ.കെ. രമയുടെ എം.എല്‍.എ സ്ഥാനമെന്ന് സി.പി.എം ഒഞ്ചിയം ഏരിയ സെക്രട്ടറി ടി.പി. ബിനീഷ്. ഒഞ്ചിയത്ത് ആർ.എം.പി രൂപീകരിച്ചത് നയപരമായ പ്രശ്നങ്ങളെ തുടർന്നായിരുന്നില്ലെന്നും മറിച്ച് പാര്‍ലമെന്ററി അവസരവാദവും സംഘടനാ തത്വങ്ങളുടെ ലംഘനവും കാരണമാണെന്നും ടി.പി. ബിനീഷ് ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.

'2008ൽ ഏറാമല പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം മുന്നണി തീരുമാന പ്രകാരം കൈമാറേണ്ട ഘട്ടം വന്നപ്പോഴാണ് പാര്‍ലമെന്ററി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ പരസ്യപ്രതിഷേധത്തിലേക്ക് വഴിമാറ്റി പുതിയ പാര്‍ടി രൂപീകരിക്കുന്നത്. നയപരമായ പ്രശ്നങ്ങളായിരുന്നില്ല ഒഞ്ചിയത്തുണ്ടായത്. മറിച്ച് പാര്‍ലമെന്ററി അവസരവാദവും, സംഘടനാ തത്വങ്ങളുടെ ലംഘനവുമായിരുന്നു. ഒഞ്ചിയം പഞ്ചായത്തില്‍ യു.ഡി.എഫ് പിന്തുണയിലാണ് അവര്‍ അധികാരത്തിലെത്തിയത്. സി.പി.എമ്മില്‍ നിന്നും ആളുകളെ തെറ്റിധരിപ്പിച്ച് യു.ഡി.എഫിലേക്കെത്തിക്കുന്ന പാലമായിട്ടാണ് ഇക്കാലമത്രയുമവര്‍ പ്രവര്‍ത്തിച്ചതെന്നും ടി.പി. ബിനീഷ് കുറ്റപ്പെടുത്തി.

ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണരൂപം

ഒഞ്ചിയത്തെ വിപ്ലവ പാരമ്പര്യത്തെ ഒറ്റുകൊടുത്തതിന് യു.ഡി.എഫ് നല്‍കിയ പാരിതോഷികം തന്നെയാണ് വടകര എം.എല്‍.എ സ്ഥാനം.

1939 ല്‍ പിണറായി പാറപ്രത്ത് കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ ആദ്യ സമ്മേളനം നടന്ന വര്‍ഷം തന്നെയാണ് കുന്നുമ്മക്കര കേന്ദ്രീകരിച്ച് ഒഞ്ചിയത്ത് പാര്‍ടിയുടെ ആദ്യ സെല്‍ രൂപീകൃതമാവുന്നത്.

സഃമണ്ടോടി കണ്ണനെ പോലുള്ള ധീരരായ പോരാളികളുടെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി ഒഞ്ചിയത്ത് ശക്തമായ ബഹുജന സ്വാധീനമുള്ള പാര്‍ടിയായി വളര്‍ന്നു വരുന്നതിനെ ഏതു ഹീനമായ മാർഗ്ഗത്തിലൂടെയും തകര്‍ക്കാന്‍ ശ്രമിച്ചവരാണ് കോണ്‍ഗ്രസുകാര്‍.അതിനായി അവര്‍ ദേശരക്ഷാ സേനയെന്ന ചെറുപയര്‍ പട്ടാളത്തിന് നേതൃത്വം നല്‍കി കമ്മ്യൂണിസ്റ്റ്കാരെ വേട്ടയാടി.ഒളിവില്‍ കഴിയുന്ന കമ്മ്യൂണിസ്റ്റ്കാരെ പിടികൂടി പോലീസിലേല്‍പ്പിക്കുന്ന അട്ടംപരതിമാര്‍ അങ്ങനെയാണുണ്ടായത്.1948 ആയപ്പൊഴേക്കും കുറുമ്പ്രനാട് താലൂക്കിലെ(ഇന്നത്തെ വടകര,കൊയിലാണ്ടി താലൂക്കൂകള്‍ ചേര്‍ന്നത്) കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ ശക്തിദുര്‍ഗമായി ഒഞ്ചിയം മാറി.അത്കൊണ്ടാണ് കല്‍ക്കത്തയില്‍ ചേർന്ന രണ്ടാം പാര്‍ടി കോണ്‍ഗ്രസിന്റെ തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള രഹസ്യയോഗം ചേരാന്‍ ഒഞ്ചിയം തന്നെ തെരെഞ്ഞെടുത്തതും.യോഗവിവരം ചോര്‍ത്തിയെടുത്ത് കോണ്‍ഗ്രസ് പോലീസിന് കൈമാറി.പാര്‍ടി നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യാനായിരുന്നു പദ്ധതി.അന്ന് ഇതുപോലെയുള്ള യാത്രാസൗകര്യങ്ങളില്ല.പുലര്‍ച്ചെ ചോമ്പാലയില്‍ വന്നിറങ്ങിയ പോലീസിന് ഒഞ്ചിയത്തേക്കുള്ള വഴിയറിയില്ലായിരുന്നു.ആ ദൗത്യമേറ്റെടുത്തത് കോണ്‍ഗ്രസുകാരായിരുന്നു.അവര്‍ കത്തിച്ച ചൂട്ടുകളുടെ വെളിച്ചത്തില്‍ ഒഞ്ചിയത്തേക്ക് പോലീസ് മാര്‍ച്ച് ചെയ്തു.മണ്ടോടി കണ്ണന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ വീടുകള്‍ പോലീസിന് കാട്ടികൊടുത്തതും അവരായിരുന്നു.നേതാക്കളെ ആരെയും കിട്ടാതായപ്പോള്‍ കര്‍ഷക കാരണവര്‍ പുളിയുള്ളതില്‍ ചോയിയേയും മകന്‍ കണാരനെയും പോലീസ് കസ്റ്റഡിയിലെടുത്തു.അന്യായമായി കസ്റ്റഡിയിലെടുത്തവരെ വിട്ടുകിട്ടണമെന്നാവശ്യവുമായി ചെന്നാട്ട്താഴ വയലില്‍ തടിച്ചു കൂടിയ ജനക്കൂട്ടത്തിന് നേരെ പോലീസ് നടത്തിയ വെടിവെപ്പിലാണ് എട്ടു സഖാക്കള്‍ രക്തസാക്ഷികളാവുന്നത്.സ്വതന്ത്ര ഇന്ത്യയിലെ കോണ്‍ഗ്രസ് കാടത്തമായിരുന്നു അന്നത്തെ വെടിവെപ്പ്.കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആഹ്വാനം ശിരസ്സാവഹിച്ച പോലീസുകാര്‍ മണ്ടോടി കണ്ണനെ കിട്ടാനായി ഒഞ്ചിയമാകെ അരിച്ചുപെറുക്കി.തന്റെ പേരില്‍ ഒരു ഗ്രാമമാകെ പോലീസ് ഭീകരത നടമാടിയപ്പോഴാണ് മണ്ടോടി കണ്ണന്‍ പോലീസിന് പിടികൊടുക്കുന്നത്.വടകര ലോക്കപ്പില്‍ വെച്ച് ഭീകരമായ മര്‍ദ്ദനങ്ങള്‍ക്കിടയിലും നെഹ്റുവിനും കോണ്‍ഗ്രസിനും ജയ് വിളിക്കണമെന്നതായിരുന്നു പോലീസിന്റെ ആവശ്യം.ഓരോ അടിയിലും തളരാതെ വര്‍ദ്ദിതവീര്യത്തോടെ കണ്ണന്‍ കമ്മ്യൂണിസ്റ്റ് പാര്‍ടിക്ക് സിന്ദാബാദ് വിളിച്ചു.തന്റെ ദേഹമാസകലം പൊട്ടിയൊലിച്ച ചോരയില്‍ കൈമുക്കി മനുഷ്യവിമോചന ചിഹ്നമായ അരിവാള്‍ ചുറ്റിക ലോക്കപ്പ് ഭിത്തിയില്‍ വരച്ചുവെച്ച് കണ്ണന്‍ മര്‍ദ്ദക വീരന്‍മാരായ പോലീസുകാരെ തോല്‍പ്പിച്ചു.

അവസാനം ശ്വാസം വരെ താന്‍ ജീവനുതുല്യം സ്നേഹിച്ച പാര്‍ടിയെ ഒറ്റുകൊടുക്കാന്‍ കണ്ണന്‍ തയ്യാറായിരുന്നില്ല.കടുത്തപോലീസ് മര്‍ദ്ദനത്തെ തുടര്‍ന്നാണ് മണ്ടോടി കണ്ണനും,കൊല്ലാച്ചേരി കുമാരനും രക്തസാക്ഷികളായത്.ഈ ഉജ്ജ്വലമായ വിപ്ലവ പാരമ്പര്യമാണ് ഒഞ്ചിയമെന്ന ഗ്രാമത്തെ കേരളചരിത്രത്തില്‍ അടയാളപ്പെടുത്തിയത്.

2008 ല്‍ ഏറാമല പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം മുന്നണി തീരുമാന പ്രകാരം കൈമാറേണ്ട ഘട്ടം വന്നപ്പോഴാണ് പാര്‍ലമെന്ററി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ പരസ്യപ്രതിഷേധത്തിലേക്ക് വഴിമാറ്റി പുതിയപാര്‍ടി രൂപീകരിക്കുന്നത്.നയപരമായ പ്രശ്നങ്ങളായിരുന്നില്ല ഒഞ്ചിയത്തുണ്ടായത്.മറിച്ച് പാര്‍ലമെന്ററിഅവസരവാദവും,സംഘടനാ തത്വങ്ങളുടെ ലംഘനവും.

2009 ലെ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പ് മുതല്‍ അവര്‍ മത്സരിച്ച് തുടങ്ങി.സി.പി.എമ്മിന് വോട്ട് ചെയ്താലും കോണ്‍ഗ്രസിന് വോട്ട് ചെയ്യിലെന്ന് അണികളെ ആവേശത്തിലാക്കാന്‍ നേതാക്കളുടെ പ്രസംഗം അരങ്ങില്‍ തകര്‍ക്കുമ്പോഴും അണിയറയില്‍ ഒറ്റുകാര്‍ വെള്ളിനാണയ തുട്ടുകളെത്രയെന്ന വിലപേശലിലായിരുന്നു....

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയായിരുന്നു 2010 ലെ പഞ്ചായത്ത് തെരെഞ്ഞെടുപ്പ്.

ഒഞ്ചിയം പഞ്ചായത്തില്‍ യു.ഡി.എഫ് പിന്തുണയില്‍ അവര്‍ അധികാരത്തിലെത്തി.

2011 ലെ നിയമസഭാ തെരെഞ്ഞെടുപ്പിലും 2014 ലെ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പിലും മത്സരിച്ചു.

2015 ല്‍ ഒഞ്ചിയം പഞ്ചായത്തില്‍ സി.പി.ഐ(എം) ഏറ്റവും വലിയ ഒറ്റകക്ഷിയായി.2016 ല്‍ ഇപ്പോഴത്തെ എം.എല്‍.എ മത്സരിച്ചു മൂന്നാം സ്ഥാനത്തായി.വര്‍ഷങ്ങള്‍ ഓരോന്ന് കഴിയുമ്പോഴും വളര്‍ച്ച പടവലങ്ങ പോലെ താഴോട്ടായി.2019 ല്‍ ഒളിവിലെ ചങ്ങാത്തം പരസ്യമാക്കി യു.ഡി.എഫും ജമാഅത്തെ ഇസ്ലാമിയുമെല്ലാം ചേര്‍ന്ന ജനകീയ മുന്നണി രൂപീകരിച്ചു.2019 ലെ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് പരസ്യപിന്തുണ നല്‍കി.നാള്‍ക്കു നാള്‍ ദുര്‍ബലമായികൊണ്ടിരിക്കുന്ന അവര്‍ക്ക് നിലനില്‍ക്കണമെങ്കില്‍ പരസ്യമായി യു.ഡി.എഫി നെ പിന്തുണക്കുക എന്നതായിരുന്നു മാര്‍ഗം,മറ്റെല്ലാവരെയും പോലെ....

ഇത് തന്നെയാണ് 2008 ല്‍ സി.പി.ഐ(എം) പറഞ്ഞതും.സി.പി.ഐ(എം) ല്‍ നിന്നും ആളുകളെ തെറ്റിധരിപ്പിച്ച് യു.ഡി.എഫിലേക്കെത്തിക്കുന്ന പാലമായിട്ടാണ് ഇക്കാലമത്രയുമവര്‍ പ്രവര്‍ത്തിച്ചത്.

2020 ലെ പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ യു.ഡി.എഫുമായി ചേര്‍ന്ന് ആദ്യമായിവര്‍ ഭരണം പങ്കിട്ടു.ആദ്യകാലങ്ങളില്‍ നിരുപാധിക പിന്തുണ നല്‍കിയ യു.ഡി.എഫ് പിന്നീട് അധികാരപങ്കാളികളായി.2020 ല്‍ സി.പി.ഐ(എം) നില പിന്നെയും മെച്ചപ്പെടുത്തി.2010 ലും,15 ലും നഷ്ടപ്പെട്ട വടകര ബ്ലോക്ക് പഞ്ചായത്ത് (ഒഞ്ചിയം ഏരിയയിലെ എല്ലാ പഞ്ചായത്തുകളും ചേര്‍ന്നതാണ് വടകര ബ്ലോക്ക്) ഇവരില്‍ നിന്ന് തിരിച്ചു പിടിച്ച് ഇടതുപക്ഷ ജനാധിപത്യമുന്നണി ശക്തമായ രാഷ്ട്രീയമായ മുന്നേറ്റം നടത്തി.ഏരിയയിലെ രണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.

ഒഞ്ചിയം പഞ്ചായത്തില്‍ 2010 ല്‍ 5 വാര്‍ഡുകളില്‍ മാത്രം ജയിച്ച സി.പി.ഐ(എം) ന് 2015 ല്‍ 7 വാര്‍ഡുകളിലും 2020 ല്‍ 8 വാര്‍ഡുകളിലും ജയിക്കാനായി.

2010 ല്‍ 8 സീറ്റില്‍ ജയിച്ച ആര്‍.എം.പിക്ക് 2015 ല്‍ 6 വാര്‍ഡുകളിലും 2020 ല്‍ 4 വാര്‍ഡുകളിലും മാത്രമാണ് ജയിക്കാനായത്.

2021 ലെ നിയമസഭാ തെരെഞ്ഞെടുപ്പില്‍ അവര്‍ക്കായി വടകര സീറ്റ് യു.ഡി.എഫ് ഒഴിച്ചിട്ടു.ആര്‍.എം.പി ക്കല്ല കെ.കെ.രമക്കാണ് സീറ്റെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.

ആര്‍.എം.പി സംസ്ഥാന സെക്രട്ടറി അമര്‍ഷത്തോടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും നടത്തി.ഇപ്പൊഴത്തെ വടകര എം.എല്‍.എ 2016 ലെ നിയമസഭാ തെരെഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ട വ്യക്തിയല്ലേ ?

എന്തേ അന്നവര്‍ ജയിച്ചില്ല ?

ഒഞ്ചിയത്തിന്റെ വിപ്ലവ പാരമ്പര്യം ഒറ്റികൊടുത്തതിനുള്ള പാരിതോഷികമായിട്ടാണ് കോണ്‍ഗ്രസ് വടകര സീറ്റ് കെ.കെ.രമക്കായി മാറ്റിവെച്ചതും....

ഇത് ഇക്കഴിഞ്ഞ ജൂലൈ 5ന് ഭരണകൂട ഭീകരതയുടെ രക്തസാക്ഷി സി.എച്ച്.അശോകന്‍ ദിനത്തില്‍ സി.പി.ഐ(എം) കേന്ദ്രകമ്മറ്റിയംഗം സഃഎളമരം കരീം പ്രസംഗിച്ചപ്പോള്‍ പുതിയതെന്തോ പറഞ്ഞെന്ന മട്ടിലാണ് മാധ്യമങ്ങള്‍ അതിനെ ചര്‍ച്ചക്കെടുത്തതും.

ആര്‍.എം.പി യു.ഡി.എഫുമായി ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയെ തുടര്‍ന്നാണ് എന്‍.ജി.ഒ യുണിയന്റെ മുന്‍ സംസ്ഥാന സെക്രട്ടറി കുടിയായ സഃസി.എച്ച്.അശോകനെ കള്ളക്കേസില്‍ കുടുക്കിയതും ചികിത്സപോലും നിഷേധിച്ച് പീഡീപിച്ച് കൊലപ്പെടുത്തിയതും.ഭരണകൂട ഭീകരതയുടെ രക്തസാക്ഷിയായ സഃസി.എച്ചിന്റെ അനുസ്മരണ ദിനത്തിലാണ് ആര്‍.എം.പിയുടെ രാഷ്ട്രീയ പാപ്പരത്തത്തെയും വലതുപക്ഷ വ്യതിയാനത്തെയുമെല്ലാം സഃഎളമരം കരീം വിമര്‍ശിച്ചത്.മാവൂര്‍ ഗ്വാളിയോര്‍ റയേണ്‍സിലെ തൊഴിലാളികളെ സംഘടിപ്പിച്ചതെന്തോ വലിയ അപരാധമായിപ്പോയെന്ന തരത്തിലാണിപ്പോള്‍ ഇക്കൂട്ടരുടെ വിമര്‍ശനം.

തൊഴിലാളികളെ അഭിമാനബോധമുള്ളവരാക്കി വളര്‍ത്തിയെടുത്തു കൊണ്ടാണ് എളമരംകരീം തന്റെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചതും ഇപ്പോള്‍ പാര്‍ലമെന്റിലെ സി.പി.ഐ.എമ്മിന്റെ നേതാവായതും.

അല്ലാതെ തന്റെ രാഷ്ട്രീയ ദര്‍ശനങ്ങളെ ബലികഴിച്ചല്ല.

ഒഞ്ചിയത്തിന്റെ പ്രതിസന്ധി കാലത്ത് ഒഞ്ചിയത്തിന്റെ വിപ്ലവപാരമ്പര്യമുയര്‍ത്തി പിടിക്കാനും,പ്രതിലോമ ആശയങ്ങളെ തുറന്നെതിര്‍ക്കാനും സഖാക്കളുടെ നേതൃത്വമായി അദ്ദേഹം മുന്നിലുണ്ടായിരുന്നു.

ഒറ്റുകാര്‍ക്ക് അദ്ദേഹത്തോട് അരിശം തോന്നുക സ്വാഭാവികം.......

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KK RemaTP Bineesh
News Summary - TP Bineesh facebook post against KK Rema
Next Story