കുഞ്ഞനന്തന് നടക്കാൻ വയ്യ; ചികിത്സ ജയിലിൽതന്നെ ആകാമെന്ന് ഹൈകോടതി
text_fieldsകൊച്ചി: ടി.പി. ചന്ദ്രശേഖരന് വധക്കേസ് പ്രതിയും സി.പി.എം പാനൂര് ഏരിയ കമ്മിറ്റി അംഗവുമായ പി.കെ. കുഞ്ഞനന്തന് ജയിലിൽ കിടന്ന് ചികിത്സ തേടാവുന്നതേയുള്ളൂവെന്ന് ഹൈകോടതി. ജയിലിൽ നല്ല ചികിത്സ ലഭ്യമാണെന്നും ആവശ്യങ്ങൾക്ക് സഹതടവുകാരുടെ സഹായം ലഭിക്കുമെന്നും ജസ്റ്റിസുമാരായ എ.എം. ഷഫീഖ്, എ.എം. ബാബു എന്നിവരടങ്ങിയ ബെഞ്ച് വാക്കാൽ പറഞ്ഞു.
രോഗബാധിതനായതിനാൽ ശിക്ഷ മരവിപ്പിച്ച് പരോൾ അനുവദിക്കണമെന്ന കുഞ്ഞനന്തെൻറ ഹരജിയാണ് കോടതി പരിഗണിച്ചത്. കുഞ്ഞനന്തന് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും അടിയന്തര ചികിത്സ അനിവാര്യമാണെന്നും കാണിക്കുന്ന മെഡിക്കൽ റിപ്പോർട്ട് സർക്കാർ കോടതിയിൽ ഹാജരാക്കി. തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന് ജനുവരി 31ന് ഡോ. ആർ. അരവിന്ദ് തയാറാക്കി നൽകിയ മെഡിക്കൽ റിപ്പോർട്ട്് പ്രകാരം മൂന്നുമാസമായി പല സ്ഥലങ്ങളിൽ ചികിത്സയിലായിരുന്നെന്നും ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണെന്നും വ്യക്തമാക്കി.
സെർവിക്കൽ സ്പോണ്ടിലോസിസ്, ആർത്രൈറ്റിസ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്തു ശാരീരികബുദ്ധിമുട്ടാണ് ഉള്ളതെന്നും ജയിലിൽ കഴിയാൻ എന്താണ് തടസ്സമെന്നും കോടതി ആരാഞ്ഞു. അർബുദബാധയുണ്ടോയെന്ന് സംശയമുണ്ടെന്നും നടക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും കുഞ്ഞനന്തെൻറ അഭിഭാഷകൻ അറിയിച്ചു. ഏഴുവർഷമായി ശിക്ഷ അനുഭവിക്കുകയാണെന്നും വ്യക്തമാക്കി. എന്നാൽ, പലപ്പോഴും പരോളിൽ പുറത്താണ് കഴിയുന്നതെന്നാണ് കേട്ടറിവെന്ന് കോടതി ചൂണ്ടിക്കാട്ടി.
ശിക്ഷ തുടങ്ങി രണ്ടുവർഷത്തിനുശേഷം നിയമാനുസൃതം ലഭിക്കുന്ന പരോൾ മാത്രമാണ് ലഭിച്ചതെന്നായിരുന്നു മറുപടി. തുടർന്ന്, കുഞ്ഞനന്തെൻറ ശാരീരിക പ്രശ്നങ്ങൾ വ്യക്തമായി സമർപ്പിക്കാൻ കോടതി നിർദേശിച്ചു. മെഡിക്കൽ റിപ്പോർട്ടിെൻറ പകർപ്പ് കേസിലെ മറ്റുകക്ഷികൾക്ക് നൽകാൻ നിർദേശിച്ച കോടതി ഹരജി ഇൗ മാസം എട്ടിന് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.