ടി.പി കേസിൽ ശിക്ഷ ഇളവിന് ശ്രമം: വീണ്ടും തെളിയുന്നത് സി.പി.എമ്മിന്റെ പങ്ക്
text_fieldsകോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ശിക്ഷയിൽ ഇളവുലഭിക്കാൻ സംസ്ഥാന സർക്കാർ ശ്രമം നടത്തിയതോടെ വീണ്ടും ചർച്ചയായത് കേസിൽ സി.പി.എമ്മിന്റെ പങ്ക്. ദീർഘകാലം തടവിൽ കഴിയുന്നവർക്ക് ഇളവ് നൽകാനുള്ള സർക്കാറിന്റെ വിവേചനാധികാരമുപയോഗിച്ച് മറ്റുള്ളവർക്കൊപ്പം ടി.പി കേസ് പ്രതികളായ ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവർക്ക് ശിക്ഷ ഇളവ് ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം.
ഇതുമായി ബന്ധപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് പൊലീസ് റിപ്പോർട്ട് തേടിയതോടെ, വിവാദവും പ്രതിഷേധവുമുയരുകയും നീക്കത്തിൽനിന്ന് ബന്ധപ്പെട്ടവർ താൽക്കാലികമായി പിൻവാങ്ങുകയും ചെയ്തെങ്കിലും പാർട്ടിയെയും സർക്കാറിനെയും വീണ്ടും കരിനിഴലിലാക്കുന്നതായി നടപടികൾ. ടി.പി വധത്തിൽ പാർട്ടിക്ക് പങ്കില്ലെന്നാണ് കൊലപാതകമുണ്ടായ നാൾമുതൽ സി.പി.എം ആവർത്തിക്കുന്നത്. അങ്ങനെയെങ്കിൽ പ്രതികൾക്കായി പാർട്ടിയും സർക്കാറും എന്തിനാണ് അനർഹമായി ഒത്താശ ചെയ്യുന്നതെന്നാണ് പ്രവർത്തകരിൽ നിന്നടക്കം ഉയരുന്ന ചോദ്യം.
കൊടി സുനി അടക്കം പ്രതികൾ ജയിലിൽ ലഹരി ഉപയോഗിച്ചതിനും ജയിൽ വാർഡന്മാരെ ആക്രമിച്ചതിനും ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതിനും സ്വർണക്കടത്തും ക്വട്ടേഷൻ പ്രവർത്തനവും ആസൂത്രണം ചെയ്തതിനും പല ഘട്ടങ്ങളിലായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. ഇവയിലൊന്നും അന്വേഷണം മുന്നോട്ടുപോയിട്ടില്ലെന്നു മാത്രമല്ല പ്രതികളെ നിലവിലെ ജയിലിൽനിന്ന് മാറ്റി കേസന്വേഷണം അവസാനിപ്പിക്കുന്നതാണ് പതിവുരീതി. പ്രതികളെ ജയിലുകളിൽനിന്ന് വിവിധ ആവശ്യങ്ങൾക്ക് പുറത്തേക്ക് കൊണ്ടുപോകുമ്പോൾ ‘വി.ഐ.പി പരിഗണന’ നൽകുന്നതും വലിയ ചർച്ചയാണ്.
പ്രതികൾക്ക് ശിക്ഷ ഇളവിന് ശ്രമം നടത്തിയത്. അതേസമയം, ടി.പിയെ കൊല്ലിച്ചതാരെന്ന സത്യം പ്രതികൾ വിളിച്ചുപറയാതിരിക്കാനാണ് പാർട്ടി തുടർ പരോൾ അടക്കം ഓഫറുകൾ നൽകുന്നതെന്നും വിമർശനമുണ്ട്. വടകര ലോക്സഭ മണ്ഡലത്തിൽ 1.14 ലക്ഷം വോട്ടിന് കെ.കെ. ശൈലജ തോറ്റതിനുള്ള കാരണങ്ങളിലൊന്ന് ടി.പി വധത്തിന്റെ ‘പാപഭാരത്തിൽ’നിന്ന് പാർട്ടിക്ക് മോചനം ലഭിക്കാത്തതാണെന്നാണ് വലിയൊരുവിഭാഗം ഇപ്പോഴും കരുതുന്നത്.
ടി.പി കൊല്ലപ്പെട്ടിട്ട് പതിറ്റാണ്ടു കഴിഞ്ഞെങ്കിലും പ്രതികൾക്ക് സർക്കാർ തുടർ പരോൾ അനുവദിക്കുന്നതും അവരുടെ വിവാഹത്തിലടക്കം പ്രമുഖ നേതാക്കൾ പങ്കെടുത്തതുമെല്ലാം വിമർശനങ്ങൾക്കിടയാക്കിയിരുന്നു. പ്രതികൾക്ക് ഒരു കാരണവശാലും ശിക്ഷായിളവ് നൽകരുതെന്ന് ഹൈകോടതി വിധിയിൽ പറഞ്ഞതിനാൽ സർക്കാർ പ്രതികൾക്കായി നടത്തുന്നത് കോടതിവിധിയുടെ ലംഘനമാണെന്നാണ് ആർ.എം.പി.ഐയും കോൺഗ്രസും ചൂണ്ടിക്കാട്ടുന്നത്.
സ്വാഭാവികമെന്ന് ജയിലധികൃതർ; റിപ്പോർട്ട് നൽകിയില്ലെന്ന് പൊലീസ്
ടി.പി. ചന്ദ്രശേഖരൻ കേസിലെ പ്രതികളായ ടി.കെ. രജീഷ്, അണ്ണൻ സിജിത്ത്, മുഹമ്മദ് ഷാഫി ഉൾപ്പെടെയുള്ള 56 തടവുകാർക്ക് ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് റിപ്പോർട്ട് തേടിയത് സ്വാഭാവിക നടപടി ക്രമമാണെന്ന് കണ്ണൂർ സെൻട്രൽ ജയിൽ അധികൃതർ. കേന്ദ്ര സർക്കാറിന്റെ ‘ആസാദി കാ അമൃത്’ പദ്ധതിയുടെ ഭാഗമായി തടവുകാർക്ക് ഇളവിന് അർഹതയുണ്ട്. ഇതുപ്രകാരം 2023 ജനുവരിയിൽ ഒരു പട്ടിക സർക്കാറിന് നൽകി. തടവുകാരുടെ പൊലീസ് വെരിഫിക്കേഷൻ റിപ്പോർട്ടും വേണമെന്ന് ആവശ്യപ്പെട്ടു. അതുപ്രകാരമാണ് സിറ്റി പൊലീസ് കമീഷണറോട് റിപ്പോർട്ട് തേടിയത്.
റിപ്പോർട്ട് ലഭിച്ചാൽ സൂക്ഷ്മപരിശോധന നടത്തി ജയിൽ വകുപ്പ് ആസ്ഥാനത്തേക്ക് അയക്കും. അവിടെനിന്നുള്ള പ്രത്യേക സമിതി പരിശോധിച്ച് ആഭ്യന്തര വകുപ്പിനും ഗവർണർക്കും കൈമാറിയശേഷം ചിലർക്ക് ശിക്ഷ കാലാവധിയിൽ മാസങ്ങളുടെ ഇളവ് ലഭിക്കും. അല്ലാതെ ആരെയും മോചിപ്പിക്കാൻ ഇതുവഴി കഴിയില്ലെന്നും ജയിൽ വകുപ്പ് അധികൃതർ പറഞ്ഞു.
അതേസമയം, ജയിൽ വകുപ്പിന്റെ കത്തിന് മറുപടി നൽകിയില്ലെന്ന് സിറ്റി പൊലീസ് കമീഷണർ അറിയിച്ചു. ജയിൽ സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് പട്ടിക തയാറാക്കുന്നത്. ജയിൽ ഉപദേശക സമിതിക്ക് ഇതിൽ പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.