ടി.പി ചന്ദ്രശേഖരൻ വധക്കേസ്: പ്രതികൾക്ക് വധശിക്ഷയില്ല; ആറുപേരുടെ ശിക്ഷ ഇരട്ട ജീവപര്യന്തമാക്കി; 20 വർഷത്തേക്ക് പരോളില്ല
text_fieldsകൊച്ചി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ ഒമ്പത് പ്രതികൾക്ക് ഇളവില്ലാതെ തുടർച്ചയായി 20 വർഷം തടവുശിക്ഷ വിധിച്ച് ഹൈകോടതി. ഇതിൽ ആറ് പ്രതികളുടെ ജീവപര്യന്തം ശിക്ഷ ഇരട്ട ജീവപര്യന്തമായി വർധിപ്പിച്ചു. പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചെങ്കിലും കടുത്ത ഉപാധികളോടെ ജീവപര്യന്തം വർധിപ്പിച്ച് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്. വിചാരണക്കോടതി വെറുതെവിട്ടെങ്കിലും ഹൈകോടതി കുറ്റക്കാരായി കണ്ടെത്തിയ പത്തും പന്ത്രണ്ടും പ്രതികളായ കെ.കെ. കൃഷ്ണൻ, ജ്യോതിബാബു എന്നിവർക്ക് ജീവപര്യന്തവും വിധിച്ചു. ശിക്ഷ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സർക്കാറും ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ എം.എൽ.എയും നൽകിയ ഹരജികളാണ് കോടതി പരിഗണിച്ചത്.
ഒന്നുമുതൽ അഞ്ചുവരെ പ്രതികളായ അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, ഏഴാംപ്രതി കെ. ഷിനോജ് എന്നിവരുടെ ശിക്ഷയാണ് ഇരട്ട ജീവപര്യന്തമാക്കിയത്. ഈ ആറ് പേർക്കുപുറമെ ആറാംപ്രതി അണ്ണൻ സിജിത്, എട്ടാംപ്രതി കെ.സി. രാമചന്ദ്രൻ, 11ാം പ്രതി ട്രൗസർ മനോജൻ എന്നിവർക്കും 20 വർഷത്തിനിടെ ഇളവ് അനുവദിക്കരുതെന്ന് ഉത്തരവിൽ പറയുന്നു. 18ാം പ്രതി പി.വി. റഫീഖിന് വിചാരണ കോടതി വിധിച്ച ജീവപര്യന്തം നിലനിർത്തി. 31ാം പ്രതി ലംബു എന്ന എം. കെ. പ്രദീപനും വിചാരണക്കോടതി വിധിച്ച ശിക്ഷയായ മൂന്നുവർഷം തടവ് അനുഭവിച്ചാൽ മതി. ശിക്ഷ ശരിവച്ചതിനെ ത്തുടർന്ന് പ്രദീപന്റെ നിലവിലെ ജാമ്യം കോടതി റദ്ദാക്കി. നിലവിൽ ശിക്ഷ അനുഭവിച്ച കാലയളവ് കഴിച്ച് ശേഷിക്കുന്ന കാലത്തേക്കാണ് പ്രതികൾ ശിക്ഷ അനുഭവിക്കേണ്ടത്. വിചാരണക്കോടതിയുടെ ശിക്ഷാവിധിയുണ്ടായ 2014 ജനുവരി മുതൽ 31ാം പ്രതി ഒഴികെയുള്ള 11 പ്രതികൾ ജയിലിലാണ്.
സാധാരണ ജീവപര്യന്തം തടവ് ലഭിച്ചവരെ 14വർഷത്തിനുശേഷം സർക്കാറിന് മോചിപ്പിക്കാം. എന്നാൽ, ഇവരിൽ ഒമ്പത് പ്രതികൾക്ക് ഇനി പത്തുവർഷം ഇളവില്ലാതെ ജയിലിൽ തുടരേണ്ടിവരും. പുതുതായി ശിക്ഷിക്കപ്പെട്ട കെ.കെ. കൃഷ്ണനും ജ്യോതി ബാബുവും ഇപ്പോൾ മുതൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കണം. ഒന്നുമുതൽ അഞ്ചുവരെ പ്രതികൾക്കും ഏഴാം പ്രതിക്കുമെതിരെ വിചാരണക്കോടതി ഗൂഢാലോചനക്കുറ്റം ചുമത്തിയിരുന്നില്ല. കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായ ഇവർക്കെതിരെ കൊലപാതകത്തിനുള്ള ജീവപര്യന്തമാണ് വിധിച്ചിരുന്നത്. നിയമവിരുദ്ധമായി സംഘം ചേരൽ, ആയുധങ്ങളുമായി കലാപമുണ്ടാക്കൽ, സ്ഫോടന നിയമം തുടങ്ങിയ മറ്റു കുറ്റങ്ങൾക്ക് കുറഞ്ഞ ശിക്ഷ വിധിച്ചെങ്കിലും ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ, അപ്പീൽ പരിഗണിച്ച ഹൈകോടതി ഡിവിഷൻ ബെഞ്ച് കൊലപാതകക്കുറ്റമടക്കം മറ്റ് കുറ്റകൃത്യങ്ങൾക്കുപുറമെ ഗൂഢാലോചനക്കേസിലും ഇവർ പ്രതികളാണെന്ന് കണ്ടെത്തിയിരുന്നു.
ഇതേതുടർന്നാണ് ഒരുജീവപര്യന്തം തടവ് കൂടി ഇവർക്ക് വിധിച്ചത്. എല്ലാ പ്രതികൾക്കുംമേൽ ചുമത്തിയിരുന്ന ചെറിയ കുറ്റങ്ങൾക്കുള്ള ശിക്ഷ ജീവപര്യന്തത്തിനൊപ്പം അനുഭവിച്ചാൽ മതിയെന്ന് ഉത്തരവിലുണ്ട്. അതേസമയം, ഇരട്ട ജീവപര്യന്തത്തിന് ഇത് ബാധകമാക്കിയിട്ടില്ല. തടവുശിക്ഷക്ക് പുറമെ എല്ലാ പ്രതികൾക്കും പിഴശിക്ഷയും വിധിച്ചിട്ടുണ്ട്.നഷ്ടപരിഹാര തുകയിൽനിന്ന് ഏഴുലക്ഷം ടി.പിയുടെ ഭാര്യയും അപ്പീൽ ഹരജിക്കാരിയുമായ കെ.കെ. രമക്കും അഞ്ചുലക്ഷം മകൻ അഭിനന്ദിനും പ്രതികൾ നൽകണമെന്നാണ് നിർദേശം. വിചാരണക്കോടതി വിധിച്ച മൂന്ന്, രണ്ട് ലക്ഷം വീതമുള്ള തുക ഹൈകോടതി വർധിപ്പിക്കുകയായിരുന്നു. ശിക്ഷാവിധിക്ക് ശേഷം മരിച്ച 13ാം പ്രതി കുഞ്ഞനന്തനുവേണ്ടി ഭാര്യ വി.പി. ശാന്തയാണ് അപ്പീൽ നൽകിയിരുന്നത്. കുഞ്ഞനന്തന് ചുമത്തിയ പിഴ ഇവരിൽനിന്ന് ഈടാക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.