Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightടി.പി. കൊല്ലപ്പെട്ടത്...

ടി.പി. കൊല്ലപ്പെട്ടത് കുഞ്ഞനന്തന്‍ അടക്കമുള്ള സി.പി.എം നേതാക്കളുടെ ഗൂഢാലോചനയിൽ -വി.ഡി. സതീശൻ

text_fields
bookmark_border
tp murder case, vd satheesan
cancel

എറണാകുളം: ടി.പി. ചന്ദ്രശേഖരനെ ആകാശത്ത് നിന്നും ആരെങ്കിലും ഇറങ്ങി വന്ന് കൊലപ്പെടുത്തിയതല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സി.പി.എമ്മിലെ കുഞ്ഞനന്തന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഗൂഢാലോചന നടത്തിയാണ് ടി.പിയെ കൊലപ്പെടുത്തിയത്. കൊട്ടേഷന്‍ സംഘങ്ങളും നേതാക്കളും തമ്മിലുള്ള ഫോണ്‍ സംഭാഷണം ഉള്‍പ്പെടെ തെളിവായി സ്വീകരിച്ചാണ് കുറ്റവാളികളെ കണ്ടെത്തിയത്. പിന്നെ എന്ത് ന്യായമാണ് സി.പി.എം പറയുന്നതെന്നും സതീശൻ ചോദിച്ചു.

സി.പി.എംവിട്ട് ആര്‍.എം.പി രൂപീകരിച്ച് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിലുള്ള വൈരാഗ്യത്തെ തുടര്‍ന്നാണ് ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതെന്നാണ് പ്രോസിക്യൂഷന്‍ കേസ്. സി.പി.എം വിട്ടതും മറ്റൊരു പാര്‍ട്ടി ഉണ്ടാക്കിയതുമാണ് പ്രശ്‌നം. പാര്‍ട്ടി വിട്ട ചന്ദ്രശേഖരന്‍ കുലംകുത്തിയാണെന്നാണ് പിണറായി വിജയന്‍ പറഞ്ഞത്. കൊലക്കേസിലെ ഗൂഢാലോചന സംശയാതീതമായി വിചാരണക്കോടതിയില്‍ തന്നെ തെളിയിക്കപ്പെട്ടു. വിചാരണകോടതി വിധി ഹൈകോടതി ശരിവെക്കുകയും വെറുതെവിട്ട രണ്ടു പേര്‍ കൂടി കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തെന്നും സതീശൻ ചൂണ്ടിക്കാട്ടി.

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ഇല്ലെന്നത് മാധ്യമങ്ങളും നിയമസഭയില്‍ പ്രതിപക്ഷവും നിരന്തരം പറഞ്ഞതാണ്. എന്നാല്‍, മരുന്ന് ക്ഷാമം ഇല്ലെന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ഉണ്ടെന്ന് പറയുന്ന ഏക വ്യക്തി കേരളത്തിന്റെ ആരോഗ്യ മന്ത്രി മാത്രമാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ലെന്നും വലിയ വിലയുള്ള മരുന്നുകള്‍ രോഗികള്‍ പുറത്ത് നിന്ന് വാങ്ങേണ്ട അവസ്ഥയാണെന്നും ഡോക്ടര്‍മാരുടെ സംഘടനയായ കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ ആര്യോഗ്യമന്ത്രിക്ക് കത്തയച്ചിരിക്കുകയാണ്. പഞ്ചായത്തുകള്‍ക്ക് അവരുടെ ഫണ്ടില്‍ നിന്നും മരുന്ന് വാങ്ങാന്‍ സാധിക്കുന്നില്ല. രൂക്ഷമായ മരുന്ന് ക്ഷാമമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്നും വരും മാസങ്ങളില്‍ ഇത് രൂക്ഷമാകുമെന്നുമാണ് കെ.ജി.എം.ഒ.എ. കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ച കാര്യങ്ങള്‍ അടിവരയിടുന്നതാണ് ഈ കത്ത്. നിയമസഭയെയും കേരളത്തിലെ ജനങ്ങളെയും ആരോഗ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.

സാധാരണക്കാരായ മനുഷ്യരാണ് സമരാഗ്നിയുടെ ഭാഗമായുള്ള ജനകീയ ചര്‍ച്ചാ സദസിലെത്തുന്നത്. അവിടെ മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും കടന്നുവരാം. പ്രതിപക്ഷത്തെ വിമര്‍ശിക്കാനുള്ള അവസരം വരെ പരാതിയുമായി എത്തുന്നവര്‍ക്കുണ്ട്. നവകേരള സദസില്‍ നടന്നതു പോലുള്ള നാടകമാണ് മുഖാമുഖം പരിപാടിയില്‍ നടക്കുന്നത്. ചോദ്യങ്ങള്‍ ചോദിക്കേണ്ടവരെ നേരത്തെ തീരുമാനിക്കുകയും അവര്‍ക്ക് മുന്‍കൂട്ടി ചോദ്യങ്ങള്‍ നല്‍കുകയും ചെയ്തു. സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഒരു ചോദ്യം പോലും വരാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്തു. ഇനി ആരെങ്കിലും ചോദിച്ചാല്‍ അത് പുറത്ത് വരാതിരിക്കാന്‍ ദൃശ്യമാധ്യമങ്ങള്‍ നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അശ്ലീലനാടകം ആവര്‍ത്തിക്കുകയാണ്. കേരളീയത്തിനും നവകേരളസദസിനും പിന്നാലെ മുഖാമുഖത്തിനും പണപ്പിരിവ് നടത്തുകയാണ്.

എറണാകുളം ജില്ലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ 190 എം.എല്‍.ഡി പദ്ധതി പൂര്‍ത്തിയാക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. എറാണാകുളത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി 190 എം.എല്‍.ഡി വെള്ളം നല്‍കാവുന്ന പദ്ധതി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ പണം അനുവദിച്ചിട്ടില്ല. ഈ പദ്ധതി നിലനില്‍ക്കെ കാക്കനാട് കിന്‍ഫ്ര പാര്‍ക്കിലേക്ക് പെരിയാറില്‍ നിന്നും 45 എം.എല്‍.ഡി വെള്ളം കൊണ്ടു പോകുന്നതിനുള്ള പദ്ധതി അംഗീകരിക്കാനാകില്ല. 190 എം.എല്‍.ഡി പദ്ധതി നടപ്പാക്കിയതിനു ശേഷം, പെരിയാറില്‍ വെള്ളം ഉണ്ടെങ്കില്‍ 45 എം.എല്‍.ഡി പദ്ധതി നടപ്പാക്കുന്നതിന് യു.ഡി.എഫ് എം.പിയും എം.എല്‍.എമാരും ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ എതിരല്ല. ജല ദൗര്‍ലഭ്യം പെരിയാറിലുണ്ടെന്നും 190 എം.എല്‍.ഡി പദ്ധതി നടപ്പാക്കിയാല്‍ മറ്റൊരു പദ്ധതിക്ക് വെള്ളം കിട്ടില്ലെന്നും ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റും വാട്ടര്‍ അതോരിട്ടിയും ജലവിഭവ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അറിയിച്ചിരുന്നു.

എന്നിട്ടും സര്‍ക്കാരും ചില താല്‍പര്യക്കാരും ചേര്‍ന്ന് രണ്ട് പദ്ധതികളും നടപ്പാക്കാനുള്ള ജലം പെരിയാറിലുണ്ടെന്ന തെറ്റായ കണക്കാണ് പറയുന്നത്. കിന്‍ഫ്രക്ക് വേണമെങ്കില്‍ കടമ്പ്രയാറില്‍ നിന്നും വെള്ളം ശുദ്ധീകരിച്ച് എടുക്കാവുന്നതാണ്. കൊച്ചിയിലെയും സമീപ നഗരങ്ങളിലെയും ജില്ലയിലെ പഞ്ചായത്തുകളിലും രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് ജില്ലയിലുള്ളത്. 190 എം.എല്‍.ഡി പദ്ധതി നടപ്പാക്കിയാലും മൂന്ന് നാല് വര്‍ഷം കഴിയുമ്പോള്‍ ഓഗ്മെന്റ് ചെയ്യേണ്ടി വരും. അതിനാല്‍ അടിയന്തിരമായി പണം അനുവദിച്ച് 190 എം.എല്‍.ഡി പദ്ധതി പൂര്‍ത്തിയാക്കണമെന്ന് ജില്ലയിലെ ജനപ്രതിനിധികള്‍ക്കും ജനങ്ങള്‍ക്കും വേണ്ടി ആവശ്യപ്പെടുകയാണെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TP Chandrasekharan Murder CaseV D Satheesan
News Summary - TP Chandrasekaran was killed in the conspiracy of CPM leaders including Kunjananthan -V.D. Satheesan
Next Story