ടി.പിയുടെ ഓർമകൾക്ക് ഇന്ന് 11 വയസ്സ്
text_fieldsവടകര: കേരള മനഃസാക്ഷിയെ ഞെട്ടിച്ച അറുകൊലക്ക് ഇന്നേക്ക് 11വർഷം. വ്യാഴാഴ്ച ടി.പി. ചന്ദ്രശേഖരന്റെ ഓർമ പുതുക്കുകയാണ് ഒഞ്ചിയം. 2012 മേയ് നാലിനാണ് ടി.പി. ചന്ദ്രശേഖരൻ വള്ളിക്കാട് വെച്ച് വധിക്കപ്പെട്ടത്.
ഇടത് ബദൽ ശക്തിപ്പെടുത്താൻ ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ 2008 ലാണ് ആർ.എം.പി രൂപവത്കരിച്ചത്. പിന്നീട് ആർ.എം.പി ദേശീയ അടിസ്ഥാനത്തിൽ ആർ.എം.പി.ഐ ആയി. ടി.പിയുടെ ഓർമ പുതുക്കുമ്പോൾ ആർ.എം.പി.ഐയിലൂടെ ടി.പിയുടെ സഹധർമിണി കെ.കെ. രമ സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് യാദൃച്ഛികമാണെങ്കിലും ആർ.എം.പി ഉയർത്തുന്ന രാഷ്ട്രീയം രമയിലൂടെയാണ് കേരളം ചർച്ച ചെയ്യുന്നത്.
ഓർമ പുതുക്കലിന്റെ ഭാഗമായി ഒഞ്ചിയം ഏരിയയിലെ നൂറു പാർട്ടി ബ്രാഞ്ചുകളിൽ പ്രഭാതഭേരി നടക്കും. രാവിലെ വള്ളിക്കാട് സ്മൃതി മണ്ഡപത്തിലും ഓർക്കാട്ടേരി ടി.പി ഭവനിലും പതാക ഉയർത്തും. നെല്ലാച്ചേരിയിലെ ടി.പി സ്മൃതികുടീരത്തിൽ പുഷ്പചക്ര സമർപ്പണവും രക്തസാക്ഷി പ്രതിജ്ഞയും നടക്കും.
വൈകീട്ട് വെള്ളികുളങ്ങരയിൽ നിന്നും ആരംഭിക്കുന്ന പ്രകടനം ഓർക്കാട്ടേരി ചന്തമൈതാനത്ത് അവസാനിക്കും. പൊതുസമ്മേളനം മഹാരാഷ്ട്ര ആർ.എം.പി. ഐ സംസ്ഥാന സെക്രട്ടറിയും ദേശീയ ട്രഷററുമായ രാജേന്ദ്ര പരംജിത്പേ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.