ടി.പി വധം: വധശിക്ഷ വിധിക്കാതിരിക്കാൻ കാരണം തേടി ഇന്നും ഹൈകോടതി കുറ്റവാളികളുടെ വാദം കേൾക്കും
text_fieldsകൊച്ചി: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളോട് വധശിക്ഷയിൽനിന്ന് ഒഴിവാക്കാൻ കാരണം തേടി ഹൈകോടതി ഇന്നും വാദം തുടരും. കോടതിയിൽ ഹാജരാകേണ്ടതിനാൽ കൊച്ചിയിലുള്ള പ്രതികളെ കാക്കനാട് ജയിലിലാണ് ഇന്നലെ പാർപ്പിച്ചത്. രാവിലെ 10.15ന് ഇവരെ കോടതിയിൽ ഹാജരാക്കും.
നിരപരാധികളാണെന്നും കേസിൽ കുടുക്കിയ തങ്ങൾക്ക് വധശിക്ഷ വിധിക്കരുതെന്നും 11 പ്രതികളും ബോധിപ്പിച്ചു. ഭാര്യയും കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ സംരക്ഷണം, രോഗം, മാതാപിതാക്കളെ നോക്കൽ തുടങ്ങിയ കാരണങ്ങളാണ് ബോധിപ്പിച്ചത്. പ്രതികളുടെ ശിക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാറും ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയും നൽകിയ ഹരജികളാണ് കോടതി പരിഗണിച്ചത്. 12ാം പ്രതി ജ്യോതിബാബു ഓൺലൈനായും മറ്റ് പ്രതികൾ നേരിട്ടും തിങ്കളാഴ്ച ഹാജരായി. ഇവരുടെ ശാരീരിക-മാനസിക പരിശോധന റിപ്പോർട്ടുകൾ ജയിൽ സൂപ്രണ്ടുമാർ ഹാജരാക്കിയിരുന്നു.
ശിക്ഷ വർധിപ്പിക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാനുണ്ടോയെന്നായിരുന്നു കോടതിയുടെ ചോദ്യം. ശിക്ഷ ലഘൂകരിക്കാൻ പ്രത്യേക സാഹചര്യമുണ്ടോ, വധശിക്ഷയോ വധശിക്ഷക്ക് പകരം നിശ്ചിത കാലാവധി ജീവപര്യന്തമോ നൽകാതിരിക്കാൻ കാരണങ്ങളുണ്ടോ എന്നീ ചോദ്യങ്ങൾക്ക് പുറമെ മറ്റെന്തെങ്കിലും ബോധിപ്പിക്കാനുണ്ടോയെന്നും ആരാഞ്ഞു. തുടർന്നാണ് പ്രതികൾ പ്രാരാബ്ധങ്ങൾ കോടതിയെ അറിയിച്ചത്.
അഭിഭാഷകരുടെയും പ്രോസിക്യൂഷന്റെയും വാദം തുടരാൻ ജസ്റ്റിസുമാരായ എ.കെ. ജയശങ്കരൻ നമ്പ്യാർ, കൗസർ എടപ്പകത്ത് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഹരജി ചൊവ്വാഴ്ചത്തേക്ക് മാറ്റി. അപ്പീൽ ഹരജിയിൽ രണ്ടുപേർ കൂടി കുറ്റക്കാരാണെന്ന് കഴിഞ്ഞയാഴ്ച ഹൈകോടതി വിധിച്ചിരുന്നു.
പ്രതികളെ എത്തിച്ചത് കനത്ത സുരക്ഷയിൽ
കൊച്ചി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ ഹൈകോടതിയിൽ ഹാജരാക്കിയത് കനത്ത സുരക്ഷയിൽ. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ കൊണ്ടുവന്ന പ്രതികളെ കോടതി ഹാളിലാണ് ഇരുത്തിയത്. സമീപത്ത് നാല് സുരക്ഷ ഉദ്യോഗസ്ഥർ തോക്കുമായി നിലയുറപ്പിച്ചിരുന്നു. എറണാകുളം അസി. പൊലീസ് കമീഷണറുടെ നേതൃത്വത്തിൽ കോടതിഹാളിന് പുറത്തും സുരക്ഷ ഒരുക്കിയിരുന്നു.
നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രതികളെ കാക്കനാട് ജയിലിലേക്ക് മാറ്റിയപ്പോൾ ഗേറ്റിന് പുറത്ത് ഫോട്ടോയെടുക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ തടയാനുള്ള ശ്രമവും പ്രതികളോടൊപ്പം എത്തിയവരുടെ ഭാഗത്തുനിന്നുണ്ടായി. പ്രതികൾക്ക് പറയാനുള്ളത് കേൾക്കാൻ കോടതി ഹാളിൽ പ്രതിക്കൂടും സ്ഥാപിച്ചിരുന്നു. വിചാരണ കോടതികളിലേതുപോലെ പ്രതിക്കൂടുകളോ സാക്ഷിക്കൂടുകളോ ഹൈകോടതിയിൽ സാധാരണ ഉണ്ടാകാറില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.