ടി.പി. മാധവന് യാത്രാമൊഴിയേകി ജന്മനാട്; ഒടുവിൽ അച്ഛനെ കാണാൻ മക്കളെത്തി
text_fieldsതിരുവനന്തപുരം: അന്തരിച്ച നടൻ ടി.പി. മാധവന്റെ ഭൗതികശരീരം തിരുവനന്തപുരം ഭാരത് ഭവനിലെത്തിച്ചപ്പോൾ ആദരാഞ്ജലിയർപ്പിക്കാൻ പിണക്കം മറന്ന് മകനും ബോളിവുഡ് സംവിധായകനുമായ രാജാകൃഷ്ണമേനോനും മകൾ ദേവികയുമെത്തി. അച്ഛനിൽ നിന്നകന്ന് കഴിയുകയായിരുന്നു മക്കളും മറ്റ് കുടുംബാംഗങ്ങളും. ടി.പി. മാധവന്‍റെ സഹോദരങ്ങളും ഭാരത്‌ഭവനിലെ വേദിയിൽ അവസാനമായി അദ്ദേഹത്തെ ഒരുനോക്ക് കാണാനായി എത്തിയിരുന്നു.
തൈക്കാട് ശാന്തികവാടത്തിൽ മകൻ രാജാകൃഷ്‌ണമേനോൻ തന്നെയാണ് അച്ഛനുവേണ്ടി അന്ത്യകർമങ്ങൾ ചെയ്‌തത്. ഓർമ നഷ്‌ടപ്പെട്ടപ്പോഴും ടി.പി. മാധവൻ ആവശ്യപ്പെട്ടത് മകനെ ഒന്ന് കാണണമെന്നായിരുന്നു. ഒടുവിൽ മകനെത്തിയപ്പോൾ കാണാൻ അച്ഛനുണ്ടായില്ല. മക്കൾക്കൊപ്പം അദ്ദേഹത്തിന്റെ സഹോദരിമാരായ മല്ലിക, ഇന്ദിര, സഹോദരൻ നാഗേന്ദ്ര തിരുക്കോട് എന്നിവരും ടി.പി. മാധവനെ അവസാനമായി കാണാനെത്തിയിരുന്നു.
ഗാന്ധിഭവനിൽ ഇടക്കിടെ സഹോദരനെ കാണാൻ മല്ലികയും ഇന്ദിരയും എത്തുമായിരുന്നു. അവരാണ് ടി.പി. മാധവന് അന്ത്യാഞ്‌ജലി അർപ്പിക്കാൻ മക്കളെത്തുമെന്ന വിവരം ഗാന്ധിഭവനെ അറിയിച്ചത്. വീടുമായും കുടുംബവുമായും അകന്നുകഴിഞ്ഞിരുന്ന ടി.പി. മാധവെൻറ വാര്‍ധക്യം യാതന നിറഞ്ഞതായിരുന്നു. മുമ്പ് വെള്ളിവെളിച്ചത്തില്‍ താരം ജനകീയനായിരുന്നെങ്കില്‍ ആരുമില്ലാതെ വൃദ്ധസദനത്തിലായിരുന്നു പിന്നീട് ജീവിതം തള്ളിനീക്കിയത്.
2016 ഫെബ്രുവരി 28 മുതൽ പത്തനാപുരം ഗാന്ധിഭവനിലായിരുന്നു അദ്ദേഹത്തിന്റെ താമസം. ഗാന്ധിഭവൻ സാരഥി പുനലൂർ സോമരാജനും കുടുംബവും ജീവനക്കാരും വേദനയോടെയാണ് അദ്ദേഹത്തെ യാത്രയാക്കിയത്. സുഹൃത്തുക്കളും സഹപ്രവർത്തകരും സാംസ്‌കാരികവകുപ്പും ചലച്ചിത്ര അക്കാദമിയും ചേർന്ന് ഭാരത്‌ഭവനിലാണ് പൊതുദർശനമൊരുക്കിയത്. ഗാന്ധിഭവനിൽനിന്ന് വ്യാഴാഴ്‌ച വൈകീട്ട് മൂന്നോടെ ഭാരത് ഭവനിലെത്തിച്ച ഭൗതികശരീരം പൊതുദർശനത്തിന് വെച്ചു.
മന്ത്രിമാരായ വി. ശിവൻകുട്ടി, സജി ചെറിയാൻ, കെ.ബി. ഗണേഷ്‌കുമാർ, ജെ. ചിഞ്ചുറാണി, ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ഷാജി എൻ. കരുൺ, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി. അജോയ്, മധുപാൽ, പ്രമോദ് പയ്യന്നൂർ, തുളസീദാസ്, ബാബുരാജ്, ബൈജു, വിനു മോഹൻ, ശരത്, മുകേഷ് എം.എൽ.എ, ബി. ഉണ്ണികൃഷ്ണൻ, ഭാഗ്യലക്ഷ്മി, ടിനി ടോം, ഷോബി തിലകൻ, ജയൻ ചേർത്തല, പന്ന്യൻ രവീന്ദ്രൻ, എം. വിജയകുമാർ, പി. പ്രകാശ് ബാബു, പ്രഫ. അലിയാർ, യദുകൃഷ്‌ണൻ, നിഖില വിമൽ, പി. രാമഭദ്രൻ, കുക്കു പരമേശ്വരൻ, പി. ശ്രീകുമാർ, സോഹൻ സിനുലാൽ, ആർ. ചന്ദ്രശേഖരൻ, നിർമാതാക്കളായ കല്ലിയൂർ ശശി, ജി. സുരേഷ്‌കുമാർ തുടങ്ങി സാമൂഹിക രാഷ്ട്രീയ ചലച്ചിത്രരംഗത്തെ നിരവധിപേർ അന്തിമോപചാരമർപ്പിച്ചു. തൈക്കാട് ശാന്തികവാടത്തിലായിരുന്നു സംസ്‌കാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.