ടി.പി. വധക്കേസ് പ്രതികള്‍ സി.പി.എമ്മിനെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നു- വി.ഡി. സതീശൻ
text_fieldsകൊച്ചി: ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികള്‍ സി.പി.എമ്മിനെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ടി.പി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനിക്ക് ഒരു മാസത്തെ പരോള്‍ നല്‍കിയതിലൂടെ സര്‍ക്കാര്‍ ആര്‍ക്കൊപ്പമാണെന്നു വ്യക്തമായിരിക്കുകയാണ്.
പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളെ സഹായിക്കാന്‍ പരസ്യ നിലപാട് സ്വീകരിച്ചതു പോലെ പൊലീസ് റിപ്പോര്‍ട്ട് ലംഘിച്ചാണ് ടി.പി വധക്കേസിലെ കൊടിയ ക്രിമിനലായ കൊടി സുനിക്ക് പരോള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പരോള്‍ സംബന്ധിച്ച അപേക്ഷ സര്‍ക്കാരിന് നല്‍കുക മാത്രമാണ് മനുഷ്യാവകാശ കമ്മിഷന്‍ ചെയ്തത്. അല്ലാതെ മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടിട്ടില്ല.
തീരുമാനം സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ ഓഫീസിലെ ഉപജാപകസംഘത്തിന്റേതുമാണ്. 2018-ല്‍ പരോള്‍ നല്‍കിയപ്പോള്‍ തട്ടിക്കൊണ്ട് പോകല്‍ ഉള്‍പ്പെടെയുള്ള ഗുരുതരമായ കേസുകളില്‍ ജയിലിന് അകത്തായിരുന്നപ്പോഴും പുറത്തായിരുന്നപ്പോഴും പങ്കാളി ആയ ഒരാള്‍ക്ക് ഒരു മാസം പരോള്‍ നല്‍കാനുള്ള തീരുമനം എടുത്തത് പ്രതികളെ ഭയന്നാണ്.
പ്രതികള്‍ സി.പി.എം നേതാക്കളെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണ്. ജയിലില്‍ കിടന്നു കൊണ്ട് സ്വര്‍ണക്കള്ളക്കടത്തും മയക്കുമരുന്ന് കടത്തും ഉള്‍പ്പെടെയുള്ള എല്ലാ ക്രിമിനല്‍ കേസുകളിലും ഈ പ്രതികള്‍ പങ്കാളികളാകുകയാണ്. ടി.പി വധക്കേസിലെ ഗൂഡാലോചന പുറത്തുവിടുമെന്നാണ് ഈ പ്രതികള്‍ സി.പി.എം നേതാക്കളെ ഭയപ്പെടുത്തുന്നത്.
ഗൂഡാലോചന പുറത്തു വന്നാല്‍ ഇപ്പോള്‍ പുറത്ത് കറങ്ങി നടക്കുന്ന പല സി.പി.എം നേതാക്കളും ജയിലിലാകും. ഇതു പറഞ്ഞ് സി.പി.എം നേതാക്കളെ ബ്ലാക്ക് മെയില്‍ ചെയ്താണ് ഈ പ്രതികള്‍ ഷേഡി ആയ എല്ലാ ബിസിനസുകളും ജയിലിനുള്ളി കിടന്നു കൊണ്ട് ചെയ്യുന്നത്. അതുകൊണ്ടാണ് അവര്‍ക്ക് പരോളും സംരക്ഷണവും നല്‍കുന്നത്.
ഈ പ്രതികളുടെ പേര് പരോള്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടത് പുറത്തു വന്നതിനു വരെ സര്‍ക്കാര്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തു. ജയിലില്‍ കിടക്കുന്ന കൊടുംക്രിമിനലുകളെ ഭയന്ന് ജീവിക്കുന്ന ഭരണകൂടമാണ് കേരളത്തിലുള്ളത്. ക്രൂരമായ കൊലപാതകം നടത്തിയ ക്രിമിനലുകള്‍ക്കൊപ്പമാണ് സര്‍ക്കാരും സി.പി.എമ്മും.
സി.പി.എം ക്രിമിനലുകള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയില്‍ അറിയപ്പെടുന്ന ക്രിമിനലുകളൊക്കെ സി.പി.എമ്മില്‍ ചേരുകയാണ്. എസ്.എഫ്.ഐക്കാരെ കൊലപ്പെടുത്താന്‍ ശ്രമിച്ച ക്രിമിനലിനെയാണ് മന്ത്രി മാലയിട്ട് സ്വീകരിച്ച് പദവി നല്‍കിയത്. ക്രിമിനലുകളുടെ താവളമായി സി.പി.എം മാറി. നടുറോഡില്‍ പരസ്യമായി വാഹനത്തിന്റെ ബോണറ്റില്‍ വച്ചാണ് ഗുണ്ടാസംഘങ്ങള്‍ പിറന്നാള്‍ കേക്ക് മുറിക്കുന്നത്. ചോദിക്കാന്‍ ആരുമില്ല. പൊലീസ് അവര്‍ക്ക് എസ്‌കോര്‍ട്ട് നല്‍കുകയാണെന്നും വി.ഡി സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.