ടി.പി കേസ് ശിക്ഷയിളവ്: വിവരം പുറത്തറിഞ്ഞതിന് എ.എസ്.ഐയെ വയനാട്ടിലേക്ക് സ്ഥലംമാറ്റി
text_fieldsപാനൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളുടെ ശിക്ഷയിളവ് സംബന്ധിച്ച പട്ടിക ചോർന്നതിൽ എ.എസ്.ഐക്കെതിരെ നടപടി. കൊളവല്ലൂർ എ.എസ്.ഐ ശ്രീജിത്തിനെയാണ് വയനാട്ടിലേക്ക് സ്ഥലംമാറ്റിയത്.
സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറി ട്രൗസർ മനോജിനു ശിക്ഷയിളവ് നൽകുന്നത് സംബന്ധിച്ച് ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ എം.എൽ.എയുടെ മൊഴിയെടുത്തതിനാണ് ശ്രീജിത്തിനെതിരെ നടപടിയുണ്ടായത്. പാനൂർ, ചൊക്ലി സ്റ്റേഷനുകളിലെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് സൂചന. ഇവരെ കഴിഞ്ഞദിവസം കൂത്തുപറമ്പ് എ.സി.പി കെ.വി. വേണുഗോപാൽ ചോദ്യം ചെയ്തു. സി.പി.ഒമാരായ പ്രവീൺ, ഷാജു എന്നിവരെയാണ് ചോദ്യം ചെയ്തത്.
ചോർന്നത് എവിടെനിന്നെന്ന് കണ്ടെത്താൻ ആഭ്യന്തരവകുപ്പ് ഉത്തരവിട്ടിരുന്നു. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട്, സിറ്റി പൊലീസ് കമീഷണർക്ക് നൽകിയ പട്ടിക കണ്ണൂരിൽനിന്നു തന്നെയാണ് ചോർന്നതെന്ന പ്രാഥമിക നിഗമനത്തിലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതും ഇവരിൽനിന്നാണ് പട്ടിക ചോർന്നതെന്ന നിഗമനത്തിലെത്തിയതും. വധക്കേസിൽ നേരിട്ട് പങ്കാളികളായ ടി.കെ. രജീഷ്, അണ്ണൻ സിജിത്, മുഹമ്മദ് ഷാഫി എന്നിവർക്ക് ഇളവു നൽകാനുള്ള നീക്കമാണ് വിവാദമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.