ടി.പി വധക്കേസ് അന്വേഷണം ഉന്നതരിലേക്ക് എത്തുന്നതില്‍ ജഡ്ജി വരെ ഭയപ്പെട്ടിരുന്നു -കെ.കെ. രമ
text_fieldsകോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെ അപ്പീലിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായി സർക്കാർ സുപ്രീംകോടതി അഭിഭാഷകനെ നിയമിക്കണമെന്ന് കെ.കെ. രമ എം.എൽ.എ. സംസ്ഥാന സർക്കാർ ഇരയ്ക്കൊപ്പം നിൽക്കുമെന്ന് പ്രതീക്ഷയില്ല. ടി.പി കേസ് അന്വേഷണം ഉന്നതരിലേക്കെത്തുന്നതിൽ ജഡ്ജി വരെ ഭയപ്പെട്ടിരുന്നോയെന്ന് സംശയിക്കുന്നു. ടി.പി കൊല്ലപ്പെട്ട ശേഷവും കുലംകുത്തി എന്ന് പിണറായി വിളിച്ചത് കൊലപാതകത്തിൽ പങ്കുള്ളത് കൊണ്ടാണെന്നും കെ.കെ. രമ 'മീഡിയ വൺ എഡിറ്റോറിയലി'ൽ ആരോപിച്ചു.
മുതിർന്ന ഉദ്യോഗസ്ഥനായ ശങ്കർ റെഡ്ഡിയുടെ സംഘം കേസ് അന്വേഷിച്ച് ഫോൺ കാൾ വിവരങ്ങൾ ഉൾപ്പെടെ നിർണായക വിവരങ്ങൾ ശേഖരിച്ചിരുന്നു. എന്നാൽ, ആ അന്വേഷണം ഇപ്പോൾ എന്തായി. ഒരിടത്തും ആ റിപ്പോർട്ട് എത്തിയില്ല. കോടതിയിൽ പോലും എത്തിയില്ല.
കേസ് മുന്നോട്ടുകൊണ്ടുപോകാൻ ഞങ്ങൾക്ക് ചില പ്രയാസങ്ങളുണ്ട് എന്ന് മുതിർന്ന ഒരു ഉദ്യോഗസ്ഥൻ തന്നോട് പറഞ്ഞിട്ടുണ്ട്. നിങ്ങൾ സി.ബി.ഐയെ സമീപിക്കണമെന്ന് പറഞ്ഞു. അന്വേഷണവുമായി മുന്നോട്ടുപോയാൽ ഉദ്യോഗസ്ഥർ വലിയ പ്രയാസങ്ങൾ നേരിടും. ഷൗക്കത്തലി ഉൾപ്പെടെ എൻ.ഐ.എയിലേക്ക് മാറിയത് എന്തുകൊണ്ടാണ് -രമ ചോദിച്ചു.
ഒഞ്ചിയം രക്തസാക്ഷികളുടെ മണ്ണിൽ പാർട്ടിക്ക് ഈ വിധത്തിലുള്ള പ്രശ്നങ്ങളുണ്ടാകുകയും ബഹുഭൂരിപക്ഷം ആളുകളും സി.പി.എം വിടുകയും ചെയ്യുന്നത് സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് പ്രശ്നമാണ്. തീർച്ചയായിട്ടും അത് അവസാനിപ്പിക്കണമെന്ന നിർദേശം കൊടുത്തിട്ടുണ്ടാകും. പിണറായി വിജയൻ എല്ലാവരും ചേർന്ന് ആലോചന നടത്തി എന്ന് തനിക്ക് അഭിപ്രായമില്ല. എന്നാൽ, അത് അവസാനിപ്പിക്കണം എന്ന ഒരു നിർദേശം കൊടുത്തിട്ടുണ്ടാകും. അത് എങ്ങനെയെന്ന് നിങ്ങൾ തീരുമാനിക്കണമെന്നും പറഞ്ഞിട്ടുണ്ടാകും -കെ.കെ. രമ പറഞ്ഞു.
2014ലാണ് ടി.പി. വധക്കേസിലെ വിധി വിചാരണക്കോടതി പുറത്തുവിട്ടത്. ഇതിനെതിരെ സമർപ്പിച്ച അപ്പീൽ ഹരജികൾ അടുത്ത മാസം അഞ്ചിനാണ് ഹൈകോടതിയുടെ പരിഗണനക്ക് വരുന്നത്. സുപ്രീംകോടതി അഭിഭാഷകനെ സർക്കാർ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നാണ് കെ.കെ. രമ എം.എൽ.എ ആവശ്യപ്പെട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.