ടി.പി. കേസ് പ്രതികളുടെ ശിക്ഷയിളവ്: കെ.കെ. രമയുടെ മൊഴിയെടുത്ത എ.എസ്.ഐക്ക് സ്ഥലംമാറ്റം
text_fieldsകണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ശിക്ഷയിളവ് നൽകാനുള്ള നീക്കം പാളിയതിന് പിന്നാലെ കെ.കെ. രമ എം.എൽ.എയുടെ മൊഴിയെടുത്ത പൊലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. കൊളവല്ലൂർ സ്റ്റേഷനിലെ എ.എസ്.ഐ ശ്രീജിത്തിനെ വയനാട്ടിലേക്കാണ് സ്ഥലംമാറ്റിയത്. ട്രൗസർ മനോജിന് ശിക്ഷയിളവ് നൽകാനുള്ള നീക്കത്തിന്റെ ഭാഗമായാണ് കൊളവല്ലൂർ എ.എസ്.ഐ കെ.കെ. രമയുടെ മൊഴിയെടുത്തത്.
ടി.പി കേസ് പ്രതികൾക്ക് 20 വർഷം വരെ ശിക്ഷയിളവ് പാടില്ലെന്ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായ ടികെ രജീഷ്, അണ്ണൻ സിജിത്, മുഹമ്മദ് ഷാഫി എന്നിവർക്ക് ശിക്ഷയിളവ് നൽകാനുള്ള നീക്കം നടന്നത്. നീക്കം പാളിഞ്ഞതോടെ ജയിൽ ഉദ്യോഗസ്ഥരെ ആഭ്യന്തര വകുപ്പ് തിരക്കിട്ട് സസ്പെൻഡ് ചെയ്യുകയായിരുന്നു. പ്രതിപക്ഷ നേതാവിന്റെ സബ്മിഷൻ നിയമസഭയിൽ ചർച്ചക്കെടുക്കുന്നതിന് തൊട്ടുമുമ്പാണ് മുഖ്യമന്ത്രിയുടെ ഓഫിസ് സസ്പെൻഷൻ വിവരം പുറത്തുവിട്ടത്.
സർക്കാർ ഉത്തരവ് പ്രകാരമാണ് ശിക്ഷയിളവ് പട്ടിക തയാറാക്കി നൽകിയതെന്ന കണ്ണൂർ ജയിൽ സൂപ്രണ്ടിന്റെ വിശദീകരണം സർക്കാർ വാദത്തെ സംശയത്തിലാക്കിയിരുന്നു. വിഷയം നിയമസഭയിൽ ചർച്ചയായ ശേഷമാണ് ശിക്ഷയിളവ് നൽകുന്നതിൽ അഭിപ്രായം തേടി പൊലീസ് മൂന്നു തവണ ടി.പിയുടെ വിധവ കെ.കെ. രമ എം.എൽ.എയെ സമീപിച്ചത്. ഏറ്റവുമൊടുവിൽ ജൂൺ 26ന് രാത്രിയും കൊളവല്ലൂർ പൊലീസിൽ നിന്ന് കെ.കെ. രമയെ ഫോണിൽ വിളിച്ച് അഭിപ്രായം തേടി. ശിക്ഷയിളവ് നീക്കം സർക്കാർ നിഷേധിക്കുമ്പോഴും അതിനുള്ള പ്രാഥമിക നടപടികൾ പൊലീസ് പൂർത്തിയാക്കിയിരുന്നു.
ഹൈകോടതി ഉത്തരവ് മറികടന്നുള്ള ശിക്ഷയിളവ് നീക്കത്തിൽ കോടതിയലക്ഷ്യ കേസ് വരാനുള്ള സാധ്യത മുന്നിൽ കണ്ടായിരുന്നു നടപടി. ടി.പി കേസ് പ്രതികൾക്ക് ശിക്ഷയിളവ് സർക്കാർ ആലോചിച്ചിട്ടേയില്ലെന്നാണ് പിന്നീട് വിശദീകരിച്ചത്. മുഖ്യമന്ത്രി നയിക്കുന്ന ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേട് ആയുധമാക്കിയാണ് നിയമസഭയിൽ പ്രതിപക്ഷം സർക്കാറിനെ കടന്നാക്രമിച്ചത്. അനധികൃത പരോൾ, നിയമസഹായം, ഫോൺ ഉപയോഗം ഉൾപ്പെടെ ജയിലിലെ ചട്ടലംഘനങ്ങൾ തുടങ്ങി പലപ്പോഴായി ടി.പി കേസ് പ്രതികൾക്കൊപ്പം നിന്ന് കൈ പൊള്ളിയ അനുഭവമുണ്ട് സി.പി.എമ്മിനും സർക്കാറിനും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.