ഹോം സെക്രട്ടറിക്കു മീതേ പറക്കുന്ന പരുന്ത് ആരാണ്? ടി.പി. വധക്കേസിൽ സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ്
text_fieldsതിരുവനന്തപുരം: ടി.പി.ചന്ദ്രശേഖര്‍ വധക്കേസിലെ പ്രതികളെ ജയില്‍ മോചിതരാക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ ഗൂഢാലോചന നടന്നതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സബ്മിഷനിലൂടെയാണ് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചത്.സര്‍ക്കാര്‍ ഇപ്പോഴും പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള വഴികളാണ് നോക്കുന്നതെന്ന് വിമർശിച്ച വി.ഡി. സതീശൻ ഹോം സെക്രട്ടറിക്കു മീതേ പറക്കുന്ന പരുന്ത് ആരാണെന്നും ചോദിച്ചു.
ടി.പി.കേസ് പ്രതികള്‍ക്ക് ശിക്ഷായിളവിന് നേരത്തെ ജയില്‍ ഉദ്യോഗസ്ഥര്‍ ശുപാര്‍ശ ചെയ്തിരുന്നു. മാധ്യമങ്ങളിലൂടെ ഇത് പുറത്ത് വന്നതോടെ അഭ്യൂഹങ്ങള്‍ മാത്രമാണെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. ഇതിനിടെ ശിക്ഷായിളവ് ശുപാര്‍ശ ചെയ്ത ഉദ്യോഗസ്ഥരെ ഇന്ന് സസ്‌പെന്‍ഡ് ചെയ്യുകയുമുണ്ടായി. കഴിഞ്ഞ ദിവസം ഇതി സംബന്ധിച്ച് അടിയന്തിര പ്രമേയം കൊണ്ടു വന്നപ്പോള്‍ അഭ്യൂഹമാണെന്നാണ് സ്പീക്കര്‍ പറഞ്ഞത്. ജയില്‍ സൂപ്രണ്ട് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് അയച്ച കത്ത് എങ്ങനെയാണ് അഭ്യൂഹമാകുന്നത്. ടി.പി കൊലക്കേസ് പ്രതിയായ മുഹമ്മദ് ഷാഫിക്ക് വേണ്ടി ചൊക്ലി പൊലീസും അണ്ണന്‍ സിജിത്തിന് വേണ്ടി പാനൂര്‍ പൊലീസും കെ.കെ രമയില്‍ നിന്നും മൊഴിയെടുത്തു. മൂന്നു പേരെ കൂടാതെ മാറ്റൊരാള്‍ കൂടി ഈ പട്ടികയിലുണ്ട്. ട്രൗസര്‍ മനോജ്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി വാദിച്ചവരും ചെയറും അഭ്യൂഹമാണെന്നാണ് പറഞ്ഞത്. സ്പീക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതൊക്കെ പറഞ്ഞു കഴിഞ്ഞ് ഇന്നലെ വൈകുന്നേരം ട്രൗസര്‍ മനോജിന് വേണ്ടി കൊളവല്ലൂര്‍ പൊലീസ് കെ.കെ രമയുടെ മൊഴി രേഖപ്പെടുത്തി. എന്നിട്ടാണ് നിങ്ങള്‍ അഭ്യൂഹമാണെന്ന് പറയുന്നത്. ഇന്നലെ വൈകുന്നേരവും ഈ ക്രൂരന്‍മാരായ ക്രിമിനലുകള്‍ക്ക് ശിക്ഷായിളവ് നല്‍കുന്നതിന് വേണ്ടിയുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്ന ദയനീയമായ സ്ഥിതിയാണ്. ടി.പി കേസിലെ പ്രതികള്‍ക്ക് ഒരു കാരണവശാലും ശിക്ഷാ ഇളവ് നല്‍കില്ലെന്ന ഉറപ്പ് സര്‍ക്കാര്‍ നല്‍കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ഈ മാസം മൂന്നിന് ശിക്ഷായിളവ് കൊടുക്കാന്‍ പാടില്ലെന്നു കാട്ടി ആഭ്യന്തര വകുപ്പിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവ് ഇറക്കിയെന്നാണ് മന്ത്രി പറഞ്ഞത്. പിന്നെ എന്തിനാണ് അതിനു ശേഷവും പാനൂര്‍ പൊലീസും ചൊക്ലി പൊലീസും കൊളവല്ലൂര്‍ പൊലീസും രമയുടെ മൊഴിയെടുത്തത്? ആ ഉത്തരവ് കാറ്റില്‍പറത്തി പൊലീസ് നടപടികളുമായി മുന്നോട്ടുപോയതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉപജാപക സംഘമാണോയെന്നും വി.ഡി. സതീശൻ ചോദിച്ചു. മുഖ്യന്ത്രിക്കായി സതീശന്റെ സബ്മിഷന് എം.ബി.രാജേഷാണ് മറുപടി നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.