ടി.പി വധക്കേസ് പ്രതികൾ ജയിലിൽ ഫോൺ ഉപയോഗിച്ചത് ഒരു വർഷത്തിലധികം
text_fieldsതിരുവനന്തപുരം: ടി.പി വധക്കേസിലെ പ്രതികൾ ജയിലിൽ ഫോൺ ഉപയോഗിച്ചത് ഒരു വർഷത്തിലധികമെന്ന് അന്വേഷണസംഘം. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന ടി.പി വധക്കേസ് പ്രതി അണ്ണൻ സജിത്തെന്ന എസ്. സജിത്തിെൻറ സെല്ലിൽനിന്ന് പിടിച്ചെടുത്ത ഫോണുകള്‍ പരിശോധിച്ചപ്പോഴാണ് കഴിഞ്ഞ ഒരുവർഷമായി ജയിലിനുള്ളിൽ ഫോൺ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയത്.
പൂജപ്പുര ജയിൽ ടവറിൽനിന്ന് മാത്രമായി പതിനയ്യായിരത്തിലധികം ഫോൺ കോളുകളാണ് രണ്ടു സിമ്മുകളിൽനിന്നായി പുറത്തേക്കുപോയത്. മേട്ടുക്കട, തിരുവനന്തപുരം മെഡിക്കൽ കോളജ്, ആലപ്പുഴ എന്നീ ടവറുകളിലും ഈ ഫോണുകള്‍ ഉപയോഗിച്ചിട്ടുണ്ട്. പ്രതികള്‍ ജയിലിനകത്തു മാത്രമല്ല, ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോഴും പരോളിൽ ഇറങ്ങിയപ്പോഴുമെല്ലാം ഈ ഫോണുകള്‍ ഉപയോഗിച്ചിരുന്നതായി രേഖകൾ പരിശോധിച്ചതിൽനിന്ന് കണ്ടെത്തി. ജൂൺ 11നാണ് പൂജപ്പുര സെൻട്രൽ ജയിലിൽ ഉദ്യോഗസ്ഥർ അർധരാത്രിയിൽ നടത്തിയ പരിശോധനയിൽ ഭാസ്കര കാരണവർ വധക്കേസിലെ പ്രതി ബാസിത് അലി, അണ്ണൻ സജിത് എന്നിവരെ പാർപ്പിച്ചിരുന്ന സെല്ലിൽനിന്ന് രണ്ട് മൊബൈൽ ഫോണുകള്‍ പിടിച്ചെടുത്തത്.
ബാസിത് അലിയാണ് ഫോണുകള്‍ പരോളിന് പോയപ്പോള്‍ കൊണ്ടുപോയതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. എറണാകുളം ഇടപ്പള്ളി ബി.എസ്.എൻ.എൽ ക്വാർട്ടേഴ്സിലെ താമസക്കാരെൻറ പേരിലാണ് രണ്ട് സിമ്മുകളും. ജയിലിനകത്ത് ഫോൺ ഉപയോഗിക്കുന്നതിൽ ഇയാൾക്ക് ജയിലധികൃതരുടെ ആരുടെയെങ്കിലും സഹായം കിട്ടിയിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ജയിലിന് പുറത്തുപോയി പ്രതികള്‍ എത്തുമ്പോള്‍ ശരീരപരിശോധന നടത്തണമെന്നാണ് ചട്ടം. സജിത് ഈ ഫോൺ ഉപയോഗിച്ച് മറ്റ് ജയിലുകളിൽ കഴിയുന്ന ടി.പി കേസിലെ മറ്റ് തടവുകാരെ വിളിച്ചിരിക്കാമെന്നും സംശയിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.