എക്‌സൈസ് സേനാംഗങ്ങൾക്ക് തോക്ക് പരിശീലനം നൽകും -ടി.പി. രാമകൃഷ്ണൻ
text_fieldsതൃശൂർ: ലഹരി വസ്തുക്കൾ കടത്തുന്നവർ ആയുധമുപയോഗിച്ച് എക്‌സൈസ് സേനയെ നേരിടുന്നത് വർധിച്ച സാഹചര്യത്തിൽ എക് സൈസ് സേനാംഗങ്ങൾക്ക് തോക്ക് ഉപയോഗിക്കുന്നതിൽ പരിശീലനം നൽകുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. ലഹരി മാഫിയക്കെതി രെ സർക്കാർ കർശനമായാണ് നീങ്ങുന്നത്. പുതിയ എക്‌സൈസ് ഓഫിസുകൾ ആരംഭിക്കുകയും മുന്നൂറിലധികം തസ്തിക സൃഷ്ടിക്കുകയും ചെയ്തു. ദേവികുളത്തും നിലമ്പൂരിലും ജനമൈത്രി സർക്കിൾ ഓഫിസ് തുടങ്ങി. പട്ടികവർഗ മേഖലകളിലെ പിന്നാക്കാവസ്ഥ പരിഹരിക്കാനും വനാതിർത്തികളിൽ എൻഫോഴ്സ്മെൻറ് ശക്തമാക്കാനും 25 പട്ടികവർഗ യുവതീ-യുവാക്കൾക്ക് അധിക തസ്തിക സൃഷ്ടിച്ച് നിയമനം നൽകി.
വനിതകളുടെ മാത്രം പട്രോളിങ് സ്‌ക്വാഡുണ്ടാക്കി. പാലക്കാട്, എറണാകുളം ജില്ലകളിൽ പ്രവർത്തന സജ്ജമായ ഡിജിറ്റൽ സംവിധാനം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഉടൻ നിലവിൽ വരും. ചെക്ക് പോസ്റ്റുകൾ ശക്തിപ്പെടുത്തും. ലഹരിവേട്ട കർശനമാക്കാൻ മൂന്ന് സ്‌പെഷൽ സ്‌ക്വാഡുകൾക്ക് പുറമെ എക്‌സൈസ് കമീഷണറുടെ നിയന്ത്രണത്തിൽ പ്രത്യേക സ്‌ക്വാഡും രൂപവത്കരിച്ചിട്ടുണ്ട്.
മൂന്ന് വർഷത്തിനിടെ 19,000ഓളം മയക്കുമരുന്ന് കേസ് രജിസ്റ്റർ ചെയ്തു. 700 കോടിയോളം രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു. 53,000 അബ്കാരി കേസുകളെടുത്തു. പുകയില ഉൽപന്നങ്ങളുടെ അനധികൃത ഉപയോഗവും വിപണനവുമായി ബന്ധപ്പെട്ട് 2.15 ലക്ഷത്തോളം കേസ് രജിസ്റ്റർ ചെയ്തു. തൃശൂർ എക്‌സൈസ് അക്കാദമി ദേശീയ നിലവാരത്തിലുള്ള പരിശീലന കേന്ദ്രമാക്കി ഉയർത്തുമെന്നും വിദഗ്ധ പരിശീലനം ലഭിക്കാത്ത ഒരു ഉദ്യോഗസ്ഥനും വകുപ്പിൽ ഉണ്ടാവരുതെന്നാണ് സർക്കാർ നിലപാടെന്നും മന്ത്രി രാമകൃഷ്ണൻ പറഞ്ഞു. തൃശൂരിലെ സംസ്ഥാന എക്‌സൈസ് അക്കാദമി ആൻഡ് റിസർച് സെൻററിൽ 21ാം ബാച്ച് സിവിൽ എക്‌സൈസ് ഓഫിസർമാരുടെ പാസിങ് ഔട്ട് പരേഡിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.