ഭരണ മുന്നണിയെ ഇനി ടി.പി നയിക്കും
text_fieldsകോഴിക്കോട്: അനുഭവക്കരുത്തും എളിമയുമാണ് ടി.പി. രാമകൃഷ്ണന്റെ മുഖമുദ്ര. ആ കരുത്തോടെയാണ് ഭരണമുന്നണിയുടെ അമരത്തേക്ക് ടി.പി. രാമകൃഷ്ണൻ എത്തുന്നത്. ജില്ല സെക്രട്ടറി, എം.എൽ.എ, മന്ത്രി എന്നിങ്ങനെ വിവിധ നിലകളിൽ പ്രവർത്തിച്ചപ്പോഴും ആരോപണങ്ങളൊന്നും നേരിടേണ്ടിവന്നിട്ടില്ലാത്ത, വിവാദത്തിന് തിരികൊളുത്താത്ത നേതാവിനെ സുപ്രധാന ഉത്തരവാദിത്തത്തിലേക്ക് കൊണ്ടുവരാൻ പാർട്ടിക്കും കൂടുതൽ ആലോചിക്കേണ്ടിവന്നില്ല.
എല്ലാവരെയും കൂട്ടിയോജിപ്പിച്ച് മുന്നോട്ടുനയിക്കാനുള്ള ടി.പിയുടെ കഴിവും മികവാർന്ന വ്യക്തിത്വവും പാർട്ടി നേരത്തേ തിരിച്ചറിഞ്ഞതാണ്. കോഴിക്കോട്ടുനിന്നുള്ള ആദ്യ എൽ.ഡി.എഫ് കൺവീനറെന്ന ഖ്യാതിയും ഇനി ടി.പിക്കാണ്. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റും പേരാമ്പ്രയിൽനിന്നുള്ള നിയമസഭാംഗവും പാർലമെന്ററി പാർട്ടി നേതാവുമാണിപ്പോൾ ടി.പി. ഒന്നാം പിണറായി സർക്കാറിൽ എക്സൈസ് -തൊഴിൽ മന്ത്രിയായിരുന്നു.
2004 മുതൽ 10 വർഷം സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറിയായും പ്രവർത്തിച്ചു. ഇക്കാലത്താണ് പാർട്ടിയെ അടിമുടി ഉലച്ച് ആർ.എം.പി.ഐ നേതാവ് ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം ഉണ്ടാവുന്നത്. വിദ്യാർഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തിയ ടി.പി 1968ലാണ് സി.പി.എം അംഗമായത്. 1970ലെ എസ്.എഫ്.ഐ രൂപവത്കരണ സമ്മേളനത്തിൽ പങ്കെടുത്തു. പിന്നീട് കൊയിലാണ്ടി താലൂക്ക് സെക്രട്ടറിയായി.
1972ൽ കീഴരിയൂർ മിച്ചഭൂമി സമര കേന്ദ്രം ലീഡറും പേരാമ്പ്ര എസ്‌റ്റേറ്റ് ലേബർ യൂനിയൻ സെക്രട്ടറിയുമായി. 18 വർഷം സെക്രട്ടറിയും പ്രസിഡന്റുമായി മുതുകാട്ടിലും ചക്കിട്ടപാറയിലും തോട്ടം തൊഴിലാളികളെയും സംഘടിപ്പിച്ചു. ജന്മദേശമായ കീഴരിയൂരിൽനിന്ന് ചക്കിട്ടപാറയിലേക്ക് താമസം മാറുന്നത് ഇക്കാലത്താണ്.
അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലായി ജയിൽശിക്ഷയനുഭവിച്ചു. 2001, 2016, 2021 കാലങ്ങളിലായി മൂന്നുതവണ പേരാമ്പ്രയിൽ നിന്ന് എം.എൽ.എയായി നിയമസഭയിലെത്തി. 2016ലാണ് മന്ത്രിയായത്. കൊയിലാണ്ടി നമ്പ്രത്തുകരയിലെ ഉണിച്ചിരാംവീട്ടിൽ പരേതരായ ശങ്കരന്റെയും മാണിക്കത്തിന്റെയും മകനാണ്.
ഭാര്യ: സി.പി.എം പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗവും മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റുമായ എം.കെ. നളിനി. മക്കൾ: രജുലാൽ (അധ്യാപകൻ, മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ), രഞ്ജിനി (ഊരാളുങ്കൽ ലേബർ കോൺട്രക്റ്റ് സൊസൈറ്റി). മരുമക്കൾ: പ്രജിത (എം.എം.സി ഹോസ്പിറ്റൽ മൊടക്കല്ലൂർ), വിപിൻ (എൻജിനീയർ).
കൂട്ടുത്തരവാദിത്തത്തോടെ മുന്നോട്ട് -ടി.പി. രാമകൃഷ്ണൻ
കോഴിക്കോട്: ഇടതുമുന്നണിയിലെ എല്ലാ പാർട്ടികളെയും വിശ്വാസത്തിലെടുത്ത് കൂട്ടുത്തരവാദിത്തത്തോടെ മുന്നോട്ട് പോകുമെന്ന് എൽ.ഡി.എഫ് കൺവീനറായി നിയോഗിക്കപ്പെട്ട ടി.പി. രാമകൃഷ്ണൻ എം.എൽ.എ. എൽ.ഡി.എഫ് ആവിഷ്‍കരിച്ച നയപരിപാടിയുടെ ഭാഗമായാണ് സർക്കാർ പ്രവർത്തിക്കുന്നത്. ആ തീരുമാനങ്ങൾ നടപ്പാക്കി അതിന്റെ പ്രോഗ്രസ് റിപ്പോർട്ടാണ് സർക്കാർ പുറത്തിറക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലും വരാനിരിക്കുന്ന ഉപ തെരഞ്ഞെടുപ്പുകളിലും വലിയ മുന്നേറ്റം ഇടതുപക്ഷം നേടുമെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.