Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആടിനെ പട്ടിയാക്കുന്ന...

ആടിനെ പട്ടിയാക്കുന്ന സ്ഥിതി വിവര കണക്കുകള്‍ !!

text_fields
bookmark_border
ആടിനെ പട്ടിയാക്കുന്ന സ്ഥിതി വിവര കണക്കുകള്‍ !!
cancel

കഴിഞ്ഞ ദിവസങ്ങളില്‍ മുന്‍ ഡി.ജി.പി.ടിപി സെന്‍ കുമാര്‍ കേരളത്തിലെ ജനന-ജന സംഖ്യാ നിരക്കുകളെ കുറിച്ച് പറഞ്ഞ അദ്ദേഹത്തിന്‍റെ രാഷ്ട്രീയ -സാമൂഹിക ധാരണകള്‍ വിവാദമായിരിക്കുകയാണ്. ഇതിനു ഒരു കാരണം അദ്ദേഹം കണക്കുകള്‍ വളച്ചൊടിച്ചു അദ്ദേഹത്തിന്‍റെ രാഷ്ട്രീയ അഭിപ്രായങ്ങള്‍ സാധൂകരിക്കാന്‍ ശ്രമിച്ചു എന്നതാണ്. ആ അഭിപ്രായങ്ങക്ക് പിന്നിലുള്ള സ്ത്രീ വിരുദ്ധതയും ഇസ്ലാമോഫോബിയയും മറ്റും ഇപ്പോള്‍ ഡല്‍ഹി ദര്‍ബാര്‍ ഭരിക്കുന്ന സവര്‍ണ്ണ രാഷ്ട്രീയ വരേണ്യ കാഴ്ച്ചപ്പാടിനോട് അടുത്തു നില്‍ക്കുന്നത് വെറും യാദര്‍ശ്ചികം ആണെന്ന് തോന്നുന്നില്ല . 

ഇംഗ്ലിഷിൽ ഒരു ചൊല്ലുണ്ട് " There are lies, damn lies and then statistics'. കാരണം സ്ടാറ്റിട്ടിക്സു ഇരുപതാം നൂറ്റാണ്ടില്‍ പലപ്പോഴും വെറുപ്പിന്‍റെ രാഷ്ട്രീയം നിര്‍മിക്കുവാന്‍ ഉപയോഗിച്ചിട്ടുണ്ട്. ഹിറ്റ്ല്ര്‍ യഹൂദർക്ക് എതിരെ ഭൂരിപക്ഷ ജര്‍മന്‍ ജനതയെ ബ്രെയിന്‍ വാഷ്‌ ചെയ്യുവാന്‍ ഉപയോഗിച്ചതും വളച്ചൊടിച്ച 'സ്ഥിതി വിവര ' കണക്കുകളാണ്. അറുപതുകളുടെ ആദ്യം ബാല്‍ താക്കറെ തുടങ്ങിയ 'മാര്‍മിക് 'എന്ന മാസികയില്‍ ആദ്യം പ്രസിദ്ധീകരിച്ചത് ബോംബെ ടെലിഫോണ്‍ ഡയര്‍ക്ടറിയുടെ സ്ഥിതി വിവരകണക്കുകള്‍ ആണ്. അതില്‍ കൂടുതലും 'മദ്രാസികള്‍ ' എന്ന് അറിയപ്പെട്ട തമിഴ് -മലയാളികളൂടെതാണന്നു ചൂണ്ടികാണിച്ചു അവര്‍ താമസിയാതെ ബോംബെ പിടിച്ചെടുത്തു മറാത്തി 'മാനുസിനെ ദുര്‍ബല ന്യൂന പക്ഷം ആക്കും എന്ന് വരുത്തിയാണ് അവിടെയുള്ള സാധാരണക്കാരായ മറാത്തികളില്‍ വെറുപ്പിന്‍റെ രാഷ്ട്രീയം വിതച്ചു തെക്കേ ഇന്ത്യക്കാര്‍ക്ക് നേരെ അക്രമങ്ങള്‍ അഴിച്ചു വിട്ടു 'ശിവ സേന' എന്ന ഫാസിസ്റ്റ് സന്ഘടനക്ക് രൂപം നല്‍കിയത്.

സ്ഥിതി വിവരക്കണക്കുകുകള്‍ രാഷ്ട്രീയ തരാതരം പോലെ ആവശ്യാനുസ്സരണം വളചൊടിച്ചു കള്ളത്തരങ്ങള്‍ 'സത്യ സന്ധമായി' പറഞ്ഞു ജനങ്ങളെ വിശ്വസിപ്പിച്ചു ആടിനെ പട്ടിയാക്കുന്ന വിദ്യയാണ് വെറുപ്പിന്‍റെ രാഷ്ട്രീയത്തിന്‍റെ ഒരു 'ടെക്കനിക്ക്'. ഇത് ഉപയോഗിച്ചാണ് പലപ്പോഴും 'സോഷ്യല്‍ പരനോയ ' (social paranoia) സൃഷ്ട്ടിച്ചു ഭയത്തിന്‍റെയും അരക്ഷിതാവസ്ഥയുടെയും സാമൂഹിക ധാരണകള്‍ ഭൂരിഭാഗം ജനങ്ങളിലും വിതക്കുന്നതു. കണക്കുകള്‍ കള്ള ലാക്കോട് കൂടി ഉപയോഗിച്ചു ആടിനെ പട്ടിയാക്കും. എന്നിട്ട് പട്ടിയെ പേപ്പട്ടി ആക്കും. പേപ്പട്ടിയെ കല്ലെറിഞ്ഞു കൊല്ലണമെന്ന 'കോമ്മണ്‍ സെന്‍സ് ' ഉണ്ടാക്കി വെറുപ്പിന്‍റെ രാഷ്ട്രീയം ഇറക്കി മനുഷ്യരെ തമ്മില്‍ അടിപ്പിച്ചു കൊന്നും കൊല വിളിച്ചുമാണ് ലോകത്തില്‍ പലയിടത്തും ഫാസിസ്റ്റു രാഷ്ട്രീയം പല രൂപത്തിലും ഭാവത്തിലും പല രാജ്യങ്ങളിലും അരങ്ങേറുന്നത്. അങ്ങനെയുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് 'ഗോ രക്ഷയുടെ ' പേര് പറഞ്ഞു ഒരു മതത്തില്‍ ഉള്ള പാവപെട്ട ആളുകളെ അടിച്ചു കൊല്ലുന്നത്. ജുനൈദ് അങ്ങനെയുള്ള വെറുപ്പിന്‍റെ രാഷ്ട്രീയത്തിന്‍റെ ബലിയാടാണ്.


കേരളത്തിന്‍റെ ചരിത്രം ഒരു കോസ്മോ പോളിട്ടന്‍ ചരിത്രമാണ് . ഇവിടെ പല ജാതി- മതങ്ങള്‍ സന്തോഷത്തോടെയും സമാധാനത്തോടെയും ആണ് ചരിത്രത്തില്‍ ഉടനീളം കഴിഞ്ഞെത്. കേരളത്തിന്‍റെ സാമൂഹിക -സാസ്കാരിക മണ്ഡലങ്ങളില്‍ ഉള്ള ഈ കോസ്മോപോളിട്ടന്‍ കാഴ്ച്ചപ്പാടിനെ തുരങ്കം വച്ചു പരസ്പര ഭയവും വിഭാഗീയതെയും സൃഷ്ട്ടിക്കാന്‍ കുറെ നാളുകളായി സംഘ പരിവാറും അത് പോലെ പല വര്‍ഗീയ പാര്‍ട്ടികളും( എല്ലാ മതങ്ങളിലും ഉള്ള) ശ്രമിക്കുന്നുണ്ട് . അവര്‍ക്ക് ചൂട്ടു പിടിച്ചു കൊടുക്കാന്‍ ടീ പീ സെന്നിനെ പോലെ ഒരാള്‍ ശ്രമിക്കുന്നത് നിര്‍ദോഷമായ ഒരു മുന്‍ പോലീസ് മേധാവിയുടെ വെറും അഭിപ്രായ പ്രകടനങ്ങള്‍ ആണെന്ന് തോന്നുന്നില്ല.

കേരളത്തില്‍ ഇന്ന് ഏറ്റവും ജനന നിരക്ക് കുറവുള്ള ഒരു സമൂഹം ക്രിസ്ത്യനികളുടെതാണ്. ഇതിനു പല കാരങ്ങള്‍ ഉണ്ട്. ഇത് എങ്ങനെ ഉണ്ടായി എന്നു എന്‍റെ കുടുംബത്തിലെ മൂന്ന് തലമുറയില്‍ ഉണ്ടായ മാറ്റങ്ങളുടെ കഥ പറഞ്ഞാല്‍ മനസ്സിലാകും .എന്‍റെ വല്യമ്മച്ചി പത്തു പ്രസവിച്ചു. ആറു പെണ്ണും നാല് ആണും. നാലാം ക്ലാസ്സ് വിദ്യാഭ്യാസം. വല്യപ്പന്‍ കൃഷിക്കാരന്‍. കൂട്ട് കുടുമ്പം. മൂത്ത പെണ്പിള്ളേര്‍ ഇളയതുങ്ങളെ വളര്‍ത്തി. ആമ്പിള്ളേര്‍ അപ്പനെ കൃഷിയില്‍ സഹായിച്ചു. പക്ഷെ എല്ലാരും പഠിച്ചു , പരസ്പരം സഹായിച്ചു .അടുത്ത തലമുറയില്‍ എല്ലാവര്ക്കും സാമ്പത്തികവും ജോലിയും ഒക്കെയായി. കാലം മാറി. എന്‍റെ അപ്പന്‍-അമ്മയുടെ കാലം വന്നപ്പോള്‍ അവര്‍ അഭ്യസ്ഥ വിദ്യര്‍. രണ്ടു പേര്‍ക്കും 'നല്ല' സര്‍ക്കാര്‍ ഉദ്യോഗം. നാട്ടിലെ ആദ്യ കോണ്ക്രീറ്റ് വീട് . പക്ഷെ പിള്ളേരെ നോക്കാന്‍ ആളില്ല. അങ്ങനെ അവര്‍ രണ്ടു അവര്‍ക്ക് രണ്ടു എന്നായി. ഇന്ന് എന്‍റെ കുടുംബത്തില്‍ ഉന്നത വിദ്യാഭ്യാസം ഇല്ലാത്ത ആരുമില്ല. കൃഷി ചെയ്യുന്ന ആരുമില്ല. ഏറ്റവും വലിയ ശമ്പളം വാങ്ങുന്ന ലോകം എമ്പാടും ചിതറികിടക്കുന്ന ഞങ്ങളുടെ കുടുമ്പത്തില്‍ പലര്‍ക്കും കുട്ടികള്‍ ഇല്ല. ചിലര്‍ക്ക് ഒന്ന്. എന്‍റെ കുടുംത്തില്‍ തന്നെ പി. എച്.ഡി ഉള്ളവര്‍ മുപ്പതില്‍ അധികം വരും. അവരില്‍ കൂടുതലും സ്ത്രീകള്‍, അവര്‍ക്കാര്‍ക്കും കുട്ടികളെ ഉണ്ടാക്കുവാനോ നോക്കുവാനോ സമയവും സൗകര്യവും ഇല്ല. ഭര്‍ത്താവ് പറയുന്ന താളത്തിന് തുള്ളുന്നവര്‍ അല്ല. അവര്‍ തീരുമാനിക്കും അവര്‍ക്ക് കുട്ടികള്‍ എത്ര വേണമെന്ന്. ഈ മാറ്റം കേരളത്തിലെ പല സമുദായങ്ങളിലും ഉണ്ടായികൊണ്ടിരിക്കുകയാണ്. അത് കൊണ്ട് തന്നെ കേരളത്തില്‍ ജനനനിരക്ക് എല്ലാ സമുദായങ്ങളിലും കുറയും. ലോകം മുഴുവന്‍ സഞ്ചരിച്ചു ജോലി ചെയ്യുന്ന എനിക്ക് ഒരു കുട്ടി മതി എന്ന് തീരുമാനിച്ചത് തന്നെ വിവാഹം കഴിഞ്ഞു മൂന്ന് കൊല്ലങ്ങള്‍ക്കു ശേഷമാണ്. അതും പല ചര്‍ച്ചകള്‍ക്കും ശേഷം. അതിനു ഒരു കാരണം എന്‍റെ ഭാര്യ അന്ന് പീ.എച്.ഡി ഗവേഷണത്തില്‍ ആയിരുന്നു . ഞാന്‍ ഫെല്ലോഷിപ്പ് കിട്ടി അമേരിക്കയിലും. 

രണ്ടു തലമുറകളില്‍ ഉണ്ടായ മാറ്റം അതിശയിപ്പിക്കുന്നതാണ്. എന്‍റെ വല്യമ്മ അകെ വായിച്ചത് വേദപുസ്തകമാണ്. എന്‍റെ ഭാര്യ ബി.എക്കും എം.ഏ ക്കും ഒന്നാം റാങ്ക്കാരി. ഇന്ഡസ് വാലി സിവിലിസേഷനെ കുറിച്ച് വളരെ പ്രകീര്‍ത്തിക്കപെട്ട എച്. ഡീ തീസിസ് എഴുതിയ ആള്‍. അത് കഴിഞ്ഞ ഉടനെ ബ്രാഡ്ഫോര്‍ഡ് യുണിവേഴ്സിറ്റിയില്‍ അസിസ്റ്റൻറ് പ്രൊഫസറായി ജോലി കിട്ടിയിട്ടും പോകാത്ത ആള്‍ . എഴുത്തുകാരി . തനിക്കു ഇഷ്ട്ടമുള്ളത് ഇഷ്ട്ടം പോലെ ചെയ്യും എന്ന് സ്വതന്ത്ര ചിന്തയുള്ള ആള്‍ . വളരെ ആത്മ വിശ്വാസമുള്ളയാള്‍. ആദ്യത്തെ കുട്ടി കഴിഞ്ഞു ഏതാണ്ട് എട്ടു കൊല്ലം ചര്‍ച്ച ചെയ്തു രണ്ടാമതൊരു കുട്ടി ആകാം എന്ന് തീരുമാനമെടുത്തയാള്‍. പരസ്പരം ഇഷ്ട്ടപെട്ട് മൂന്ന് നാലു കൊല്ലം കൂട്ടുകാരായി നടന്നു കല്യാണം കഴിച്ചു. കഴിഞ്ഞ ഇരുപത്തെട്ടു കൊല്ലങ്ങള്‍ ആയി കൂട്ടുകാരായി കഴിയുന്നവര്‍ . വ്യത്യസ്ത സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ . ഒരുമിച്ചു യാത്ര ചെയ്യുന്നവര്‍. എന്‍റെ വല്യമ്മയ്യില്‍ നിന്നും എന്‍റെ ജീവിത സഹയാത്രികയിലെക്കുള്ള ദൂരം വളരെ വളരെ വലുതാണ്. ഞാന്‍ ഏറ്റവും കൂടുതല്‍ ബഹുമാനിക്കുന്നതു എന്‍റെ കൂട്ടുകാരിയെ തന്നെയാണ് . എന്‍റെ ഏറ്റവും നല്ല വിമര്‍ശകയും ആ ആള്‍ തന്നെ. ഞങ്ങളുടെ വീട്ടില്‍ പാചകം ഇല്ലാന്ന് തന്നെ പറയാം . അടുക്കളെ പേരിനു . അതിനു കാരണം ഏതു ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കുവനോ വരുത്തുവാനോ സാമ്പത്തികം ഉള്ളതിനാല്‍ ഞങ്ങള്‍ക്ക് ആര്‍ക്കും വീട്ടില്‍ ഭക്ഷണം പാകം ചെയ്യണമെന്നു നിര്‍ബന്ധമില്ല. .ഞങ്ങളുടെ മക്കള്‍ കല്യാണം കഴിക്കുമോ ഇല്ലയോ എന്നുള്ളത് അവരുടെ തീരുമാനമാണ്. ഈ മാറ്റങ്ങള്‍ ആണ് പത്തനംതിട്ട ജില്ലയില്‍ നെഗറ്റീവ് പോപ്പുലെഷന്‍ ഗ്രോത്തിന്‍റെ കാരണം.

എന്‍റെ പെങ്ങളും കുടുംബവും ന്യുസിലാൻറില്‍ സ്ഥിര താമസം ആണ് .അവരുടെയും മക്കളുടെയും സ്ഥിതിവിവര കണക്കുകള്‍ കേരളത്തില്‍ ഇല്ല . ഇത് ഒരു ഒറ്റപെട്ട സംഭവം അല്ല. വെറും നാല്‍പതു കൊല്ലങ്ങള്‍ക്കുള്ളില്‍ എന്‍റെ കുടുംബത്തില്‍ ഉണ്ടായ വലിയ മാറ്റം ആണ് . എന്‍റെ വലിയപ്പന്‍റെ പരിസരങ്ങളും എന്‍റെ പരിസരങ്ങളുമായി അജ-ഗജാന്തരം വ്യത്യാസമുണ്ട് . ഇത് ഈ എന്‍റെ കഥ മാത്രമല്ല. ഇത് വായിക്കുന്ന ഒരു പാടു പേരുടെയും വീട്ടുകളില്‍ ഉണ്ടായ മാറ്റമാണ്. മാറ്റങ്ങള്‍ പലരുടെയും കുടുംബങ്ങളിലും സമുദായത്തിലും ഉണ്ടായതാണ് . ഉണ്ടാകുന്നതാണ് . കഴിഞ്ഞ നാല്പതോ അമ്പതോ കൊല്ലങ്ങള്‍ക്കുള്ളില്‍ ജനിച്ച എത്ര പേര്‍ക്ക് പത്തു കുട്ടികള്‍ ഉണ്ട് ? അഞ്ചു കുട്ടികള്‍ ഉള്ളവര്‍ തന്നെ കുറവാണ്.
 



മാറ്റങ്ങളില്‍ പ്രധാനം സ്ത്രീകളുടെ സാമ്പത്തിക-സാമൂഹിക അവസ്ഥയാണ്. കേരള സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ വിദ്യാഭ്യാസം ചെയ്തു മാസ ശമ്പളത്തില്‍ ജോലി ചെയ്യാന്‍ തുടങ്ങി ഒരു നൂക്ലിയര്‍ കുടുംബ സംവിധാനത്തില്‍ വന്നപ്പോള്‍ കുട്ടികളെ ജനിപ്പിക്കുവാനും വളര്‍ത്തുവാനും സമയവും സൗകര്യവും ഇല്ലാതെയായി. അത് കേരളത്തിലെ എല്ലാ സമുദായങ്ങളില്‍ നടന്നതാണ്; നടക്കുന്നതാണ് . അതു ലോകത്തിലെ എല്ലാ സമൂഹങ്ങളിലും നടക്കുന്നതാണ്. ഒരു 25 കൊല്ലം കഴിയുമ്പോള്‍ കേരളത്തിലെ ജനസംഖ്യ ഇതിലും കുറയും. ഒരു പക്ഷെ മലയാളികള്‍ അല്ലാത്ത മൈഗ്രണ്ട് സമൂഹത്തിന്‍റെ ജന സംഖ്യ കൂടും. നോര്‍വേയില്‍ ഉള്ളതിനേക്കാള്‍ നോര്‍വീജിയക്കാര്‍ നോര്‍വേക്ക് വെളിയില്‍ ആണ്.

കേരളത്തില്‍ എനിക്ക് എല്ലാ തലത്തില്‍ ഉള്ള ആളുകളുമായി ബന്ധമുണ്ട്. ഏറ്റവും അഭ്യസ്ത വിദ്യരും സെന്‍കുമാറിനെക്കാള്‍ വിദ്യാഭ്യാസവും വിവരമുള്ള ഒരു പാടു കൂട്ടൂകാര്‍ എനിക്ക് മുസ്ലീം ബാക്ക്ഗ്രൌണ്ടില്‍ നിന്നുമുണ്ട് . അതല്ലാതെ സാധാരണക്കാരായ ഒരു പാടു മുസ്ലീം സുഹൃത്തുക്കള്‍ ഉണ്ട് . അവരില്‍ പലര്‍ക്കും ഒരു കുട്ടി മാത്രമാണുള്ളത്. ചിലര്‍ക്ക് രണ്ട്. അതില്‍ കൂടുതല്‍ കുട്ടികളുള്ള സുഹൃത്തുക്കള്‍ എനിക്ക് കുറവാണ്. പറഞ്ഞു വന്നത് വിദ്യാഭ്യാസവും സാമ്പത്തിക അവസ്ഥയും മാറുമ്പോള്‍ ജനന നിരക്ക് കുറയും. ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസത്തിനും സാമ്പത്തിക മുന്നേറ്റത്തിനും ഊന്നല്‍ കൊടുക്കുന്ന മുസ്ലീം സമുദയത്തിലെ ജനനനിരക്ക് വളരെ കുറയും എന്ന് ഡമോഗ്രഫിയെ കുറിച്ച് അടിസ്ഥാന വിവരമുള്ളവര്‍ക്ക് അറിയാം. അതു എങ്ങനെ സംഭവിക്കുന്നു എന്ന് എന്‍റെ കുടുംബത്തിലും നാട്ടിലും കണ്ടറിഞ്ഞത്‌ മാത്രമല്ല. ലോകത്തെ മിക്ക രാജ്യങ്ങളെ കുറിച്ചും വായിച്ചും കണ്ടുമറിഞ്ഞതാണ്. 

സെന്‍കുമാര്‍ വിളമ്പിയ ഇസ്ലാമോഫോബിയ ഒരു സാമൂഹിക-രാഷ്ട്രീയ രോഗ ലക്ഷണമാണ്. ഉറങ്ങുന്നവരെ വിളിച്ചുണര്‍ത്താം. ഉറക്കം നടിക്കുന്നവരെ വിളിച്ചുണര്‍ത്താന്‍ പ്രയാസമാണ്. സാമ്പത്തിക ശാസ്ത്രത്തില്‍ പ്രൊഫസർ എം.ഏ ഉമ്മന്‍ സാറിന്‍റെ കൂടെ പി.എച്ച്.ഡി ചെയ്ത സെന്‍കുമാര്‍ സാര്‍ പറഞ്ഞ സ്ഥിതി വിവര കണക്കുകള്‍ വിവര കേടുകൊണ്ടല്ല പറഞ്ഞത്. വിവരങ്ങള്‍ എങ്ങനെ 'ബുദ്ധി പൂര്‍വ ' മായി 'ഫ്രൈം' ചെയ്തു ഇപ്പോഴത്തെ രാഷ്ട്രീയ മേലാളന്‍മാരുടെ താളത്തിന് ഒത്തു എങ്ങനെ പാടം എന്ന് അദ്ദേഹം കാണിച്ചു തന്നു എന്ന് മാത്രം. തനിക്കു ഉതകുന്ന രീതിയിലെ വിവരങ്ങളെ എങ്ങനെ അവതരിപ്പിക്കണമെന്ന് 'ബുദ്ധി' ഉള്ളത് കൊണ്ടാണ് അദ്ദേഹം സ്ഥിതിവിവര കണക്കു വളച്ചു കെട്ടി ആടിനെ പട്ടിയാക്കാന്‍ ശ്രമിക്കുന്നത്. നാട് ഓടുമ്പോള്‍ നടുവേ ഓടണമേന്നാണല്ലോ പ്രമാണം ! കഷ്ട്ടം എന്നല്ലാതെ എന്ത് പറയാന്‍.!!!
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamammuslimskerala newsLove Jihadmalayalam newsbirthrateKerala's demograph
News Summary - tp senkumar communal statement kerala news, malayalam news, madhyamam
Next Story