സെൻകുമാറിന് ചരിത്രനേട്ടം; തോറ്റത് മുഖ്യമന്ത്രിയും സർക്കാറും
text_fieldsതിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്ന് തന്നെ മാറ്റിയ സർക്കാർ നടപടിക്കെതിരെ ഡി.ജി.പി ഡോ. ടി.പി. സെൻകുമാർ പൊരുതി വിജയിച്ചപ്പോൾ കനത്ത തിരിച്ചടി നേരിട്ടത് മുഖ്യമന്ത്രി പിണറായി വിജയനും ഇടതുസർക്കാറിനും. മാസങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ സെൻകുമാർ കൈവരിച്ചതാകട്ടെ ചരിത്രനേട്ടവും. കേരള പൊലീസിെൻറ ചരിത്രത്തിലാദ്യമായാണ് ഒരു പൊലീസ് മേധാവി സർക്കാറിനെതിരെ നിയമയുദ്ധം നടത്തി വിജയിക്കുന്നത്. സംസ്ഥാനത്ത് ഭരണമാറ്റമുണ്ടായാൽ പൊലീസ് മേധാവിയെ മാറ്റണമെന്നത് സി.പി.എമ്മിെൻറ തീരുമാനമായിരുന്നു. സെൻകുമാറിനോടുള്ള രാഷ്ട്രീയ വിരോധമായിരുന്നു തീരുമാനത്തിനാധാരം.
കഴിഞ്ഞ സർക്കാറിെൻറ കാലത്ത് ഇൻറലിജൻസ് മേധാവിയായിരുന്നു സെൻകുമാർ ടി.പി. ചന്ദ്രശേഖരൻ വധക്കേസിലുൾപ്പെടെ സി.പി.എമ്മിനെതിരായ നിലപാടാണ് കൈക്കൊണ്ടത്. കണ്ണൂർ ജില്ല സെക്രട്ടറിയായിരുന്ന പി. ജയരാജെൻറ അറസ്റ്റിലേക്കുവരെ കാര്യങ്ങൾ എത്തിയത് സെൻകുമാറിെൻറ റിപ്പോർട്ടിെൻറ കൂടി അടിസ്ഥാനത്തിലായിരുന്നു. അരിയിൽ ഷുക്കൂർ വധക്കേസ്, കതിരൂർ മനോജ് വധക്കേസ് എന്നിവയിലും സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്ന ഇൻറലിജൻസ് റിപ്പോർട്ടുകളാണ് സെൻകുമാർ കൈമാറിയത്. സെൻകുമാറിനോടുള്ള സി.പി.എമ്മിെൻറ നിലപാടിന് ഇതും കാരണമായി.
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി സെൻകുമാറിന് അടുപ്പമുണ്ടെന്ന സംശയവും സർക്കാറുണ്ടായി. തുടർന്നാണ് പിണറായി സർക്കാർ അധികാരമേറ്റയുടൻ സെൻകുമാറിനെ പൊലീസ് മേധാവിസ്ഥാനത്തുനിന്ന് നീക്കിയത്. പുറ്റിങ്ങൽ ദുരന്തം, ജിഷ കേസ് എന്നിവ സെൻകുമാറിനെ പുറത്താക്കാനുള്ള പുകമറ മാത്രമായിരുന്നു. ഗുരുതരമായ വീഴ്ചകൾ വന്നാൽ പൊലീസ് മേധാവിയെ മാറ്റാൻ അധികാരമുണ്ടെങ്കിലും നടപടിക്രമങ്ങൾ പാലിക്കണമെന്ന് ഉന്നത ഉദ്യോഗസ്ഥർ പിണറായിയെ ധരിപ്പിച്ചിരുന്നു.
പക്ഷേ, സെൻകുമാറിനെ മാറ്റാൻ സർക്കാർ കടുത്ത തീരുമാനം എടുക്കുകയായിരുന്നു. സെൻകുമാർ നിയമനടപടിക്ക് പോകില്ലെന്ന മുൻവിധിയും സർക്കാറിനുണ്ടായിരുന്നു. എന്നാൽ, എല്ലാവരുടെയും കണക്കുകൂട്ടലുകൾ തെറ്റിച്ചായിരുന്നു സെൻകുമാറിെൻറ നീക്കങ്ങൾ. 11മാസം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ സർക്കാർ പരാജയപ്പെട്ടിട്ടും പുനർനിയമനം നൽകാതെ റിവ്യൂ ഹരജി നൽകാനുള്ള തീരുമാനവും മുഖ്യമന്ത്രിയുടേതായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.