വ്യാപാര ലൈസൻസ് പുതുക്കൽ: കെ-സ്മാർട്ട് നിബന്ധനകളിൽ വലഞ്ഞ് വ്യാപാരികൾ
text_fieldsതിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിൽ നടപ്പാക്കിയ കെ-സ്മാർട്ടിലെ നിബന്ധനകൾ വ്യാപാരികളുടെ ലൈസൻസ് പുതുക്കലിന് തിരിച്ചടിയാകുന്നു. ലൈസൻസ് പുതുക്കാനുള്ള സമയപരിധി ജൂൺ 30ന് അവസാനിക്കാനിരിക്കെയാണ് കെ-സ്മാർട്ട് നിബന്ധകൾ ചെറുകിട വ്യാപാരികൾക്ക് ഊരാക്കുടുക്കായത്. കോർപറേഷൻ, മുനിസിപ്പാലിറ്റി പരിധിയിലെ വ്യാപാരികളാണ് ലൈസൻസ് പുതുക്കേണ്ടത്.
പ്രതിസന്ധിക്ക് പരിഹാരം കാണാമെന്ന് തദ്ദേശമന്ത്രി എം.ബി. രാജേഷ് ഉറപ്പുനൽകിയെങ്കിലും നടപടിക്രമങ്ങളിൽ ഇളവ് വരുത്തിയിട്ടില്ലെന്ന് വ്യാപാരികൾ ആരോപിക്കുന്നു. ലൈസൻസ് പുതുക്കലിന് അപേക്ഷയോടൊപ്പം സത്യവാങ്മൂലം ഒപ്പിട്ട് നൽകണമെന്നും സെപ്റ്റംബർ വരെയുള്ള കെട്ടിടനികുതി അടച്ച രസീത് അപ്ലോഡ് ചെയ്യണമെന്നുമുൾപ്പെടെ നിബന്ധനകളാണ് വ്യാപാരികളെ വലക്കുന്നത്.
ഉടമയാണ് കെട്ടിട നികുതി അടയ്ക്കേണ്ടത്. ചില ഉടമകൾക്ക് അതിൽ കുടിശ്ശികയുണ്ട്. ഇതുമൂലം ലൈസൻസ് പുതുക്കാൻ കഴിയാത്ത സ്ഥിതിയുണ്ട്. ഹരിതകർമ സേനക്കുള്ള യൂസർഫീ രസീതില്ലാത്തതും മറ്റൊരു പ്രതിസന്ധിയാണ്. ഈ ബില്ലും അപ്ലോഡ് ചെയ്യണം. മാലിന്യം നിക്ഷേപിക്കാൻ ജൈവം, അജൈവം, അപകടകരമായ മാലിന്യം എന്നിങ്ങനെ ബിന്നുകൾ സ്ഥാപിക്കണം. ഇതു പൊതുജനത്തിനും മാലിന്യം നിക്ഷേപിക്കാൻ പാകത്തിന് സ്ഥാപിക്കണം. ഇതിനെയും വ്യാപാരികൾ എതിർക്കുകയാണ്.
കടയിലെ ജീവനക്കാർക്കും ഉപഭോക്താവിനും ഉപയോഗിക്കുംവിധം ശൗചാലയമുണ്ടെന്ന സത്യവാങ്മൂലവും നൽകണം. ചെറിയ കച്ചവടക്കാർക്ക് ഈ സംവിധാനം ഒരുക്കാൻ കഴിയില്ലെന്ന് വ്യാപാരികൾ പറയുന്നു. ചിലർക്ക് മലിനീകരണ നിയന്ത്രണ ബോർഡിന്റെ എതിർപ്പില്ലെന്ന സർട്ടിഫിക്കറ്റും അപ്ലോഡ് ചെയ്യണം.
അതേസമയം, സർക്കാർ നിബന്ധനകൾ പാലിച്ച് 1.19 ലക്ഷം സ്ഥാപനങ്ങൾ ഇതിനകം ലൈസൻസ് പുതുക്കിയെന്ന് കെ-സ്മാർട്ട് അധികൃതർ പറയുന്നു. ഇതിനകം 1.31 ലക്ഷം സ്ഥാപനങ്ങൾ ലൈസൻസ് നേടി. കഴിഞ്ഞ മാർച്ചുവരെ ആയിരുന്നു ലൈസൻസ് പുതുക്കേണ്ട സമയപരിധി. എന്നാൽ, കെ-സ്മാർട്ടുമായി ബന്ധപ്പെട്ടുണ്ടായ സാങ്കേതിക പ്രശ്നങ്ങൾ കണക്കിലെടുത്ത അത് ജൂൺ 30 വരെ നീട്ടി. അതിനുശേഷം ലഭിക്കുന്ന അപേക്ഷകൾക്ക് പിഴയും ലേറ്റ് ഫീസും ഈടാക്കാനാണ് തീരുമാനം. അതേസമയം, ലൈസൻസ് പുതുക്കാനുള്ള തീയതി നീട്ടണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.