ഭക്ഷ്യകിറ്റ് വിതരണം 'സേവന'മാക്കാനുള്ള നീക്കത്തിനെതിരെ വ്യാപാരികൾ കോടതിയിൽ
text_fieldsതിരുവനന്തപുരം: കോവിഡ് കാലത്ത് സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്ത വകയിൽ റേഷൻ വ്യാപാരികൾക്ക് നൽകേണ്ട കമീഷൻ തുക 'സേവന'മായി കണ്ട് എഴുതിത്തള്ളാനുള്ള സർക്കാർ നീക്കത്തിനെതിരെ വ്യാപാരികൾ ഹൈകോടതിയെ സമീപിച്ചു.
റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന ഓരോ കിറ്റിനും നിശ്ചിത തുക കമീഷനായി നൽകുമെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കിറ്റുകൾ വിതരണം ചെയ്തിട്ടുള്ളതെന്നും വിതരണം പൂർത്തിയായ ശേഷം അത് നൽകില്ലെന്ന സർക്കാർ നിലപാട് വ്യാപാരികളോടുള്ള വിശ്വാസവഞ്ചനയും വാഗ്ദാനലംഘനവുമാണെന്നും പരാതിയിൽ പറയുന്നു. ഹരജികളിൽ വാദം കേട്ട കോടതി ഇതുസംബന്ധിച്ച് വ്യാപാരികളുമായി ചർച്ച നടത്തി ജനുവരി 11ന് തീരുമാനം അറിയിക്കാൻ സർക്കാറിനോട് ആവശ്യപ്പെട്ടു.
2020 ഏപ്രിൽ മുതലാണ് സംസ്ഥാനത്ത് കിറ്റ് വിതരണം ആരംഭിച്ചത്. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് എല്ലാ വിഭാഗം റേഷൻ കാർഡുടമകൾക്കുമായി 10,98,77,132 കിറ്റുകളാണ് വിതരണം ചെയ്തത്. വിവിധ ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കായി 89741കിറ്റുകളും വിതരണം ചെയ്തു. 5538.48 കോടിയാണ് കിറ്റ് ഇനത്തിൽ സപ്ലൈകോക്ക് അനുവദിച്ചത്. സാധനങ്ങൾ പാക്ക് ചെയ്യുന്നതിനും എല്ലാ ഇനങ്ങളും കിറ്റിലാക്കി സീൽ ചെയ്യുന്നതിനും കിറ്റുകൾ സൂക്ഷിക്കുന്നതിനും ഗോഡൗണുകൾക്കുള്ള വാടകയും കയറ്റിറക്ക് കൂലിയും വാഹന ചാർജും ദിവസവേതന തൊഴിലാളികൾക്കുള്ള കൂലിയുമടക്കം കോടികളാണ് കിറ്റിന്റെ പേരിൽ ഭക്ഷ്യവകുപ്പ് ചെലവഴിച്ചത്.
കോവിഡ് കാലത്ത് ഓഫിസിൽ എത്താതെ വീട്ടിലിരുന്ന സർക്കാർ ഉദ്യോഗസ്ഥർക്കും അധ്യാപകർക്കും വരെ ശമ്പളം നൽകിയ സർക്കാർ, കോവിഡ് ഭീതിയിലും ജീവൻപണയംെവച്ച് റേഷനും കിറ്റും വിതരണം നടത്തിയ വ്യാപാരികളെ പറഞ്ഞുപറ്റിക്കുകയായിരുന്നുവെന്നാണ് വ്യാപാരികളുടെ ആരോപണം. റേഷനും കിറ്റും വിതരണം ചെയ്യാൻ കടകൾ തുറന്നതോടെ വ്യാപാരികളും സെയിൽസ്മാൻമാരുമടക്കം 65 പേരാണ് ഇതിനോടകം മരണത്തിന് കീഴടങ്ങിയത്. 13 മാസം കിറ്റ് വിതരണം നടത്തിയതിൽ രണ്ട് മാസത്തെ കമീഷൻ മാത്രമാണ് നാളിതുവരെ നൽകിയത്. ബാക്കി തുക സേവനമായി കണക്കാക്കാനാണ് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ വ്യാപാരികളോട് ആവശ്യപ്പെട്ടത്.വെളിച്ചെണ്ണ, ഓയിൽ പാക്കുകൾ പൊട്ടിപ്പോകാൻ സാധ്യതയുള്ളതിനാൽ കിറ്റ് സൂക്ഷിക്കാൻ വേണ്ടി മാത്രം പ്രത്യേക കട മുറികൾക്ക് 3000-5000 രൂപ മാസ വാടക നൽകി. പല ഘട്ടങ്ങളിലും സ്വന്തം കൈയിൽ നിന്ന് കാശുമുടക്കി വ്യാപാരികൾ തന്നെയാണ് ഓട്ടോയിലും മറ്റുമായി എത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.