പാളയം മാർക്കറ്റിലെ മാലിന്യം നീക്കം ചെയ്യാതെ പുതിയ താൽക്കാലിക വ്യാപാര സമുച്ചയത്തിലേക്ക് വ്യാപാരികൾ മാറില്ല- വ്യാപാരി വ്യവസായി ഏകോപന സമിതി
text_fieldsതിരുവനന്തപുരം: പാളയം മാർക്കറ്റിലെ മാലിന്യം നീക്കം ചെയ്യാതെ പുതിയ താൽക്കാലിക വ്യാപാര സമുച്ചയത്തിലേക്ക് വ്യാപാരികൾ മാറില്ല എന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ടും കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യ ട്രേഡേഴ്സ് ദേശീയ സെക്രട്ടറിയുമായ എസ്.എസ്. മനോജ്. പാളയം കണ്ണിമേറാ മാർക്കറ്റ് മർച്ചന്റ്സ് അസോസിയേഷന്റെ ഭാരവാഹികളുടെ അടിയന്തര യോഗത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാർച്ച് 31നകം മുഴുവൻ വ്യാപാരികളും പുതിയ കെട്ടിട സമുച്ചയത്തിലേക്ക് മാറണമെന്ന നോട്ടീസ് മാർക്കറ്റിനുള്ളിലെ നഗരസഭ ഓഫീസിൽ പതിച്ചത് മുഖവിലക്കെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പാളയം മാർക്കറ്റിന്റെ നവീകരണ പ്രവർത്തനത്തിന് വ്യാപാരികൾ എതിരല്ല. നഗരസഭയുടെ എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകും.
എന്നാൽ, പാളയം മാർക്കറ്റിനുള്ളിലെയും പുറത്തെ ഒമ്പത് നഗരസഭാ വാർഡുകളിലേയും മത്സ്യ-മാംസ-പച്ചക്കറി എന്നിവയുടെ അവശിഷ്ട മാലിന്യങ്ങൾ നിക്ഷേപിക്കുന്ന പടുകൂറ്റൻ ടാങ്കിന് സമീപമായി പുതുതായി പണികഴിപ്പിച്ച, വായു സഞ്ചാരം പോലും ഇല്ലാത്ത കെട്ടിട മുറികളിലേക്ക് മാറി കച്ചവടം ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
നഗരത്തിൽ മാലിന്യ നിക്ഷേപം കണ്ടെത്തിയാൽ സ്വകാര്യ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും പിഴ ഈടാക്കുന്ന നഗരസഭാ സെക്രട്ടറി നഗരമധ്യത്തിലുള്ള നഗരസഭയുടെ വ്യാപാര കേന്ദ്രത്തിൽ മാലിന്യ നിക്ഷേപം നടത്തുന്നനെതിരെ എന്തു നടപടിയാണ് ഹരിത കർമ സേനക്കെതിരെ എടുത്തതെന്നും വ്യക്തമാക്കണം. ഹരിത കർമ സേനയുടെ നിർബന്ധിത പിരിവ് നൽകുന്നവരാണ് പാളയം മാർക്കറ്റിലെ മുഴുവൻ വ്യാപാരികളുമെന്നും അദ്ദേഹം പറഞ്ഞു.
അസോസിയേഷൻ പ്രസിഡന്റ് രാജൻ. പി. നായർ അധ്യക്ഷത വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വർക്കിംഗ് പ്രസിഡണ്ട് പാളയം പത്മകുമാർ, സെക്രട്ടറി ഡി. വിദ്യാധരൻ, മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറി ജെ. റജാസ്, ട്രഷറർ എസ്. ഷഹാബദീൻ എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.