പൊക്കാളിപ്പാടങ്ങളുടെ കണ്ണീർ; 5000 ഹെക്ടറിലേക്ക് ചുരുങ്ങിയ പരമ്പരാഗത കൃഷി
text_fieldsഭൗമസൂചികപദവി ലഭിച്ച പൊക്കാളി ആഗോളതലത്തിൽ പ്രാധാന്യം കൈവന്ന നെല്ലിനമാണ്. ഓരു വെള്ളക്കെട്ടാണ് പൊക്കാളിയുടെ തനിമ. വെള്ളപ്പൊക്കവും ഒരുപരിധിവരെ കാലാവസ്ഥ വ്യതിയാനവും അതിജീവിച്ചുവളരാൻ കഴിയുന്ന കൃഷിരീതിയാണ്. കേരളത്തിൽ ഉണ്ടായിരുന്ന 25,000 ഹെക്ടർ പൊക്കാളിപ്പാടങ്ങൾ 5000 ഹെക്ടറായി ചുരുങ്ങിയെന്നാണ് കണക്ക്. ദേശത്തിന്റെ കാർഷിക വികസന ചരിത്രത്തിന്റെ അടയാളമായ പൊക്കാളി കൃഷിയുടെ മഹത്ത്വം തിരിച്ചറിയേണ്ടത് കാലത്തിന്റെ ആവശ്യമാണ്. മത്സ്യകൃഷിയുടെ വ്യാപനത്തിലൂടെ അന്യമാകുന്ന പൊക്കാളിപ്പാടങ്ങളിലേക്ക് മാധ്യമത്തിന്റെ നേർക്കാഴ്ച’.
തുറവൂർ: ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലും വേമ്പനാട്ടുകായലിന്റെയും അറബിക്കടലിന്റെയും ഇടയിലുള്ള തീരങ്ങളിൽ 33 പഞ്ചായത്തിലും രണ്ട് നഗരസഭയിലുമായാണ് പൊക്കാളിപ്പാടങ്ങളുള്ളത്. ഏതാനും പതിറ്റാണ്ടുകൾക്ക് മുമ്പ് കേരളത്തിൽ ഏകദേശം 25,000 ഹെക്ടർ പൊക്കാളിപ്പാടങ്ങൾ ഉണ്ടായിരുന്നു. നിലം നന്നേ കുറഞ്ഞ് സംസ്ഥാനത്തുടനീളം ഏകദേശം 5000 ഹെക്ടറിനടുത്തേക്ക് ചുരുങ്ങിയെന്നാണ് ഒടുവിലെ കണക്ക്.
അരൂർ മണ്ഡലത്തിലെ അരൂർ, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ, പട്ടണക്കാട് പഞ്ചായത്തുകളിൽ വിസ്തൃതമായി പരന്നുകിടക്കുന്ന കൃഷിയിടങ്ങൾ പൊക്കാളി കൃഷിക്ക് പ്രസിദ്ധമാണ്. അറബിക്കടലിന്റെയും വേമ്പനാട്ടുകായലിന്റെയും ഇടയിൽ കിലോമീറ്ററുകൾ നീളത്തിൽ പൊക്കാളിപ്പാടങ്ങൾ പരന്നുകിടക്കുന്നു.
2008ൽ ഭൗമസൂചിക പദവി (ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ സൂചിക ) ലഭിച്ച പൊക്കാളി ആഗോളതലത്തിൽ വളരെയധികം പ്രാധാന്യം കൈവന്ന നെല്ലിനമാണ്. ഈ കൃഷിരീതിക്കും വിതക്കുന്ന വിത്തിനും കൃഷി നിലത്തിനും എല്ലാം പൊക്കാളി എന്നുതന്നെയാണ് പേര്. ഉപ്പുവെള്ളത്തിൽ പൊക്കത്തിലേക്ക് ആളുന്ന അഥവാ വളരുന്ന എന്ന അർഥത്തിലാണ് പൊക്കാളി എന്ന പേരുവന്നത്. വെള്ളത്തിൽ വിതച്ച്, വെള്ളത്തിൽ വളർന്ന് വെള്ളത്തിൽ കതിരിട്ട് വെള്ളത്തിൽനിന്ന് തന്നെ കൊയ്തെടുക്കുന്ന പൊക്കാളി കൃഷി അത്യപൂർവവും വിശേഷപ്പെട്ടതുമാണ്.
ലവണ പ്രതിരോധശക്തിയും അമ്ലത്വസഹനശക്തിയുമുള്ള നെല്ലിനമാണ് പൊക്കാളി. ഓരുവെള്ളക്കെട്ടാണ് പൊക്കാളി നിലങ്ങളുടെ തനിമ. തികച്ചും കാലാവസ്ഥയെ ആശ്രയിച്ച് ഇടവപ്പാതിക്കാലത്ത് കൃഷി ഇറക്കുന്ന പൊക്കാളി നിലങ്ങൾ മറ്റൊരു സമയത്തും നെൽകൃഷിക്ക് യോഗ്യമല്ല. പരമ്പരാഗത കൃഷിരീതിയാണെങ്കിലും വർത്തമാനകാലത്ത് പൊക്കാളി പലർക്കും അത്ര സുപരിചിതമല്ല. ഈ കൃഷിരീതിയും പോഷക ഗുണമുള്ള അരി ജനങ്ങളിലേക്ക് എത്തിക്കേണ്ടതും അനിവാര്യമാണ്. അത്യപൂർവമായ ഈനെല്ലിനം വലിയ രീതിയിൽ കൃഷി ചെയ്ത് സർക്കാറിന് തന്നെ കയറ്റുമതി ചെയ്യാം.
പരിസ്ഥിതിയും പ്രകൃതിയും പൈതൃകവും ഒപ്പം ആരോഗ്യവും കാക്കേണ്ടതിന്റെ ഉത്തരവാദിത്ത്വം സർക്കാറിലുണ്ട്. അതുകൊണ്ടുതന്നെ പൊക്കാളി എന്ന വിളയുടെ മഹത്ത്വം തിരിച്ചറിഞ്ഞ് പ്രവർത്തിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. എന്നാൽ, ആഗോളതലത്തിൽ കീർത്തികേട്ട പൊക്കാളി കൃഷി അരൂരിന് അന്യമാകുകയാണ്. നിർഭാഗ്യമെന്ന് പറയട്ടെ കതിരുകാണാപ്പാടങ്ങളായി കരിനിലങ്ങൾ മാറിയിട്ട് പതിറ്റാണ്ടുകൾ കഴിയുന്നു.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.