താമരശ്ശേരി ചുരത്തിൽ ഇന്നലെ തുടങ്ങിയ ഗതാഗതക്കുരുക്ക് തുടരുന്നു
text_fieldsവൈത്തിരി: താമരശ്ശേരി ചുരത്തിൽ ഇന്നലെ തുടങ്ങിയ ഗതാഗതക്കുരുക്ക് ഇന്ന് രാവിലെയും തുടരുന്നു. അവധിയായതിനാൽ വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ദസറക്കായി മൈസൂരിലേക്കും ആളുകളുടെ ഒഴുക്കായതിനാൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. അതിനാൽ, വാഹനങ്ങൾക്ക് പതിവ് വേഗതയിൽ കയറാനാകുന്നില്ല. താമരശ്ശേരി ചുരം വഴി യാത്ര ചെയ്യുന്നവർ ഭക്ഷണവും വെള്ളവും കരുതണമെന്ന് ചുരം സംരക്ഷണ സമിതി പ്രവർത്തകർ അറിയിച്ചു. മാത്രമല്ല, ഇന്നലെ എട്ടാം വളവില്‍ തകരാറിലായ ചരക്കുലോറികൾ ഇതുവരെ സ്ഥലത്തുനിന്ന് മാറ്റാനായിട്ടില്ല.
ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയാണ് എട്ടാംവളവിൽ അമിത ഭാരം കയറ്റി വന്ന മൾട്ടി ആക്സിൽ ലോറി നിന്നുപോയത്. ചെറു വാഹനങ്ങൾ ഒറ്റ വരി ആയി കടന്നുപോയെങ്കിലും കടന്നുപോകാനാകാതെ കർണാടകയുടെ ബസും മറ്റൊരു ലോറിയും വളവിൽ കുടുങ്ങിയതോടെ വാഹനങ്ങൾ മൊത്തത്തിൽ നിശ്ചലമാകുകയായിരുന്നു.
തുടർന്ന് ചുണ്ടയില്‍ മുതല്‍ കൈതപൊയില്‍ വരെ വാഹനങ്ങളുടെ നീണ്ട നിരയാണ് ഇന്നലെ രൂപപ്പെട്ടിരുന്നത്. ഇന്നലെ രാവിലെ മുതല്‍ തുടങ്ങിയ ഗതാഗത തടസം വൈകിട്ടോടെ രൂക്ഷമായിരുന്നു. ഇന്നലെ വൈകുന്നേരം 3.30ന് ലക്കിടിയില്‍ എത്തിയവര്‍ക്ക് രാത്രി ഏഴായിട്ടും മുന്നോട്ട് നീങ്ങാനായിരുന്നില്ല. എന്നാൽ, വാഹന ബാഹുല്യം ആണ് ഇന്നത്തെ പ്രശ്നം. അര മണിക്കൂറിൽ കഴിയുന്ന ചുരം കയറ്റം ഇപ്പോൾ രണ്ടര മണിക്കൂർ വരെയാണ് നീളുന്നത്.
ഗതാഗതക്കുരുക്കിന് പരിഹാരം ബൈപാസ് മാത്രം -ടി. സിദ്ദീഖ് എം.എൽ.എ
വൈത്തിരി: വയനാട് ചുരത്തിൽ അടിക്കടി ഉണ്ടാകുന്ന യാത്ര കുരുക്കിന് ശാശ്വത പരിഹാരം നിർദ്ദിഷ്ട ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ ബൈപാസ് റോഡ് നടപ്പിലാക്കുക മാത്രമാണെന്ന് ടി. സിദ്ദീഖ് എം.എൽ.എ ‘മാധ്യമ’ത്തോട് പറഞ്ഞു. ഈ ആവശ്യം മന്ത്രി തലത്തിലും നിയമസഭയിലും ഉന്നയിച്ചുവെങ്കിലും നാളിതുവരെ യാതൊരു നടപടിയുമുണ്ടായില്ല.
14 തവണയാണ് യാത്ര മുടങ്ങി ചുരത്തിൽ ജനപ്രതിനിധിയായ താൻ കുടുങ്ങിയത്. ഗതാഗത കുരുക്ക് വയനാടിന്‍റെ ടൂറിസം മേഖലയെ പ്രതികൂലമായി ബാധിക്കും. ബൈപാസ് റോഡിന്റെ നടപടികൾ അടിയന്തിരമായി നടപ്പാക്കുവാൻ മുഖ്യമന്ത്രിയെയും കേന്ദ്രമന്ത്രിയെയും പ്രത്യേകം നേരിൽ കണ്ടു ആവശ്യമുന്നയിക്കുമെന്നും എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.