മുഖ്യമന്ത്രിക്കായി ഗതാഗതം തടഞ്ഞു; എസ്.എച്ച്.ഒയെ താക്കീത് ചെയ്ത് മജിസ്ട്രേറ്റ്
text_fieldsപാലാ: മുഖ്യമന്ത്രിക്കായി പൊതുഗതാഗതം തടസ്സപ്പെടുത്തിയതിനെക്കുറിച്ച് വിശദീകരണം തേടി പാലാ മജിസ്ട്രേറ്റ്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നു പോകുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണത്തിനിടെ എത്തിയ പാലാ മജിസ്ട്രേറ്റിന്‍റെ വാഹനത്തിൽ പൈലറ്റ് ജീപ്പ് ഇടിക്കാൻ വന്ന സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ ശനിയാഴ്ച മുഖ്യമന്ത്രി കട്ടപ്പനക്ക് പോകുന്നതിന്‍റെ ഭാഗമായി എം.സി റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഈ സമയം പാലാ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ജി. പത്മകുമാർ മൂവാറ്റുപുഴ ഭാഗത്തുള്ള തന്‍റെ വസതിയിലേക്ക് കാറിൽ സഞ്ചരിക്കുകയായിരുന്നു. കോഴാ ഭാഗത്തുെവച്ച് മുഖ്യമന്ത്രിക്ക് അകമ്പടിപോയ പൈലറ്റ് വാഹനം നിയന്ത്രണം തെറ്റി മജിസ്ട്രേറ്റ് സഞ്ചരിച്ച കാറിനുനേരെ എത്തുകയും അദ്ദേഹം വെട്ടിച്ചുമാറ്റിയതിനാൽ രക്ഷപ്പെടുകയും ചെയ്തിരുന്നു.
തുടർന്നാണ് സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് പാലാ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ജി.പത്മകുമാർ കുറവിലങ്ങാട് എസ്.എച്ച്.ഒയെ തിങ്കളാഴ്ച പാലാ കോടതിയിൽ വിളിച്ചുവരുത്തിയത്. സംഭവത്തിൽ വിശദീകരണം തേടിയ മജിസ്ട്രേറ്റ്, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കണമെന്ന് താക്കീത് ചെയ്യുകയും ചെയ്തു.
മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോകുന്നതിന് റോഡ് ഗതാഗതം തടസ്സപ്പെടുത്തിയതും പൊലീസ് വാഹനങ്ങൾ അമിത വേഗത്തിൽ പോയതുമാണ് മജിസ്ട്രേറ്റിനെ ക്ഷുഭിതനാക്കിയത്. ഇദ്ദേഹത്തിന്‍റെ വാഹനത്തിനൊപ്പം സാധാരണക്കാരുടെ വാഹനങ്ങൾ അടക്കം റോഡിൽ പിടിച്ചിട്ടിരുന്നു. സാധാരണക്കാർക്ക് റോഡിലൂടെ യാത്ര ചെയ്യണ്ടേയെന്ന് ചോദിച്ച കോടതി, സംഭവത്തിൽ കൃത്യമായ വിശദീകരണം നൽകാൻ നിർദേശിച്ചു. റിപ്പോർട്ട് 17ന് മുമ്പ് സമർപ്പിക്കണം.
എന്നാൽ, മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കാൻ മജിസ്ട്രേറ്റിനെ അടക്കം തടയേണ്ടി വന്നതോടെ പുലിവാൽ പിടിച്ചത് പൊലീസാണ്. സുരക്ഷയുടെ പേരിൽ കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ നടപടിയുണ്ടാകുമെന്നിരിക്കെയാണ് ഇപ്പോൾ മജിസ്ട്രേറ്റിന്‍റെ നിർദേശം ഉണ്ടായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.