ബീനാച്ചി-പനമരം റോഡിൽ യാത്രാദുരിതം; പ്രതിഷേധിച്ച് മടുത്ത് നാട്ടുകാർ
text_fieldsസുൽത്താൻ ബത്തേരി: നിർമാണം നടക്കുന്ന ബീനാച്ചി-പനമരം റോഡിൽ യാത്രാദുരിതമേറുന്നു. മെറ്റൽ നിരത്തിയ റോഡിൽ പൊടിശല്യം സഹിച്ചുവേണം യാത്രചെയ്യാൻ. നിർമാണം ഏറ്റെടുത്തവരുടെ അനാസ്ഥയിൽ നാട്ടുകാർ പ്രതിഷേധിച്ച് മടുത്ത അവസ്ഥയാണ്. റോഡുപണിയിലെ മെല്ലെപ്പോക്കിനെതിരെ പ്രതിഷേധങ്ങളും ചർച്ചകളും ഏറെ നടന്നു. സുൽത്താൻ ബത്തേരി സി.ഐയുടെ നേതൃത്വത്തിൽ കഴിഞ്ഞ മാസം 19ന് നടന്ന ചർച്ചയിൽ ഏപ്രിൽ ഒന്നിനകം ഒന്നാംഘട്ട ടാറിങ് പൂർത്തിയാക്കാമെന്ന ഉറപ്പാണ് നാട്ടുകാർക്ക് ലഭിച്ചത്. എന്നാൽ, പണിയിൽ ഒരു വേഗതയും പിന്നീടുണ്ടായില്ല. ഇങ്ങനെ പോയാൽ അടുത്ത മഴക്കാലത്തിന് മുമ്പ് പണി തീരില്ലെന്ന് ഉറപ്പാണ്.
ബീനാച്ചിക്കു ശേഷം താഴെ അരിവയൽ മുതൽ കേണിച്ചിറ വരെയാണ് മെറ്റൽ നിരത്തി ഉറപ്പിച്ചത്. ഇതുവഴി വാഹനങ്ങൾ നിരന്തരം ഓടിയതോടെ മെറ്റൽ ഇളകിത്തുടങ്ങി. ഇപ്പോൾ വാഹനങ്ങൾ കടന്നുപോകുമ്പോൾ പൊടി ഉയരുകയാണ്. ആളുകൾ മാസ്ക് ധരിക്കുന്നതിനാൽ പൊടി ശ്വാസകോശത്തിൽ എത്തുന്നില്ലെന്ന ആശ്വാസമുണ്ടെങ്കിലും ദേഹത്തും വസ്ത്രങ്ങളിലും പൊടി നിറയുന്നു. പൊടി ഉയരാതിരിക്കാൻ ഇടക്കിടെ നനക്കണമെന്നാണ് ചട്ടം. ഒരു ലോറിയിൽ വെള്ളമെത്തിച്ച് പേരിനൊരു നനക്കലാണ് നടക്കുന്നത്. അത് അര കിലോമീറ്റർ ഭാഗത്ത് ഒതുങ്ങും. തിങ്കളാഴ്ച കോളേരിയിൽ നനക്കാനെത്തിയ ലോറി നാട്ടുകാർ തടഞ്ഞു.
ബീനാച്ചി മുതൽ പനമരം വരെ 22 കിലോമീറ്ററാണ് 55 കോടിയോളം മുടക്കി പുതുക്കിപ്പണിയുന്നത്. രണ്ടു വർഷത്തോളമായി നിർമാണം തുടങ്ങിയിട്ട്.
സമനിരപ്പാക്കുന്നതോടൊപ്പം വീതി കൂട്ടുമെന്നുമാണ് അധികാരികൾ പറഞ്ഞത്. ഇപ്പോൾ പണി നടക്കുന്ന ഭാഗത്ത് വലിയ രീതിയിൽ വീതി കൂടിയിട്ടില്ല. വൈദ്യുതി കാലുകൾ, മരങ്ങൾ എന്നിവയൊക്കെ ഇനിയും മാറ്റാനുണ്ട്. നടവയൽ മുതൽ പനമരം വരെ പ്രവൃത്തി തുടങ്ങിയിട്ടുമില്ല. സുൽത്താൻ ബത്തേരി-മാനന്തവാടി റൂട്ടിൽ 33 സ്വകാര്യബസുകളും 12 കെ.എസ്.ആർ.ടി.സികളുമാണ് റോഡ് പണി തുടങ്ങുന്നതിന് തൊട്ടുമുമ്പുവരെ സർവിസ് നടത്തിയത്. ഇപ്പോൾ എണ്ണം പകുതിയായി. രണ്ടു ദിവസം ഓടിയാൽ മൂന്നാം ദിവസം വർക്ക്ഷോപ്പിൽ കയറ്റേണ്ടി വരുമെന്നാണ് ബസുടമകളും ജോലിക്കാരും പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.