പുതുപ്പള്ളിയിൽ ഇന്ന് ഗതാഗത നിയന്ത്രണം
text_fieldsകോട്ടയം: ഉമ്മൻ ചാണ്ടിയുടെ സംസ്കാരചടങ്ങുകളുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച രാവിലെ ആറുമുതൽ പുതുപ്പള്ളിയിൽ ഗതാഗതനിയന്ത്രണങ്ങൾ. തെങ്ങണയില്‍നിന്ന് കോട്ടയം ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ ഞാലിയാകുഴി ജങ്ഷനില്‍നിന്നും തിരിഞ്ഞ് ചിങ്ങവനം വഴി പോകണമെന്ന് പൊലീസ് അറിയിച്ചു.
കറുകച്ചാല്‍ ഭാഗത്തുനിന്ന് മണര്‍കാട്, കോട്ടയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വെട്ടത്തുകവല എല്‍.പി സ്കൂള്‍ ഭാഗത്തുനിന്നും തിരിഞ്ഞ് നാരകത്തോട് ജങ്ഷന് വഴി പയ്യപ്പാടി ചുറ്റി കാഞ്ഞിരത്തിന്മൂട് ജങ്ഷന് വഴി മണര്‍കാടേക്ക് പോകണം.
കോട്ടയം ഭാഗത്തുനിന്ന് കറുകച്ചാല്‍, തെങ്ങണ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ മന്ദിരം കലുങ്ക് ജങ്ഷനില്‍നിന്നും ഇടത്തേക്ക് തിരിഞ്ഞ് പൂമറ്റം, സ്പൈസ് ജങ്ഷന് (കാഞ്ഞിരത്തുംമൂട്) വഴി ഐ.എച്ച്.ആർ.ഡി, നാരകത്തോട് ജങ്ഷന്‍വഴി വെട്ടത്തുകവല എല്‍.പി സ്കൂള്‍ ജങ്ഷനിലെത്തി പോകേണ്ടതാണ്.
മണര്‍കാട് കോട്ടയം ഭാഗത്തുനിന്ന് പുതുപ്പള്ളി ഭാഗത്തേക്ക് വരുന്ന വലിയ വാഹനങ്ങൾ കോട്ടയം ടൗണിലൂടെയും കറുകച്ചാല്‍ തെങ്ങണ ഭാഗത്തുനിന്നും വരുന്ന വലിയ വാഹനങ്ങൾ ചങ്ങനാശ്ശേരി വഴിയോ കങ്ങഴ പതിനാലാം മൈല്‍ വഴിയോ പോകണം.
മന്ദിരം കലുങ്ക് മുതല്‍ പുതുപ്പള്ളി ജങ്ഷന് വരെയും കാഞ്ഞിരത്തിന്മൂട് ജങ്ഷന് മുതല്‍ നിലക്കല്‍ പള്ളി വരെയും ഇരവിനല്ലൂര്‍ കലുങ്ക് മുതല്‍ പുതുപ്പള്ളി ജങ്ഷന് വരെയുമുള്ള റോഡുകളില്‍ പാര്‍ക്കിങ് അനുവദിക്കില്ലെന്നും പൊലീസ് അറിയിച്ചു.
ക്രമീകരണങ്ങൾക്ക് 2000 പൊലീസ് ഉദ്യോഗസ്ഥർ
കോട്ടയം: ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്രക്കും തുടര്‍ന്നുള്ള സംസ്കാര ചടങ്ങിനുമായി നിയോഗിച്ചിരിക്കുന്നത് 2000 പൊലീസ് ഉദ്യോഗസ്ഥരെ. ഗതാഗത ക്രമീകരണങ്ങള്‍ അടക്കമുള്ളവക്കായാണ് പൊലീസ് സേനയെ സജ്ജമാക്കിയിരിക്കുന്നത്. ബുധനാഴ്ച രാവിലെ കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം നടന്നു. ജില്ല പൊലീസ് മേധാവി കെ. കാർത്തിക് നിർദേശങ്ങൾ നൽകി. പുതുപ്പള്ളിലെ വീട്ടിലും പള്ളിയിലും തിരക്ക് നിയന്ത്രിക്കാൻ ബാരിക്കേഡുകൾ അടക്കം പൊലീസ് സ്ഥാപിച്ചിട്ടുണ്ട്.
വ്യാപാരസ്ഥാപനങ്ങൾക്ക് അവധി
ചങ്ങനാശ്ശേരി: ഉമ്മന്‍ ചാണ്ടിയോടുള്ള ആദരസൂചകമായി വ്യാഴാഴ്ച ചങ്ങനാശ്ശേരിയിലെ വ്യാപാരസ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കില്ലെന്ന് മര്‍ച്ചന്റ്സ് അസോസിയേഷന് അറിയിച്ചു.
വ്യാപാരഭവനില്‍ പ്രസിഡന്റ് ജോണ്സണ് ജോസഫ് പ്ലാന്തോട്ടത്തിന്റെ അധ്യക്ഷതയില്‍ കൂടിയ അനുശോചനയോഗത്തില്‍ സാംസണ് എം. വലിയപറമ്പില്‍, സണ്ണി നെടിയകാലാപറമ്പില്‍, ഡെന്നി ജോണ്‍ മാറാട്ടുകുളം, റൗഫ് റഹിം പറക്കവെട്ടി, സെബാസ്റ്റ്യന്‍ ജോര്‍ജ് കരിങ്ങട, ബിജു ആന്റണി കയ്യാലപ്പറമ്പില്‍, എം.അബ്ദുൽ നാസര്‍, സതീഷ് വലിയവീടന്‍, മുഹമ്മദ് നവാസ്, ടി.കെ. അന്‍സര്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.
പാലാ: ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയും അദ്ദേഹത്തോടുള്ള ആദരസൂചകമായും പാലായിലെ മുഴുവൻ വ്യാപാരസ്ഥാപനങ്ങളും വ്യാഴാഴ്ച ഉച്ചക്ക് ഒരുമണി മുതൽ അവധിയായിരിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂനിറ്റ് പ്രസിഡന്റ് എം.ജെ. വർക്കി മറ്റത്തിലും ജനറൽ സെക്രട്ടറി വി.സി. ജോസഫും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.