ഗതാഗത നിയമം ലംഘിച്ചാൽ ഇനി പൊലീസിനും പിടിവീഴും
text_fieldsകോഴിക്കോട്: ഗതാഗത നിയമം ലംഘിച്ച് ‘രക്ഷപ്പെടുന്ന’ പൊലീസുകാരെ പിടികൂടാൻ സംസ്ഥാന പൊലീസ് മേധാവി. നിയമപാലന വകുപ്പിന്റെ വാഹനങ്ങൾ ഉൾപ്പെട്ട നിയമലംഘനങ്ങൾ വർധിക്കുകയും പൊലീസ് ആസ്ഥാനത്ത് ഇ-ചലാനുകൾ കുന്നുകൂടുകയും ചെയ്തതോടെയാണ് ഇത്തരം വാഹനങ്ങൾക്ക് ബ്രേക്കിടാൻ പൊലീസ് മേധാവിതന്നെ ‘റോഡിലിറങ്ങി’യത്. സീറ്റ് ബെൽറ്റും ഹെൽമറ്റും ധരിക്കാതിരിക്കൽ, ട്രാഫിക് സിഗ്നലുകൾ അവഗണിക്കൽ തുടങ്ങിയവയാണ് ഗതാഗത നിയമലംഘനങ്ങളിലെ ‘പൊലീസ് മുറ’.
സർക്കാർ വാഹനങ്ങൾ നിയമം ലംഘിച്ചാലുള്ള പിഴ അതത് ഉദ്യോഗസ്ഥൻതന്നെ സ്വന്തം കീശയിൽ നിന്നെടുത്ത് അടക്കണമെന്നാണ് നിയമം. എന്നാൽ, ഇതു നടപ്പാകാറില്ല. മോട്ടോർ വാഹന വകുപ്പിൽനിന്ന് ഇതുസംബന്ധിച്ച് അറിയിപ്പുകൾ വരുന്നതല്ലാതെ ആരും ഗൗനിക്കുന്നില്ലെന്ന് ഉദ്യാഗസ്ഥർതന്നെ പറയുന്നു. ഇത്തരത്തിൽ പിഴ അടക്കാത്തവരുടെ വിവരം 15 ദിവസത്തിനുള്ളിൽ പൊലീസ് ആസ്ഥാനത്ത് അറിയിക്കാനാണ് പുതിയ ഉത്തരവിൽ പൊലീസ് മേധാവി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുവരെ യൂനിറ്റിൽ ലഭിച്ചതും പിഴ ഒടുക്കിയിട്ടില്ലാത്തതുമായ വാഹനങ്ങളുടെ എല്ലാ ഇ-ചലാനുകളും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അയച്ചുകൊടുക്കാനും പിഴ അടക്കാനുമാണ് നിർദേശം. ഇനിമുതൽ ഓരോ മാസത്തെയും വിവരങ്ങൾ പൊലീസ് ആസ്ഥാനത്ത് അറിയിക്കണമെന്നും ഉത്തരവിലുണ്ട്.
വാഹനം ഓടിക്കുമ്പോഴുള്ള മാർഗനിർദേശങ്ങളൊന്നും പൊലീസ് വാഹനങ്ങൾ ഉപയോഗിക്കുന്ന ഉദ്യോഗസ്ഥൻ പാലിക്കുന്നിെല്ലന്നാണ് ചലാനുകളുടെ എണ്ണത്തിലെ വർധന കാണിക്കുന്നത്. നിയമലംഘനങ്ങൾക്കെതിരെ യൂനിറ്റ് മേധാവികൾ ശ്രദ്ധിക്കണമെന്നും ഗതാഗത നിയമങ്ങൾ പൂർണമായി പാലിക്കാൻ കർശനനിർദേശം നൽകണമെന്നും പൊലീസ് മേധാവി നിർദേശിച്ചിട്ടുണ്ട്. കർശന മാർഗനിർദേശങ്ങൾ നൽകിയിട്ടും നിയമം നടപ്പിൽ വരുത്തേണ്ട ഉദ്യോഗസ്ഥർതന്നെ നിയമലംഘനം നടത്തുന്നത് അംഗീകരിക്കാൻ കഴിയിെല്ലന്നും അതു പൊതുസമൂഹത്തിൽ പൊലീസിന്റെ പ്രതിച്ഛായക്ക് കളങ്കം ഉണ്ടാക്കുന്നെന്നും പൊലീസ് മേധാവിക്കുവേണ്ടി ഇറക്കിയ ഉത്തരവിൽ എ.ഡി.ജി.പിയും മുൻ ട്രാൻസ്പോർട്ട് കമീഷണറുമായിരുന്ന എസ്. ശ്രീജിത്ത് സൂചിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.