ഒമ്പതംഗ കുടുംബം അർധരാത്രി വനപാതയിൽ കുടുങ്ങി; സഹായവുമായി ട്രാഫിക് പൊലീസ്
text_fieldsസുൽത്താൻ ബത്തേരി: കടുവയും കാട്ടാനയുമുള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ വിഹരിക്കുന്ന കാനനപാതയിൽ കുട്ടികളടക്കമുള്ള ഒമ്പതംഗ കുടുംബം സഞ്ചരിച്ച വാഹനം അർധരാത്രി കേടായി. തലശ്ശേരി സ്വദേശിയായ നംഷിലും കുടുംബവുമാണ് ഊട്ടിയില്‍ പോയി തിരിച്ചുവരുന്നതിനിടെ കാനന പാതയില്‍ കുടുങ്ങിയത്.
ബത്തേരി-ഊട്ടി അന്തര്‍സംസ്ഥാനപാതയിലെ വനമേഖലയിലൂടെ കടന്നുപോകുന്ന മുണ്ടക്കൊല്ലി ഭാഗത്ത് രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. ഒടുവിൽ, പട്രോളിംഗിന്റെ ഭാഗമായി സ്ഥലത്തെത്തിയ ബത്തേരി സ്റ്റേഷനിലെ ട്രാഫിക് പൊലീസ് സംഘമാണ് കുടുംബത്തിന് തുണയായത്.
അതുവഴി കടന്നുപോയ പലരോടും കുടുംബം സഹായം അഭ്യഥിച്ചെങ്കിലും വന്യമൃഗങ്ങളെ ഭയന്ന് ആരും വണ്ടി നിര്‍ത്തിയിരുന്നില്ല. നിരവധി തവണ കാട്ടാനയും മറ്റും വാഹനത്തിന് സമീപത്തുകൂടെ കടന്നുപോയതോടെ ഭയന്നുവിറച്ച കുടുംബം കാറില്‍ തന്നെ കഴിഞ്ഞു. ഇതിനുപിന്നാലെയാണ് ട്രാഫിക് പൊലീസ് വാഹനം സ്ഥലത്തെത്തിയത്.
വാഹനം കേടായതും മറ്റുവാഹനങ്ങള്‍ നിര്‍ത്താതെ പോയതും അറിഞ്ഞതോടെ പൊലീസ് വാഹനത്തില്‍ സുരക്ഷിത സ്ഥാനത്ത് എത്തിക്കാമെന്ന് അറിയിച്ചെങ്കിലും വാഹനം വഴിയില്‍ ഇട്ട് പോകാനുള്ള പ്രയാസം കുടുംബം ചൂണ്ടിക്കാണിച്ചു. ഇതോടെ നീണ്ട രണ്ട് മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ ട്രാഫിക് പൊലീസുകാര്‍ വാഹനം നന്നാക്കിക്കൊടുത്തു. പൊലീസ് വാഹനത്തിന്റെ ലൈറ്റുകളെല്ലാം തെളിച്ച് വന്യമൃഗങ്ങള്‍ വരുന്നുണ്ടോയെന്ന് നിരീക്ഷിച്ചാണ് വാഹനം നന്നാക്കിയത്.
ഇതോടെ കുടുംബം ആശ്വാസത്തോടെ നാട്ടിലേക്ക് യാത്ര തിരിച്ചു. കാനന പാതയില്‍ രക്ഷകരായ പൊലീസിന് നന്ദി അറിയിച്ച് നംഷിലിന്റെ കുടുംബമാണ് വിവരം പുറത്തുവിട്ടത്. എസ്.ഐ പി.ആര്‍. വിജയന്‍, ഡ്രൈവര്‍ എസ്.പി.ഒ സുരേഷ് കുമാര്‍, സി.പി.ഒ നിജോ എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.