വാഗമണ്‍ റോഡില്‍ ഗതാഗതം പുനഃസ്ഥാപിച്ചു
text_fieldsകോട്ടയം: മണ്ണിടിച്ചിലിനെ തുടര്‍ന്ന് വാഗമണ്‍ റോഡില്‍ തടസ്സപ്പെട്ട ഗതാഗതം പുനഃസ്ഥാപിച്ചു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് വാഹനങ്ങള്‍ കടത്തിവിടാനായത്. ജില്ല കലക്ടര്‍ വി. വിഘ്നേശ്വരി, പാലാ ഡി.വൈ.എസ്പി അടക്കം അധികൃതരും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
വഴി തടസ്സപ്പെട്ടതിനെ തുടര്‍ന്ന് കെ.എസ്.ആര്‍ടി.സി ബസ് അടക്കം നിരവധി വാഹനങ്ങളാണ് വഴിയില്‍ കുടുങ്ങിയത്. വിദ്യാർഥികളടക്കം വാഹനങ്ങളില്‍ കുടുങ്ങി. ഇരുവശത്തുനിന്നും കൂടുതല്‍ വാഹനങ്ങളെ കടത്തിവിടാതെ ക്രമീകരിച്ച് വഴിയിലെ തടസങ്ങള്‍ നീക്കി രാത്രി ഏഴരയോടെയാണ് വാഹനങ്ങള്‍ കടന്നുപോയത്.
കോട്ടയത്തെ മലയോരമേഖലയിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും
ഈരാറ്റുപേട്ട (കോട്ടയം): ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ വ്യാഴാഴ്ച വൈകീട്ട് മുതൽ പെയ്ത ശക്തമായ മഴയിൽ മണ്ണിടിച്ചിലും ഉരുൾ പൊട്ടലും. ആളപായമില്ലെന്നാണ് വിവരം. പെട്ടെന്നുണ്ടായ മഴയില്‍ തീക്കോയി പഞ്ചായത്തിലെ രണ്ട് ഇടങ്ങളില്‍ ഉരുള്‍പൊട്ടി. ഒഴുകിയെത്തിയ വെള്ളം മൂലം മീനച്ചിലാർ കര കവിഞ്ഞ് ഒഴുകി. കൈവഴികളിലും ശക്തമായ വെള്ളമൊഴുക്കുണ്ടായി. പലയിടത്തും ജലനിരപ്പ് കാര്യമായി ഉയർന്നിട്ടുണ്ട്. റബർഷീറ്റ് പുരയുൾപ്പെടെ ഒഴുകിപ്പോയി.
ശക്തമായ മഴയെത്തുടർന്ന് തീക്കോയി, തലനാട്, അടുക്കം, ചാമപാറ, മംഗളഗിരി ഭാഗങ്ങളിലെ മുപ്പതിലധികം വീടുകളിൽ വെള്ളം കയറി. തലനാട് പഞ്ചായത്തിലെ അടുക്കത്ത് വെള്ളാനിയിൽ ഉരുൾപൊട്ടി വ്യാപക കൃഷിനാശമുണ്ടായി. ഒറ്റയീട്ടിക്ക് സമീപം കാർ വെള്ളപ്പാച്ചിലിൽപെട്ടെങ്കിലും അപകടമില്ല. വീണ്ടും ഉരുൾപൊട്ടുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലയിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് ജില്ല കലക്ടർ വി. വിഘ്നേശ്വരി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.