അപകടമില്ലാത്ത നിരത്തുകൾക്കായി ഷാനവാസിന്റെ ജീവിതയാത്ര
text_fieldsഇരവിപുരം: ഗതാഗത നിയമങ്ങളുടെ ചട്ടക്കൂട്ടിനെ പറ്റിയാണ് ഷാനവാസെന്ന പൊലീസ് സബ് ഇൻസ്പെക്ടറുടെ ‘വാക്കും, പ്രവൃത്തിയും’. നിരത്തുകൾ അപകടരഹിതമാകുന്ന നാടിനായി ഓരോ ദിനവും വാഹന യാത്ര ബോധവത്കരണത്തിന്റെ പിന്നാലെ പായുകയാണ് ഈ 53കാരൻ. കൊല്ലം സിറ്റി സ്പെഷൽ ബ്രാഞ്ചിലെ എസ്.ഐയായ വാളത്തുംഗൽ തെയ്യംസ് വീട്ടിൽ ഷാനവാസിന് വാഹനാപകടം എന്ന വാക്ക് കർമപഥ നിഘണ്ടുവിൽ ചേർക്കുവാൻ താൽപര്യമില്ല. ജില്ലയിലെ വാഹനാപകട നിരക്ക് കുറക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്കിന്റെ തെളിവുകളാണ് വീട്ടിൽ നിറഞ്ഞിരിക്കുന്ന പുരസ്കാരങ്ങളുടെ ശേഖരം. സംസ്ഥാനത്ത് റോഡപകടങ്ങൾ കുറക്കുന്നതിനായി സർക്കാർ ആവിഷ്കരിച്ച ‘ശുഭയാത്ര’ പദ്ധതിയുടെ ഭാഗമായി 2014 മുതൽ ക്ലാസുകൾ എടുക്കുന്നയാളാണ് ഷാനവാസ്.
പി. പ്രകാശ് കൊല്ലം സിറ്റി കമീഷണറായിരിക്കെയാണ് ഷാനവാസിനെ ചുമതല ഏൽപ്പിച്ചത്. തുടക്കത്തിൽ ഗതാഗത നിയമലംഘനം നടത്തുന്നവർക്കായിരുന്നു ക്ലാസ്. ക്ലാസുകൾ ക്ലിക്കായതോടെ കുടുബശ്രീ പ്രവർത്തകർ, സ്കൂൾ -കോളജ് വിദ്യാർഥികൾ, പൊലീസ് ഉദ്യോഗസ്ഥർ, ക്ലബുകൾ, സന്നദ്ധ സംഘടനകൾ എന്നിവരിലേക്ക് വ്യാപിപ്പിച്ചു. ബോധവത്കരണ ക്ലാസിൽ പങ്കെടുത്ത ഒരു ഡ്രൈവർ പിന്നീട് ഒരിക്കലും നിയമ ലംഘനത്തിന് മുതിരില്ല. കേരളത്തിന്റെ വിവിധയിടങ്ങളിലായി മൂവായിരത്തോളം ക്ലാസുകൾ എടുത്തു.
കൗമാരക്കാർക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് വിക്ടേഴ്സ് ചാനലിലൂടെ ബുധനാഴ്ചകളിൽ രാത്രി ഏഴിന് അവതരിപ്പിക്കുന്ന ‘ഗ്രീൻ സിഗ്നൽ’ റോഡ് സുരക്ഷ പരിപാടി അവതരിപ്പിക്കുന്നതും അദ്ദേഹമാണ്. റോഡുകളിൽ പാലിക്കേണ്ട മര്യാദകളും റോഡ് നിയമത്തിന്റെ ശാസ്ത്രീയതയെ പറ്റിയുമാണ് ഇതിൽ പ്രതിപാദിക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ് കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെ സഹകരണത്തോടെ വിദ്യാർഥികൾക്കുവേണ്ടി തയാറാക്കിയ ‘സുരക്ഷിത യാത്ര’ പാഠപുസ്തക നിർമിതിയിലും പങ്കാളിയായി. ഇതിന് കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെ എക്സിക്യുട്ടിവ് ഡയറക്ടറുടെ പ്രശംസാപത്രവും ലഭിച്ചു. സംസ്ഥാന സർക്കാറിനും പൊലീസിനും വേണ്ടി സ്റ്റോപ്പ്, ജാഗ്രത, സഞ്ചാരം എന്നീ മൂന്ന് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൊലീസിന്റെ ‘റോഡ് സുരക്ഷ ജീവന്റെ രക്ഷ’ ടെലിഫിലിം നിർമിതിയിലും പങ്കാളിയായി. ജില്ല ഡിസാസ്റ്റർ മാനേജ്മെന്റ് കർമ സേനയുടെ ഫാക്കൽറ്റിയായും പ്രവർത്തിക്കുന്നു. 2008, 2017 എന്നീ വർഷങ്ങളിൽ കൊല്ലത്തെ പത്ര ഫോട്ടോഗ്രാഫർമാർ പകർത്തിയ റോഡപകടങ്ങളുടെ ചിത്രങ്ങൾ വെച്ച് ‘ജാഗ്രത ജീവന്റെ സുരക്ഷക്കായി ഒരു നേർ ക്കാഴ്ച’ എന്ന ഗതാഗത ബോധവത്കരണ ഫോട്ടോ എക്സിബിഷൻ സംഘടിപ്പിച്ചു. കൊല്ലം ബൈപാസ് തുറന്നതിന് ശേഷം അപകടം സ്ഥിരമായത് കുറക്കാൻ ബൈപാസ് ജാഗ്രത സമിതിയുമായി ചേർന്ന് മേഖലയിൽ വിവിധയിടങ്ങളിൽ ബോധവത്കരണ പരിപാടി നടത്തി.
സംസ്ഥാന സർക്കാർ ആദ്യമായി ട്രാഫിക് മാനേജ്മെന്റിന് ഏർപ്പെടുത്തിയ പൊലീസ് മേധാവിയുടെ 2017ലെ ബാഡ്ജ് ഓഫ് ഓണർ അവാർഡും 2018ൽ ജില്ല ഭരണകൂടത്തിന്റെ ഗതാഗത മേഖലയിലെ ശ്രേഷ്ഠ സേവന പുരസ്കാരവും ലഭിച്ചിട്ടുണ്ട്. റോട്ടറി ക്ലബ് സംസ്ഥാന തലത്തിൽ നൽകിയ വൊക്കേഷനൽ എക്സലൻസ് അവാർഡ്, പ്രഫഷനൽ എക്സലൻസ് അവാർഡ് എന്നിവ മൂന്നു പ്രാവശ്യം ലഭിച്ചു.
വിവിധ സർക്കാർ ഏജൻസികളുടെ അമ്പതിലധികം പുരസ്കാരങ്ങളും തേടിയെത്തി. ഭാര്യ മുബീനയും, വിദ്യാർഥികളായ മക്കൾ അഹിനും അഹദും അപകടരഹിത നാളെക്കായുള്ള ബോധവത്കരണ പ്രവർത്തനങ്ങളിൽ പിന്തുണയുമായി ഒപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.